ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹസരങ്കയെ നായകനായും സൂപ്പര്‍ താരം ചരിത് അസലങ്കയെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തിയാണ് ലങ്കന്‍ ലയണ്‍സ് ലോകകപ്പിനിറങ്ങുന്നത്.
സൂപ്പര്‍ താരങ്ങളുടെ പടയുമായാണ് ശ്രീലങ്ക ലോകകപ്പ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വെറ്ററന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് മുതല്‍ യുവതാരങ്ങളായ മതീശ പതിരാനയും നുവാന്‍ തുഷാരയും വരെയെത്തി നില്‍ക്കുന്നതാണ് ലങ്കയുടെ ലോകകപ്പ് സ്‌ക്വാഡ്.
Here’s your Sri Lankan squad ready to roar at the ICC #T20WorldCup 2024 in the USA and Caribbean! 🇱🇰
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പലതവണ പുറത്താക്കിയ വാനിന്ദു ഹസരങ്ക തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. കുട്ടി ക്രിക്കറ്റില്‍ ഹസരങ്കയുടെ ബണ്ണിയാണ് സഞ്ജു.
ഒരു ബാറ്ററെ ഒരു ബൗളര്‍ ആവര്‍ത്തിച്ച് പുറത്താക്കുമ്പോഴാണ് ആ ബാറ്റര്‍ ബൗളറുടെ ബണ്ണിയാകുന്നത്.
ടി-20 ഫോര്‍മാറ്റില്‍ സഞ്ജുവും ഹസരങ്കയും പരസ്പരം എട്ട് തവണയേറ്റുമുട്ടിയപ്പോള്‍ ആറ് തവണയും സഞ്ജു ലങ്കന്‍ ഓള്‍ റൗണ്ടറോട് തോറ്റ് പുറത്താവുകയായിരുന്നു.
ടി-20യില്‍ 135.05 സ്‌ട്രൈക്ക് റേറ്റുള്ള സഞ്ജുവിന് ഹസരങ്കക്കെതിരെ 93.02 എന്ന സ്‌ട്രൈക്ക് റേറ്റാണുള്ളത്. ഹസരങ്കയുടെ 43 പന്ത് നേരിട്ട സഞ്ജു 40 റണ്‍സ് മാത്രമാണ് നേടിയത്. 28 പന്തുകളില്‍ റണ്‍സൊന്നും പിറക്കാതെ വന്നപ്പോള്‍ എട്ട് പന്തില്‍ സിംഗിളും ഒരു പന്തില്‍ ഡബിളും പിറന്നു. മൂന്ന് വീതം സിക്‌സറും ബൗണ്ടറിയുമാണ് സഞ്ജു ഹസരങ്കക്കെതിരെ നേടിയത്. (ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ)
ലോകകപ്പില്‍ ജൂണ്‍ മൂന്നിനാണ് ലങ്കയുടെ ആദ്യ മത്സരം. സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. ഈസ്റ്റ് മെഡോയാണ് വേദി.
ലോകകപ്പില്‍ ശ്രീലങ്കയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 3 vs സൗത്ത് ആഫ്രിക്ക – ഈസ്റ്റ് മെഡോ, ലോങ് ഐലന്‍ഡ്.
ജൂണ്‍ 8 vs ബംഗ്ലാദേശ് – ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം.
ജൂണ്‍ 12 vs നേപ്പാള്‍ – സെന്‍ട്രല്‍ ബൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്.
ജൂണ്‍ 17 vs നെതര്‍ലന്‍ഡ്‌സ് – ഡാരന്‍ സമ്മി ക്രിക്കറ്റ് ഗ്രൗണ്ട്.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങുന്നത്.
അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്.
ഏഷ്യന്‍ ക്വാളിഫയേഴ്‌സ് ജയിച്ച് നേപ്പാളും ഒമാനും സ്ഥാനമുറപ്പിച്ചപ്പോള്‍ സ്‌കോട്‌ലാന്‍ഡും അയര്‍ലന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് ലോകകപ്പിന് യോഗ്യത നേടി.
അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂ ഗിനിയയും ലോകകപ്പിനെത്തും.
നമീബിയയും ഉഗാണ്ടയുമാണ് ആഫ്രിക്കന്‍ ക്വാളിഫയേഴ്‌സില്‍ നിന്നും ലോകകപ്പിനെത്തുന്നത്. ഇതാദ്യമായാണ് ഉഗാണ്ട ഐ.സി.സി ഇവന്റിന് യോഗ്യത നേടുന്നത്.
Content Highlight: Sri Lanka announces squad for ICC T20 World Cup 2024