ആ ചിത്രത്തിൽ എനിക്ക് പകരം ജയറാം അഭിനയിച്ചപ്പോൾ മോഹൻലാലിന് പകരം ഞാൻ നായകനായി: ശ്രീനിവാസൻ
Entertainment
ആ ചിത്രത്തിൽ എനിക്ക് പകരം ജയറാം അഭിനയിച്ചപ്പോൾ മോഹൻലാലിന് പകരം ഞാൻ നായകനായി: ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th December 2024, 10:15 pm

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എവർഗ്രീൻ സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്. ശ്രീനിവാസൻ, ജയറാം, ഉർവശി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സിനിമയ്ക്ക് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉണ്ട്. ഒരു ഗ്രാമത്തിലെ സാധാരണക്കാരുടെ കഥ പറഞ്ഞ ചിത്രത്തിൽ തട്ടാൻ ഭാസ്കരൻ എന്ന കഥാപാത്രമായാണ് ശ്രീനിവാസൻ എത്തിയത്.

രഘുനാഥ്‌ പാലേരി രചന നിർവഹിച്ച ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് മോഹൻലാലിനെ ആയിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത്.

ചിത്രത്തിൽ ജയറാം അവതരിപ്പിച്ച കഥാപാത്രമാണ് തനിക്ക് വേണ്ടി തീരുമാനിച്ചിരുന്നതെന്നും എന്നാൽ സത്യൻ അന്തിക്കാട് ഇന്നസെന്റുമായി നടത്തിയ ചർച്ചക്കിടയിലാണ് ചിത്രത്തിലെ നായകനായി തന്നെ തീരുമാനിച്ചാൽ നല്ലതാണെന്ന് ഉറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘രഘുനാഥ് പാലേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പുള്ളി എന്നോട് അതിൽ അഭിനയിക്കാൻ പറഞ്ഞിരുന്നു. ഞാൻ ശരിയെന്നും പറഞ്ഞു. കുറച്ച് കാലം കഴിഞ്ഞപ്പോൾ രഘുനാഥ്‌ പാലേരി മാറിയിട്ട് സത്യൻ അന്തിക്കാട് ആ സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ആ പടത്തിന്റെ പേരാണ് പൊന്മുട്ടയിടുന്ന താറാവ്.

അന്ന് രഘുനാഥ് പാലേരി സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിലെ നായകനായി തീരുമാനിച്ചത് മോഹൻലാലിനെയായിരുന്നു. എനിക്ക് ജയറാം അഭിനയിച്ച, ദുബായിൽ നിന്ന് വരുന്ന ആളുടെ വേഷമായിരുന്നു തീരുമാനിച്ചത്. ഉർവശിയെ കല്യാണം കഴിക്കുന്ന ആളായിട്ട്.

പക്ഷെ സത്യൻ അന്തിക്കാട് ഇന്നസെന്റുമായിട്ട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, മോഹൻലാലിന് ഹെവി വെയിറ്റാണ് അത് വേണ്ട, ആ വേഷം ശ്രീനിവാസനെ പോലുള്ള തല്ലിപ്പൊളികൾ ചെയ്‌താൽ മതിയെന്ന്. അങ്ങനെയാണ് ആ ചിത്രത്തിൽ ഞാൻ നായകനായി അഭിനയിക്കുന്നത്,’ ശ്രീനിവാസൻ പറയുന്നു

 

Content Highlight: Sreenivasan About Casting Of  Ponmuttayidunna Tharav Movie