'ഒ പാഡ്രോ ഡി സാന്ത മരിയ'; മാല്‍പെയിലെ സെന്റ് മേരീസ് ഐലന്റിലേക്ക് ചുരുങ്ങിയ ചിലവിലൊരു യാത്ര
Uduppi
'ഒ പാഡ്രോ ഡി സാന്ത മരിയ'; മാല്‍പെയിലെ സെന്റ് മേരീസ് ഐലന്റിലേക്ക് ചുരുങ്ങിയ ചിലവിലൊരു യാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 4:43 pm

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ ഹാര്‍ബറില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് സെന്റ് മേരീസ് ദ്വീപുകള്‍. 500 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ വീതിയിലുമായി 30 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് കോകനറ്റ് ആന്‍ഡ് തോണ്‍സേപര്‍ ഐലന്റ് എന്ന പേരിലും അറിയപ്പെടുന്നു.

1498 വാസ്‌കോ ഡ ഗാമ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുകയും “ഒ പാഡ്രോ ഡി സാന്ത മരിയ” എന്ന് ദ്വീപിന് പേരിടുകയും ആ പേര് പിന്നീട് സെന്റ് മേരീസ് ഐലന്റ് എന്നായി മാറി എന്നതാണ് ചരിത്രം. മാല്‍പെ ബീച്ചിന് സമീപത്തായുള്ള നാല് പ്രധാന ദ്വീപുകളിലൊന്നാണ് സെന്റ് മേരീസ് ഐലന്റ്.


സ്വര്‍ണവര്‍ണമുള്ള മണല്‍ത്തരികളും കുപ്പിച്ചില്ലുപോലെ സുതാര്യമായ വെള്ളവുമാണ് സെന്റ് മേരീസ് ഐലന്റിന്റെ പ്രത്യേകത. നാളികേര കൃഷിക്ക് പേരുകേട്ടതാണ് സെന്റ് മേരീസ് ഐലന്റ്. അഗ്‌നിപര്‍വ്വത സ്ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണശിലാരൂപങ്ങള്‍ സെന്റ് മേരീസ് ഐലന്റില്‍ കാണാം. ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് സെന്റ് മേരീസ് ഐലന്‍ഡ്.

ഉഡുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. ഉഡുപ്പിയില്‍ നിന്ന് വെറും 6 കിലോമീറ്റര്‍ ദൂരമേയുള്ളു മാല്‍പെയിലേയ്ക്ക്. മാല്‍പെയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസുണ്ട്. ഓരോ മണിക്കൂര്‍ ഇടവേളയിലും 9 മണിമുതല്‍ ബോട്ട് സര്‍വീസുണ്ട്.
ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണം.


രണ്ട് രൂപ ടിക്കറ്റെടുത്ത് ഹാര്‍ബറില്‍ പ്രവേശിച്ച് കുറെ മുന്നോട്ട് നടന്ന് ഗവണ്‍മെന്റ് ബോട്ട് ക്ലബ്ബില്‍ എത്തി ദ്വീപിലേക്കുള്ള ടിക്കറ്റെടുക്കാം. 250 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓരോ മണിക്കൂര്‍ ഇടവേളയിലും 9 മണിമുതല്‍ ബോട്ട് സര്‍വീസുണ്ട്.

വലിയ ബോട്ട് കരക്ക് അടുക്കാത്തതിനാല്‍ കടലില്‍നിന്ന് ചെറിയ ബോട്ടില്‍ മാറികയറിയിട്ട് വേണം ദ്വീപിലെത്താന്‍. അങ്ങനെ 45 മിനിറ്റുകൊണ്ട് ആറു കിലോമീറ്റര്‍ ദൂരം പിന്നിടാം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടേക്കുള്ള പ്രവേശനം സമയം. അഞ്ചുമണിക്കാണ് ദ്വീപില്‍ നിന്നുള്ള അവസാന ബോട്ട്.