ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്റെ തിളക്കത്തില്‍ കൊല്ലം സിറ്റി പൊലീസ്; നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും പൊലീസ് ഓഫീസ്
Kerala Police
ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്റെ തിളക്കത്തില്‍ കൊല്ലം സിറ്റി പൊലീസ്; നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും പൊലീസ് ഓഫീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2018, 5:08 pm

തിരുവനന്തപുരം: ഐ.എസ്.ഒ: 9001-2015 അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ ജില്ലാ പൊലീസ് ഓഫീസ് എന്ന നേട്ടം കൊല്ലം സിറ്റി പൊലീസിന്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പൊലീസ് ഓഫീസാണ് കൊല്ലം. സേവനാവകാശം, വിവരാവകാശം തുടങ്ങി പൊതുജനങ്ങള്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും ലഭിക്കേണ്ട സേവനങ്ങള്‍ മികവുറ്റ രീതിയില്‍ നല്‍കിവരുന്നതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസിന് ഈ അംഗീകാരം ലഭിച്ചത്.


Also Read: ‘ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല’; അര്‍ണാബിന്റെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജി വെച്ച് തന്നോട് മാപ്പ് പറയാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍


സംസ്ഥാന പൊലീസ് മേധാവിയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ അംഗീകാരം ലഭിച്ചതിലൂടെ കൊല്ലം സിറ്റി പൊലീസ്അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മറ്റ് പൊലീസ് ഓഫീസുകള്‍ക്ക് മാതൃകയായെന്നും അദ്ദേഹം പറയുന്നു. ജനമൈത്രി സുരക്ഷയുടെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷനുകളുടേയും അധികാരപരിധിയിലുള്ള എല്ലാ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണാര്‍ത്ഥം എന്നതിലുപരി പോലീസ്-പൊതുജനസമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൊല്ലം സിറ്റി പോലീസിന് കഴിഞ്ഞു.


Don”t Miss: ഏഴുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: പാകിസ്താനില്‍ പ്രതിഷേധം ശക്തം; ഞെട്ടിക്കുന്ന  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കൂടാതെ, കൊല്ലം സിറ്റി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടേയും കാരുണ്യ സഹായ സംഘടനയായ “സാന്ദ്രം” പദ്ധതിയും “നിര്‍ഭയ കേരള പദ്ധതി”യും കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ കൊല്ലം സിറ്റി പോലീസ് നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗികാരം കൂടിയാണ് നേട്ടമെന്നും ലോക്‌നാഥ് ബെഹ്‌റ പറയുന്നു. കേരളത്തിലെ മറ്റ് പൊലീസ് ഓഫീസുകളിലും ഈ മാതൃകയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരള പോലീസിന് ദേശീയ അംഗീകാരമായി കൊല്ലം സിറ്റി പോലീസിന് ISO സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ISO:9001-2015 അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തേയും ഇന്ത്യയില്‍ രണ്ടാമത്തേയും ജില്ലാ പോലീസ് ഓഫീസാണ് കൊല്ലം സിറ്റി.

സേവനാവകാശം, വിവരാവകാശം തുടങ്ങി പൊതുജനങ്ങള്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും ലഭിക്കേണ്ട സേവനങ്ങള്‍ വളരെ മികവുറ്റ രീതിയില്‍ നല്‍കിവരുന്നതിന്‍റെ അടിസ്ഥനത്തിലാണ് കൊല്ലം സിറ്റി പോലീസ് കാര്യാലയത്തിനെ ISO:9001-2015 സര്‍ട്ടിഫിക്കേഷനായി തിരഞ്ഞെടുത്തത്. ഇത്തരം അംഗീകാരം ലഭിക്കുന്നതിലൂടെ കൊല്ലം സിറ്റി പോലീസ് ഓഫീസ് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയരുകയും പൊതുജനങ്ങള്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതില്‍ മറ്റ് പോലീസ് കാര്യാലയങ്ങള്‍ക്ക് മാതൃകയാകുകയും ചെയ്യതു.

ജനമൈത്രി സുരക്ഷയുടെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷനുകളുടേയും അധികാരപരിധിയിലുള്ള എല്ലാ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണാര്‍ത്ഥം എന്നതിലുപരി പോലീസ്-പൊതുജനസമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൊല്ലം സിറ്റി പോലീസിന് കഴിഞ്ഞു. കൂടാതെ, കൊല്ലം സിറ്റി ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടേയും കാരുണ്യ സഹായ സംഘടനയായ “സാന്ദ്രം”പദ്ധതി, പൊതുസമൂഹത്തില്‍ സ്ത്രീകളില്‍ സുരക്ഷിതബോധം, സ്വാശ്രയത്വം, ഭയരഹിതമായ ഇടപെടല്‍ എന്നിവ ഉറപ്പുവരുത്തുന്നതിലേയ്ക്കായി നടപ്പാക്കുന്ന “നിര്‍ഭയ കേരള പദ്ധതി” എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ കൊല്ലം സിറ്റി പോലീസ് നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള അംഗികാരമായാണ് ISO: 9001 2015 സര്‍ട്ടിഫിക്കേഷന്‍.

കേരളത്തിലെ മറ്റ് പോലിസ് ഓഫീസുകളിലും ഈ മാതൃകയില്‍ ISO സര്‍ട്ടിഫിക്കേഷന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.