റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് സിനിമയിലേക്കെത്തിയ നടനാണ് ശ്രീനാഥ് ഭാസി. 2011ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് അഭിനയജീവിതം ആരംഭിച്ചത്. 2013ല്‍ റിലീസായ ഹണീബീ എന്ന സിനിമയിലൂടെ ശ്രദ്ധേയനായി. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു. പ്രൊഡ്യൂസര്‍മാരുമായുള്ള പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് കുറച്ചു കാലം വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്ക് മാറിയ ശേഷം ശ്രീനാഥ് അഭിനയിച്ച സിനിമയാണ് എല്‍.എല്‍.ബി.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അടുത്ത സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സിനെപ്പറ്റി സംസാരിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘എന്നെ സംബന്ധിച്ച് വലിയൊരു സിനിമയാണ് അത്. എന്റെ കൂട്ടുകാര്‍ എനിക്ക് തന്ന ഒരു ഗിഫ്റ്റാണ് ആ സിനിമ. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. അങ്ങനെയൊരു സിനിമയുടെ പാര്‍ട്ടാവാന്‍ കഴിഞ്ഞതില്‍ അത്രക്ക് ബ്ലെസ്ഡാണ് ഞാന്‍.
ഞാന്‍ വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു ആ സമയത്ത്. എന്നെ ഒരു സിനിമയില്‍ നിന്ന് എടുത്തു മാറ്റിയതായിരുന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ എനിക്ക് എന്റെ കൂട്ടുകാര്‍ എനിക്ക് തന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഐ ആം ഗ്രേറ്റ്ഫുള്‍ റ്റു ഓള്‍ മൈ ബോയ്‌സ്,’ ശ്രീനാഥ് ഭാസി പറഞ്ഞു. ജാന്‍-ഏ-മന്‍ എന്ന സിനിമക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
നവാഗതനായ സിദ്ദിഖ് സംവിധാനം ചെയ്യുന്ന എല്‍.എല്‍.ബി.യാണ് ശ്രീനാഥിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററിലെത്തും.
Content Highlight: Sreenath Bhasi says that Manjummal Boys movie is the best gift from his friends