ന്യൂദല്‍ഹി: ജീവിക്കാനുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് ദല്‍ഹി ഹൈക്കോടതി.
കൊവിഡ് രോഗിക്ക് ഐ.സി.യു ബെഡിന് വേണ്ടി ബന്ധുക്കള്‍ മൂന്ന് ദിവസമായി ശ്രമം തുടരുന്നതിനിടെ രോഗി മരിച്ചെന്ന വിവരം കിട്ടിയതിന് പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.
”ഞാന്‍ തോറ്റുപോയി, എന്റെ സഹോദരി ഭര്‍ത്താവ് മരിച്ചു. ഇനി ഒന്നും ചെയ്യേണ്ടതില്ല,” എന്ന് മരിച്ച ആളുടെ ബന്ധു കോടതിയില്‍ പറയുകയായിരുന്നു. എന്നാല്‍ തോറ്റത് താങ്കളല്ല, നമ്മളെല്ലാവരുമാണ് എന്നാണ് കോടതി പറഞ്ഞത്.
ആര്‍ട്ടിക്കിള്‍ 21 ല്‍ ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുന്ന കൊവിഡ് 19 കൈകാര്യം ചെയ്യുന്നതില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും കലര്‍ത്തരുതെന്ന് ദല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ദല്‍ഹി സര്‍ക്കാര്‍ സഹകരണത്തിന്റെ സമീപനം സ്വീകരിക്കണമെന്നും ഈ സമയത്ത് ഒരു രാഷ്ട്രീയ കലഹവും ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.