അന്ന് മന്ത്രിസ്ഥാനം തെറിപ്പിച്ചത് 'പഞ്ചാബ് മോഡല്‍' പ്രസംഗം; ബാലകൃഷ്ണ പിള്ളയെ ഓര്‍മിപ്പിച്ച് സജി ചെറിയാന്റെ വാക്കുകള്‍
Kerala News
അന്ന് മന്ത്രിസ്ഥാനം തെറിപ്പിച്ചത് 'പഞ്ചാബ് മോഡല്‍' പ്രസംഗം; ബാലകൃഷ്ണ പിള്ളയെ ഓര്‍മിപ്പിച്ച് സജി ചെറിയാന്റെ വാക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2022, 9:34 pm

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യയില്‍ എഴുതിവെച്ചു എന്നുമുള്ള സജി ചെറിയാന്റെ വിമര്‍ശനമാണ് വിവാദമാകുന്നത്.

കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയുടെ നേതാവായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് ഇതിന് മുമ്പ് ഇതേരീതിയില്‍ വിവാദമായിരുന്നത്. ആ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.

‘കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്നുചെല്ലാന്‍ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിനിറങ്ങണം.’ 1985-ല്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാ കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ള നടത്തിയ ഈ പ്രസംഗമാണ് പിന്നീട് പഞ്ചാബ് മോഡല്‍ പ്രസംഗമെന്ന് പേരില്‍ വിവാദമായത്.

ബാലകൃഷ്ണ പിള്ള

പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്ക് കൊണ്ടുപോയതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം. പഞ്ചാബില്‍ വിഘടനവാദം കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനായിട്ടാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.

ജി. കാര്‍ത്തികേയന്‍

അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി. കാര്‍ത്തികേയന്‍ മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതിയിലെത്തി. തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയുടെ മന്ത്രിസ്ഥാനം തെറിക്കുകയായിരുന്നു.

പിള്ളയുടേത് രാജ്യദ്രോഹകുറ്റമാണെന്നും രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞുകൊണ്ടാണ് പിള്ളയെ മന്ത്രിസ്ഥാനത്തുനിന്ന് കരുണാകരന്‍ നീക്കുന്നത്.