Star Movie Review| സ്റ്റാര്‍, പാളിപ്പോയ ഒരു നല്ല ശ്രമം
Film Review
Star Movie Review| സ്റ്റാര്‍, പാളിപ്പോയ ഒരു നല്ല ശ്രമം
അന്ന കീർത്തി ജോർജ്
Monday, 1st November 2021, 12:37 pm

കൊവിഡിനെ തുടര്‍ന്നുണ്ടായ രണ്ടാം ലോക്ഡൗണിന് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുന്ന ആദ്യ മലയാള ചിത്രമാണ് സ്റ്റാര്‍. മിസ്റ്ററി/മിത്തിക്കല്‍/ഹൊറര്‍ എന്ന ഴോണറില്‍ നിന്നുകൊണ്ട് വളരെ പ്രാധാന്യമുള്ള, തീര്‍ച്ചയായും നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തെ അവതരിപ്പിക്കാനാണ് സിനിമ ശ്രമിച്ചിരിക്കുന്നത്.

മികച്ച ഒരു വിഷയവും, അത്യാവശ്യം കൊള്ളാമെന്ന് തോന്നിപ്പിക്കുന്ന കഥാതന്തുവുമുണ്ടായിട്ടും തിരക്കഥയിലും സംവിധാനത്തിലും വന്ന തുടര്‍ച്ചയായ പാളിച്ചകള്‍ മൂലം മോശം നിലവാരത്തിലേക്ക് സ്റ്റാര്‍ താഴ്ന്നുപോകുകയാണ്.

ഈ പാളിച്ചകളിലേക്ക് കടക്കും മുന്‍പ് സിനിമയുടെ ചില പ്ലസ് പോയിന്റുകളെ കുറിച്ച് പറയാം. സിനിമയിലെന്നല്ല, സമൂഹത്തില്‍ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടാത്ത എന്നാല്‍ അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ് സ്റ്റാര്‍ പ്രമേയമാക്കിയിരിക്കുന്നത്. കാണുന്നവരില്‍ മിക്കവാറും പേര്‍ക്കും അധികമൊന്നും അറിവില്ലാത്ത ഈ വിഷയത്തിന്റെ വിവിധ വശങ്ങള്‍ പ്രേക്ഷകനിലേക്കെത്തിക്കാന്‍ സിനിമ നടത്തിയ ശ്രമം തീര്‍ച്ചയായും നല്ലതാണ്. (മിസ്റ്ററി മോഡിലുള്ള ഒരു സിനിമയായതുകൊണ്ടും സ്റ്റാറിന്റെ കഥ പറച്ചില്‍ രീതിയനുസരിച്ച് പ്രമേയത്തെ കുറിച്ച് പറയുന്നത് വലിയ സ്‌പോയിലറാകുമെന്നതു കൊണ്ടും ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് അധികം പറയുന്നില്ല)

ജോജു ജോര്‍ജിന്റെ പെര്‍ഫോമന്‍സാണ് അടുത്ത ഘടകം. സിനിമ കാണാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന, സഹായിക്കുന്ന പ്രധാന ഘടകം ജോജു ജോര്‍ജാണ്. കഥാപാത്രത്തിന് വലിയ വളര്‍ച്ചയോ മാറ്റങ്ങളോ അവകാശപ്പെടാനില്ലെങ്കിലും താന്‍ വരുന്ന ഓരോ രംഗവും മികച്ച ഡയലോഗ് ഡെലിവറി കൊണ്ടും സൂക്ഷമമായ ചില ഭാവങ്ങള്‍ക്കൊണ്ടും ജോജു ഗംഭീരമാക്കുന്നുണ്ട്. സിനിമ എത്ര മോശമായാലും ചില അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കണ്ടിരിക്കാമെന്ന് തോന്നുമല്ലോ, അതാണ് സ്റ്റാറിലെ ജോജു ജോര്‍ജ് അവതരിപ്പിച്ച റോയിയെ കണ്ടപ്പോള്‍ തോന്നിയത്. ചിത്രത്തില്‍ കുട്ടികളായി എത്തിയവരുടെ പ്രകടനവും പലയിടത്തും സിനിമയെ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

സിനിമയില്‍ കടന്നുവരുന്ന ചില ബന്ധങ്ങളിലാണ് പിന്നീട് ഒരു പുതുമ തോന്നിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോയ്, ആര്‍ദ്ര എന്നിവര്‍ വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണ്. ഇവര്‍ പ്രണയിച്ച് വിവാഹിതരാകുന്നു. ആചാരാനുഷ്ഠാനുങ്ങളെല്ലാം ആഴത്തില്‍ പാലിക്കുന്ന ഒരു കുടുംബത്തില്‍ നിന്നും വരുന്ന ആര്‍ദ്രയും മതത്തിലും ദൈവത്തിലും വലിയ വിശ്വാസമില്ലാത്ത റോയിയും തമ്മിലുള്ള ബന്ധത്തില്‍ ഇരുധ്രുവങ്ങളിലായി നില്‍ക്കുന്ന ഇരുവരുടെയും വിശ്വാസം യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. രണ്ട് പേരും തങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നു. റോയിയെ നസ്രാണി എന്ന് വിളിക്കുകയും ഇടക്ക് ചില വിഷമം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആര്‍ദ്രയുടെ കുടുംബം റോയിയെയും മക്കളെയും സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്.

