അവര്‍ കരുത്തര്‍, ഓസ്‌ട്രേലിയയേക്കാളും പേടിക്കേണ്ടത് അവരെ; തുറന്നു പറഞ്ഞ് ശ്രീലങ്കന്‍ സൂപ്പര്‍ താരം
Sports News
അവര്‍ കരുത്തര്‍, ഓസ്‌ട്രേലിയയേക്കാളും പേടിക്കേണ്ടത് അവരെ; തുറന്നു പറഞ്ഞ് ശ്രീലങ്കന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th July 2022, 12:02 am

ഓസീസിനെതിരായ ആദ്യ ടെസ്റ്റിലെ പത്ത് വിക്കറ്റിന്റെ പരാജയത്തിന് ശേഷം ശ്രീലങ്കയുടെ തിരിച്ചുവരവിനായിരുന്നു രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. ഇന്നിങ്‌സിനും 39 റണ്‍സിനുമായിരുന്നു കങ്കാരുക്കള്‍ സിംഹളവീര്യത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞത്.

ഓരോ വിജയവും തോല്‍വിയുമായി രണ്ട് മത്സരങ്ങളുടെ പരമ്പര ശ്രീലങ്ക സമനിലയിലാക്കിയിരുന്നു. സ്പിന്നര്‍മാരായിരുന്നു ലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

എന്നാല്‍ വരാനിരിക്കുന്ന പരമ്പരയായിരിക്കും തങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സൂപ്പര്‍ താരം ദിമുത് കരുണരത്‌നെ. ഓസീസിനേക്കാള്‍ പേടിക്കേണ്ടത് പാകിസ്ഥാനെയാണെന്നായിരുന്നു കരുണരത്‌നെ പറഞ്ഞത്.

അവര്‍ വേറെ തന്നെ ഒരു ടീമാണെന്നും സ്പിന്നിനെതിരെ മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെക്കുന്നതെന്നും കരുണരത്‌നെ പറഞ്ഞു.

‘അവര്‍ വേറെ തന്നെ ഒരു ടീമാണ്. അവര്‍ സ്പിന്നിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുമ്പ് ശ്രീലങ്കയില്‍ വെച്ച് നടന്ന പര്യടനത്തിലൊക്കെ മികച്ച പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്,’ ദിമുത് കരുണരത്‌നെ പറയുന്നു.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള പാകിസ്ഥാനും ഏഴാമതുള്ള ലങ്കയുമേറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

ഓപ്പണര്‍ പാതും നിസങ്കയില്ലാത്തത് ലങ്കയ്ക്ക് തിരിച്ചടിയാവും. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നിസങ്ക പുറത്തായിരിക്കുന്നത്. ഒഷാദോ ഫെര്‍ണാണ്ടോ ടീമിലേക്ക് തിരിച്ചെത്തും.

ഓസീസിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്നും പുറത്തായിരുന്ന ധനഞ്ജയ ഡി സില്‍വയും ശ്രീലങ്കയ്‌ക്കൊപ്പം ചേരും. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ കാമിന്ദു മെന്‍ഡിസിന് പകരക്കാരനായിട്ടായിരിക്കും ഡി സില്‍വ ടീമിലെത്തുക.

ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഒരു വര്‍ഷത്തിലധികമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരത്തിന്റെ തിരിച്ചുവരവിനായിരിക്കും പരമ്പര സാക്ഷ്യം വഹിക്കുക.

Content highlight: Sri Lankan Star Dimuth Karunarathne about Pakistan team