Kerala News
മലപ്പുറത്ത് നിന്ന് ഒരു ക്രിസ്ത്യന്‍ എം.എല്‍.എയുണ്ടായിട്ടില്ലെന്ന ജയശങ്കറിന്റെ വാദം തെറ്റ്; എ.കെ. ആന്റണിയാണ് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Tuesday, 14th January 2025, 9:43 pm

കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇതുവരെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ഒരു എം.എല്‍.എ ഉണ്ടായിട്ടില്ലെന്ന രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കറിന്റെ പരാമര്‍ശം തെറ്റ്. 1995ല്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് എ.കെ. ആന്റണി മുഖ്യമന്ത്രിയായത് എന്ന വസ്തുത നിലനില്‍ക്കെയണ് അഡ്വ. ജയശങ്കര്‍ ഇത്തരത്തിലുള്ള ഒരു തെറ്റായ പ്ര്സാവന നടത്തിയത്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു അഡ്വ. ജയശങ്കറിന്റെ ഈ തെറ്റായ പ്രസ്താവന. പ്രസ്താവന ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിവിധ കോണുകളില്‍ നിന്നും ഇതിന് മറുപടികളും ഉയരുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന പഴയ തിരൂരങ്ങാടിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് എം.എല്‍.എയും മുഖ്യമന്ത്രിയുമായത്. 1995ലെ ഉപതെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ മത്സരിച്ച എ.കെ. ആന്റണി വലിയ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലെത്തിയത്.

മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭാ അംഗമല്ലാതിരുന്നതിനാല്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്തിയ എ.കെ. ആന്റണി 1996 വരെ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. രാജ്യസഭയില്‍ അംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ നേതാവാണ് എ.കെ. ആന്റണി. മറ്റൊരാള്‍ സി. അച്യുതമേനോന്‍ ആണ്.

എന്നാല്‍ ‘മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ ഇന്ന് വരെ ഒരു ക്രിസ്ത്യന്‍ എം.എല്‍.എ പോലുമുണ്ടായിട്ടില്ല. 1969ല്‍ ഈ ജില്ല രൂപീകരിച്ചത് മുതല്‍ ഈ 2025 വരെ ഈ ജില്ലയില്‍ ഒരു ക്രിസ്ത്യന്‍ എം.എല്‍.എ ഉണ്ടായിട്ടില്ല,’ എന്നായിരുന്നു അഡ്വ. ജയശങ്കറിന്റെ പരാമര്‍ശം. ഏഷ്യാനെറ്റ് ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ പരാമര്‍ശം നടത്തിയത്.

തിരുവമ്പാടി, പേരാവൂര്‍, ഇരിക്കൂര്‍ എന്നീ മണ്ഡലങ്ങളില്‍ എങ്ങനെയാണ് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്നത്. കുടിയേറ്റ ക്രിസ്ത്യാനികളുടെ വോട്ട് കൊണ്ടാണ്. ആര്യാടനെ ജയിപ്പിച്ചതും ഈ വോട്ടുകളാണ്.

വണ്ടൂരിലും നിലമ്പൂരിലും അതുണ്ട്. വണ്ടൂര്‍ പട്ടികജാതി സംവരണ മണ്ഡലമാണ്. നിലമ്പൂര്‍ ജനറല്‍ സീറ്റാണ്. ഇത് എം.എല്‍.എ സ്ഥാനം രാജിവച്ചതിന് പിന്നാലെ പി.വി. അന്‍വര്‍ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച വി. ജോയിക്ക് ഗുണകരമാകുമെന്നാണ് ജയശങ്കര്‍ പറഞ്ഞത്.

ഇതിന് മറുപടിയായാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരൂരങ്ങാടിയിലെ എ.കെ. ആന്റണിയുടെ വിജയത്തെ ചൂണ്ടിക്കാട്ടുന്നത്.

ആന്റണിയെ ഒരു ക്രിസ്ത്യന്‍ എം.എല്‍.എ എന്ന് വിളിക്കുന്നത് വലിയ പാതകമാണെന്നറിയാം, പക്ഷേ തലക്കകത്ത് മുഴുവന്‍ ജാതിമത കണക്കുകളുടെ വിഷം നിറഞ്ഞുനില്‍ക്കുന്ന ഈ ശങ്കരന് മറുപടി കൊടുക്കുമ്പോള്‍ ആ പാതകവും ചെയ്യേണ്ടി വരികയാണെന്ന് ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബഷീര്‍ വള്ളിക്കുന്നിന്റെ പ്രതികരണം.

‘എന്റെ വീട് പഴയ തിരൂരങ്ങാടി മണ്ഡലത്തിലാണ്, ഇപ്പോള്‍ വള്ളിക്കുന്ന് മണ്ഡലം. 1995ലെ ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി എ.കെ. ആന്റണിയായിരുന്നു. അദ്ദേഹത്തിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതും പ്രസംഗിച്ചതുമൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്.

വലിയ ഭൂരിപക്ഷത്തിന് ആന്റണി തിരൂരങ്ങാടിയില്‍ നിന്ന് ജയിച്ചു എം.എല്‍.എയായി, മുഖ്യമന്ത്രിയായി. ലീഗിന്റെ സിറ്റിങ് സീറ്റില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായി എന്നര്‍ത്ഥം,’ എന്നാണ് ബഷീര്‍ വള്ളിക്കുന്ന് കുറിച്ചത്.

സകലമാന വിഷയത്തിലും അഭിപ്രായം പറയുന്ന ഫസല്‍ ഗഫൂര്‍ പോലും പരാമര്‍ശം തിരുത്താന്‍ തയ്യാറായില്ല എന്ന് അമീന്‍ തരോള എന്ന വ്യക്തി പ്രതികരിച്ചു. കോട്ടയം ജില്ലയില്‍ നിന്ന് ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നോ എന്ന് ഈ സംഘിയോട് ചോദിക്കാന്‍ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് നാസര്‍ ചാലാടും പ്രതികരിച്ചു.

Content Highlight: Jayashankar’s claim that there has never been a Christian MLA from Malappuram is wrong; AK Antony is the answer