ചേട്ടനും ഭാര്യയും അപകടത്തില്‍ മരിച്ച ശേഷം അവരുടെ മകളായ ആമിയെ റോയിയും ആര്‍ദ്രയും തങ്ങളുടെ മൂത്ത മകളായി സ്വീകരിക്കുകയാണ്. വളരെ ഊഷ്മളമായ ബന്ധമാണ് ആമിയും ഇവരും തമ്മിലുള്ളത്. ആര്‍ദ്രയും ആമിയും തമ്മിലുള്ള അമ്മ-മകള്‍ ബന്ധവും അതിലെ അടുപ്പവും പരസ്പരമുള്ള മനസിലാക്കലുകളും സിനിമ സുന്ദരമായി കാണിക്കുന്നുണ്ട്. ആമിക്ക് ആര്‍ദ്രയുടെ വീട്ടില്‍ ലഭിക്കുന്ന സ്വീകാര്യതയും പുതുമയുള്ള കാഴ്ചയായിരുന്നു.

ചിത്രത്തില്‍ ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിച്ചിട്ടുള്ള ഒരു ഘടകം ലിവ് ഇന്‍ റിലേഷിപ്പാണ്. പരസ്പരം മനസിലാക്കുകയും താങ്ങാവുകയും ചെയ്യുന്നവരായാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന വ്യക്തികളെ സിനിമ ചിത്രീകരിക്കുന്നത്. അപ്പുറത്ത് വിവാഹം കഴിഞ്ഞ് 20 വര്‍ഷം പിന്നിട്ട ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസിലാക്കാന്‍ കഷ്ടപ്പെടുമ്പോഴാണ് ലിവ് ഇന്‍ റിലേഷിപ്പിലെ തുറന്നുപറച്ചിലുകളും അടുപ്പവും ചിത്രത്തില്‍ കടന്നുവരുന്നത്. ഇതു കൂടാതെ സ്‌കൂള്‍ കാലത്തെ ഇഷ്ടവും തുറന്നുപറച്ചിലും ഒരൊറ്റ സീനിലൂടെ സിനിമയിലുണ്ട്.

ഇനി, ചിത്രത്തിന്റെ ആസ്വാദനം ബുദ്ധിമുട്ടിലാക്കിയെന്ന് തോന്നിയ കുറച്ച് കാര്യങ്ങളെ കുറിച്ച് പറയാം. സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം പ്രേക്ഷകനിലേക്ക് എത്തുന്നില്ല എന്നതു തന്നെയാണ് ആദ്യ കാര്യം. ഒരു ചിത്രത്തിന്റെ അവസാന ഭാഗത്ത് ആ സിനിമയുടെ ആശയവും ലക്ഷ്യവുമൊക്കെ അഞ്ച് മിനിറ്റില്‍ വിശദീകരിക്കുകയോ നിലപാടെടുക്കുകയോ ചെയ്തതുകൊണ്ട് മാത്രം പ്രമേയത്തോട് നീതി പുലര്‍ത്തി എന്നു പറയാന്‍ സാധിക്കില്ല. ഈ വിശദീകരണത്തിന് വേണ്ടി ഒരു അതിഥി കഥാപാത്രത്തെ കൊണ്ടുവരുന്നത് അതിലും ബോറാണ്.

മാത്രമല്ല, സിനിമയില്‍ ഹൊററിനും ഫാന്റസി എലമെന്റുകള്‍ക്കും നല്‍കിയിരിക്കുന്ന സമയവും അതിനുവേണ്ടി യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ കടന്നുപോകുന്ന അവസ്ഥകളെ ചിത്രീകരിച്ചിരിക്കുന്ന രീതിയും സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ പ്രധാന്യം ചോര്‍ത്തിക്കളയുകയാണ്.

