നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷം കേരളാ രഞ്ജി ട്രോഫി ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. കേരളാ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട 25 അംഗ സാധ്യതാ ടീമിലാണ് ശ്രീശാന്ത് ഇടം നേടിയത്.
ആദ്യമായി റെഡ്ബോള്‍ കയ്യില്‍ കിട്ടിയ അതേ ആവേശമാണ് തനിക്കിപ്പോള്‍ എന്നാണ് സെലക്ഷന്‍ കിട്ടിയ ശേഷം ശ്രീശാന്ത് പറഞ്ഞത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കാനും താരം മറന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെക്കുന്നത്.
‘നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. വെള്ള ജേഴ്സിയില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം. ഇവിടെ നിന്നായിരുന്നു എല്ലാം തുടങ്ങിയത്. അണ്ടര്‍ 19 കളിക്കുന്ന സമയത്ത് ആദ്യമായി റെഡ് ബോള്‍ കയ്യില്‍ കിട്ടിയ കുട്ടിയുടെ എക്സൈറ്റ്മെന്റില്‍ ആണ് ഞാനിപ്പോള്‍’ ശ്രീശാന്ത് പറയുന്നു.
9 വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് രഞ്ജി ടീമില്‍ തിരിച്ചെത്തുന്നത്. 2013ലാണ് താരം അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത്. 2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നടുക്കിയ ഐ.പി.എല്‍ കോഴ വിവിവാദത്തില്‍ 7 കൊല്ലം ശ്രീശാന്തിന് ബി.സി.സി.ഐയുടെ സസ്പെഷന്‍ കിട്ടിയിരുന്നു.
2020 സെപ്റ്റംബര്‍ 13നാണ് താരത്തിന്റെ വിലക്ക് മാറിയത്.
2015ല്‍ ശ്രീശാന്തിനെ കോടതി കുറ്റവിക്തനാക്കിയെങ്കിലും ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് തുടരുകയായിരുന്നു. മറ്റ് രാജ്യങ്ങളിലെ ലീഗുകള്‍ കളിക്കാനുള്ള താല്‍പര്യം അറിയിച്ച ശ്രീയെ ബി.സി.സി.ഐ വിലക്കുകയായിരുന്നു.
2007 ലെ ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലേയും 2011 ഏകദിന ലോകകപ്പ് നേടിയ ടീമിലേയും പ്രധാന അംഗമായിരുന്നു ശ്രീശാന്ത്. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിന മത്സരങ്ങളും 10 ട്വന്റി-20 മത്സരങ്ങളും ശ്രീശാന്ത് കളിച്ചിട്ടുണ്ട്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മലയാളി താരവും ശ്രീശാന്ത് തന്നെയാണ്.