വയനാട്: ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഉത്തരവാദിത്തമാണ് ചോദ്യങ്ങള്‍ ചോദിക്കുകയെന്നും അത് ചെയ്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നതെന്നും പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാഹുല്‍ ഗാന്ധിയെ വരിവരിയായി വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ചലോ വയനാട് യാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
‘സ്വതന്ത്രമായ അഭിപ്രായ പ്രകടനം, ചര്‍ച്ച ചെയ്യാനുള്ള അവകാശം, ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം തുടങ്ങിയവ ഭരണകൂടം നമുക്ക് തരുന്ന അവകാശങ്ങളാണ്. പ്രധാനമന്ത്രി അടക്കമുള്ള മുഴുവന്‍ ഭരണകൂടവും വരിവരിയായി വന്ന് ഒരു മനുഷ്യനെ വേട്ടയാടുകയാണ്.
വയനാട്ടിലേക്കുള്ള തന്റെയും സഹോദരന്‍ രാഹുലിന്റെയും വരവ് ഏറെ വൈകാരികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ രാജ്യം ഒരു നിര്‍ണായക ഘട്ടത്തിലാണ്. എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചനയാണത്. ഏത് എതിര്‍ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.