തിരുവനന്തപുരം: ക്രിസ്തുമസ് വിരുന്നിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണരുടെ രാജ്ഭവനിലെ വിരുന്നില്‍ പങ്കെടുക്കില്ല.
ഡിസംബര്‍ 14ന് രാജ്ഭവനില്‍ വെച്ച് നടക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്കാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാല്‍ ഈ വിരുന്നില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.
ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വിരുന്നിന് ക്ഷണിച്ചത് അനുനയ നീക്കത്തിന്റെ ഭാഗമായാണെന്നായിരുന്നു വിലയിരുത്തല്‍. പക്ഷേ സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നുവേണം ഈ ഒരു ക്ഷണം നിരസിക്കല്‍ നീക്കത്തിലൂടെ മനസിലാക്കാന്‍.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗവര്‍ണറുടെ രാജ്ഭവനിലെ ക്രിസിതുമസ് വിരുന്നില്‍ പങ്കെടുക്കില്ല. കഴിഞ്ഞ തവണ ക്രിസ്തുമസ് വിരുന്നിലേക്ക് മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്നെന്നതും ശ്രദ്ധേയമാണ്.