കൊവിഡ് കാലത്തിന്റെ ഒരുഘട്ടത്തില്‍ ഇനിയെന്ത് എന്നറിയാതെ ഉഴറി നിന്ന സിനിമാസ്വാദകരുടെ മുന്നില്‍ പുത്തന്‍ വാതായനങ്ങള്‍ തുറന്നിട്ടാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മലയാളത്തില്‍ സജീവമായത്. ഇത്തരത്തിലുള്ള ഒട്ടേറെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുന്‍പേ ഉണ്ടായിരുന്നെങ്കിലും മലയാളികള്‍ക്കിടയില്‍ വ്യാപകമായത് കൊവിഡ് കാലത്ത് തന്നെയാണ്.
തിയേറ്റര്‍ തുറക്കാനാവാത്ത സാഹചര്യത്തിലും മോളിവുഡില്‍ സിനിമകളിറങ്ങി, മലയാളികള്‍ സിനിമകള്‍ കണ്ടു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാണെക്കാണെ, സീ യു സൂണ്‍, ഹോം തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം, ഹോട്‌സ്റ്റാര്‍, സോണി ലിവ് തുടങ്ങി നിരവധി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയത്.
ഇത്തരത്തില്‍ ഒ.ടി.ടിയിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയില്‍ സ്ഥാനം നേടിയ ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായെത്തിയ ജോജി. ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ മാക്‌ബെത് എന്ന നാടകത്തില്‍ നിന്നും അനുകല്‍പനം ചെയ്താണ് ചിത്രം പുറത്തിറങ്ങിയത്.
എന്നാലിപ്പോള്‍ ജോജിയും ശ്രീലങ്കന്‍ ടെലിഫിലിമായ റണ്ണിംഗ് പീപ്പിളും തമ്മില്‍ എന്താണ് ബന്ധം എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്. ശ്രീലങ്കയിലെ സിരിസ ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്ന ടെലിഫിലിം ജോജിയുടെ തനി പകര്‍പ്പാണെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടതോടെ സോഷ്യല്‍ മീഡിയ പറയുന്നത്.