ഹാനോയ്: വിയറ്റ്നാമില്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം വായുവിലൂടെ അതിവേഗം പടരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വകഭേദത്തിന്റെയും യു.കെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ കൊറോണ വൈറസ് എന്നാണ് വിയറ്റ്‌നാം പറയുന്നത്.
വായുവില്‍ വേഗത്തില്‍ പടരുമെന്നും തൊണ്ടയിലെ ദ്രാവകത്തില്‍ വൈറസിന്റെ സാന്ദ്രത അതിവേഗം വര്‍ദ്ധിക്കുകയും ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് വളരെ ശക്തമായി വ്യാപിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ ഇനം വൈറസ് അത്യന്തം അപകടകരമാണെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
‘വിയറ്റ്നാമില്‍ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തി. ഇന്ത്യന്‍ വകഭേദവും യു.കെ വകഭേദവും ചേര്‍ന്ന തരം വകഭേദമാണിത്. അത്യന്തം അപകടകാരിയാണ് പുതിയ സങ്കരയിനം വൈറസ്,’ ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെതിരെ വിജയകരമായി പോരാടിയ രാജ്യമായിരുന്നു വിയറ്റ്നാം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിയറ്റനാമില്‍ 3000 ത്തിലേറെ പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധിച്ചത്.
വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസ് വകഭേദത്തിന്റെ ജനിതക ഘടന വിയറ്റ്നാം ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ പറഞ്ഞു.