നില്‍പ്പ് സമരം വ്യാപിപ്പിക്കുന്നു: മുത്തങ്ങയില്‍ സെപ്റ്റംബര്‍ 10ന്
Daily News
നില്‍പ്പ് സമരം വ്യാപിപ്പിക്കുന്നു: മുത്തങ്ങയില്‍ സെപ്റ്റംബര്‍ 10ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th August 2014, 11:54 am

standing-struggle

[] തിരുവനന്തപുരം: 52 ദിവസം പിന്നിട്ട ആദിവാസി നില്‍പ്പ് സമരം വിപുലീകരിക്കാന്‍ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചു. മുത്തങ്ങയിലും ആറളം ഫാമിലും, ഇടുക്കി വനമേഖലയിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഗോത്രമഹാസഭ അറിയിച്ചു.

മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ മുത്തങ്ങ വനഭൂമിക്ക് മുന്നിലും, കണ്ണൂര്‍ ആറളം ഫാമിലുളളവര്‍ അവിടെയും, ഇടുക്കി വനമേഖലയിലും പുനരധിവാസ മേഖലകളിലുമുള്ള ആദിവാസികള്‍ ദേവികുളം ആര്‍.ഡി.ഒ ഓഫീസിന് മുന്നിലും സെപ്റ്റംബര്‍ 10ന് എകദിന നില്‍പ്പ് സമരം നടത്തും. ആദിവാസികള്‍ക്കൊപ്പം നില്‍ക്കാന്‍ ജനാധിപത്യവിശ്വാസികള്‍ ലോകമെമ്പാടും ജാഗ്രത കാണിക്കുന്നുവെന്നത് സമരരംഗത്തുള്ളവര്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ടെന്നും ഗോത്രമഹാസഭ അറിയിച്ചു.

ആദിവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാനുള്ള ഒരു സമഗ്രനിയമം വേണമെന്ന നില്‍പ്പ് സമരത്തിന്റെ ആവശ്യം ആദിവാസികളുടെ മറ്റേതൊരു ആവശ്യത്തെക്കാളും വെല്ലുവിളി ഉയര്‍ത്തുകയാണ്. കേരളത്തിലെ ആദിവാസി ക്ഷേമം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ദുര്‍ബ്ബലപ്പെടുകയും, സര്‍ക്കാരിന്റെ മുന്‍ഗണനാനയം മാറുകയും ചെയ്ത സാഹചര്യത്തിലാണ് നില്‍പ്പ് സമരം നടക്കുന്നതെന്നും ഗോത്രമഹാസഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.