ആര്‍ദ്ര എന്ന യൗവനം പിന്നിട്ട ഒരു കോളേജ് പ്രൊഫസര്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ഈ കേന്ദ്ര കഥാപാത്രത്തിന് പോലും കഥാപാത്രനിര്‍മ്മിതിയില്‍ ഏതെങ്കിലും തരത്തിലുള്ള ഉയര്‍ച്ച താഴ്ചകളോ മാറ്റങ്ങളോ സ്റ്റാറില്‍ സംഭവിക്കുന്നില്ല. കടുത്ത ശാരീരിക- മാനസിക ബുദ്ധിമുട്ടുകളിലൂടെയും പലതരം ആത്മസംഘര്‍ഷങ്ങളിലൂടെയുമാണ് ആര്‍ദ്ര കടന്നുപോകുന്നതെന്ന് സിനിമയുടെ അവസാനം പറഞ്ഞുവെക്കുന്നുണ്ടെങ്കിലും ആ കഥാപാത്രത്തില്‍ നിന്നോ ഷീലു എബ്രഹാമിന്റെ പ്രകടനത്തില്‍ നിന്നോ അത്തരം സങ്കീര്‍ണതയൊന്നും പ്രേക്ഷകനിലേക്ക് എത്തുന്നില്ല. ചിത്രത്തിന്റെ ആദ്യാവസാനത്തിലും ഫ്‌ളാഷ് ബാക്കിലും വരെ ഏകദേശം ഒരേ രീതിയിലുള്ള ഭാവപ്രകടനമാണ് കഥാപാത്രത്തില്‍ നിറയുന്നത്.

സിനിമ മുഴുവന്‍ പാളിപ്പോകുന്നത് ഇടവേളക്ക് ശേഷം വരുന്ന ആര്‍ദ്രയുടെ വീടും വലിയ കാവും കടന്നുവരുന്ന രംഗങ്ങളിലാണ്. ആ ഭാഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ സിനിമ കൊള്ളാവുന്ന നിലവാരത്തിലേക്ക് ഉയരുമായിരുന്നു. ഈ തറവാട്ടുവീട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍, ആചാരങ്ങള്‍, അവിടെയുള്ള ആളുകളുടെ വസ്ത്രധാരണം, വ്യത്യസ്തമായ സംസാരരീതി – ഇതൊക്കെ എന്താണ്, എന്തിനാണ് എന്നൊരു തോന്നലാണ് കാണുന്ന പ്രേക്ഷകനിലുണ്ടാക്കുന്നത്.

ഈ ഭാഗത്ത് പ്രേക്ഷകനില്‍ പേടിയുണര്‍ത്താനായി ചെയ്യുന്ന പല കാര്യങ്ങളും പൊട്ടിച്ചിരിയാണുണ്ടാക്കുന്നത്. വിശ്വാസം, അന്ധവിശ്വാസം, ശാസ്ത്രം, മനുഷ്യന്റെ ഭാവന, മാനസിക അസ്വസ്ഥതകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചില സങ്കീര്‍ണ യാഥാര്‍ത്ഥ്യങ്ങളും പൊളിച്ചെഴുത്തലുകളുമൊക്കെ കൊണ്ടുവരാന്‍ സംവിധായകന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ഒന്നൊന്നായി പരാജയപ്പെടുകയാണ്.

സാധാരണ ലോജിക്കിന് നിരക്കുന്ന കാര്യങ്ങള്‍ മാത്രമേ സിനിമയില്‍ കാണിക്കാവൂ എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, പക്ഷെ പ്രേക്ഷകന് മനസിലാകുന്ന സിനിമാറ്റിക് ലോജിക്ക് എങ്കിലും മിനിമം ഉണ്ടാവണമല്ലോ. ഇപ്പറഞ്ഞ രംഗങ്ങളിലൊന്നും അതുണ്ടായിരുന്നില്ല.

കഥാപാത്രമായ ആര്‍ദ്രക്ക് പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ എന്താണെന്ന് മനസിലാകാതെ ഒരുതരം അസ്വസ്ഥതയിലാകുന്നുണ്ട് സിനിമയിലെ ബാക്കി കഥാപാത്രങ്ങള്‍. പ്രേക്ഷകനും ആ അവസ്ഥയിലേക്കാണ് സിനിമ പകുതി കഴിയുമ്പോള്‍ എത്തുന്നത്.

സിനിമയിലെ ടൈറ്റില്‍ സോങ്ങ് കേട്ടിരിക്കാന്‍ രസമുള്ളതാണെങ്കിലും പിന്നീട് ഒന്നിനു പുറകെ ഒന്നായി പാട്ടുകളും സ്ലോ മോഷന്‍ സീനുകളും വരുന്നത് ആസ്വാദനത്തെ ബാധിക്കുന്നുണ്ടായിരുന്നു.

സ്റ്റാര്‍ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകേണ്ടതാണ്, സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ഒരു സിനിമയെടുത്തത് അഭിനന്ദിക്കപ്പെടേണ്ടതുമാണ്. പക്ഷെ, കഥ പറച്ചിലില്‍ വന്‍ പാളിച്ചകളാണ് ചിത്രത്തിലുണ്ടായതെന്ന് പറയാതിരിക്കാനാവില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Star Movie Review, Joju George, Sheelu Abhraham, Prithviraj

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.