ബ്രിട്ടീഷ് രാജകുമാരനും ഡി കാപ്രിയോയും മുതല്‍ സെലീന ഗോമസ് വരെ; രാജാവിന്റെ കളികാണാനെത്തി ഹോളിവുഡ് താരനിര
Football
ബ്രിട്ടീഷ് രാജകുമാരനും ഡി കാപ്രിയോയും മുതല്‍ സെലീന ഗോമസ് വരെ; രാജാവിന്റെ കളികാണാനെത്തി ഹോളിവുഡ് താരനിര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th September 2023, 2:52 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെത്തിയതിന് ശേഷം ഇന്റര്‍ മയാമി അപരാജിത കുതിപ്പ് തുടരുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. എം.എല്‍.എസില്‍ നിലവിലെ ചാമ്പ്യന്മാരായ ലോസ് ഏഞ്ചലസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊണ്ടായിരുന്നു മയാമിയുടെ ജയം. മത്സരത്തില്‍ ഇരട്ട അസിസ്റ്റുകള്‍ നല്‍കി തിളങ്ങാന്‍ മെസിക്ക് സാധിച്ചിരുന്നു.

തിങ്കളാഴ്ച നടന്ന മത്സരം കാണാനെത്തിയ ഹോളിവുഡ് താരനിരയെ കണ്ട അന്ധാളിപ്പിലാണ് ആരാധകര്‍. ഇന്റര്‍ മയാമി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കളി കാണാനായി ബി.എം.ഒ സ്റ്റേഡിയത്തില്‍ ബ്രിട്ടീഷ് രാജകുടുംബമെത്തിയതും ആരാധക ശ്രദ്ധ പിടിച്ചുപറ്റി.

ഹാരി രാജകുമാരനും കുടുംബത്തിനും പുറമെ ഹോളിവുഡ് സിനിമ താരങ്ങളായ ലിയനാര്‍ഡോ ഡി കാപ്രിയോ, വില്‍ ഫെറല്‍, ടോം ഹോളണ്ട്, ടോബി മഗ്വയര്‍, ഓവന്‍ വില്‍സണ്‍, ജെറാര്‍ഡ് ബട്‌ലര്‍ തുടങ്ങിയവരും സംഗീതജ്ഞരായ ലിയാം ഗല്ലഗെര്‍, സെലീന ഗോമസ്, ടൈഗ, ബിറിയല്‍, നാസ് എന്നിവരും മെസിയുടെ കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

ലോസ് ഏഞ്ചലസിനെതിരായ വിജയത്തോടെ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ലെന്ന നേട്ടം സ്വന്തമാക്കാനും ഇന്റര്‍ മയാമിക്ക് സാധിച്ചു. ഇന്റര്‍ മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോര്‍ഡി ആല്‍ബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളുകള്‍ നേടിയത്. അതേസമയം റയാന്‍ ഹോളിങ്‌സ് ഹെഡിന്റെ വകയായിരുന്നു ലോസ് ഏഞ്ചലസിന്റെ ആശ്വാസ ഗോള്‍.

മത്സരത്തിന്റെ 14ാം മിനിട്ടില്‍ ഫകുണ്ടോ ഫാരിയസ് ആണ് ഇന്റര്‍ മയാമിക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ഇന്റര്‍ മയാമിക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലെ 51ാം മിനിട്ടില്‍ മെസിയുടെ മനോഹര പാസ് സ്വീകരിച്ച ജോര്‍ഡി ആല്‍ബ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 83ാം മിനിട്ടില്‍ മെസിയുടെ പാസില്‍ നിന്നും പന്ത് സ്വീകരിച്ച കംപാന മൂന്നാം ഗോള്‍ നേടി. 90ാം മിനുട്ടിലായിരുന്നു ലോസ് ഏഞ്ചലസിന്റെ ആശ്വാസ ഗോള്‍ പിറന്നത്.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ നാഷ്വില്ലിനെതിരെ ഇന്റര്‍ മയാമി സമനില വഴങ്ങിയിരുന്നു. എന്നാല്‍ ലോസ് ഏഞ്ചലസ് എഫ്.സിക്കെതിരെയുള്ള ഈ തകര്‍പ്പന്‍ ജയമത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്റര്‍ മയാമി. നിലവില്‍ ഏഴ് ജയവും നാല് സമനിലയും 14 തോല്‍വിയുമായി ലീഗില്‍ 14ാം സ്ഥാനത്താണ് ടീം ഉള്ളത്.

Content Highlights: Stars turn out as Messi helps Inter Miami beat