അഞ്ച് വര്‍ഷത്തിനിടെ 33 ആദിവാസി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് തിരുവനന്തപുരം ജില്ലയിലെ പാലോട് ഞാറനീലി എന്ന പ്രദേശം വാര്‍ത്തകളില്‍ നിറഞ്ഞത്. വാര്‍ത്ത പുറത്ത് വന്നതോടെ ഞാറനീലിയിലേക്ക് പ്രതിപക്ഷ നേതാവ്, നിയമസഭാ കമ്മിറ്റി, പട്ടികജാതി പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ തുടങ്ങി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും കുത്തൊഴുക്ക് തുടങ്ങി.
വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുകയും അതീവ ഗൗരവമുള്ള ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ആരവങ്ങളടങ്ങുകയും മാധ്യമങ്ങള്‍ മറക്കുകയും ചെയ്തതോടെ ഞാറനീലി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സാമ്പത്തികമായി താരതമ്യേന പുരോഗമിച്ച അവസ്ഥയിലുള്ള ഞാറനീലിയില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, ഭൂമിയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറവാണ്.
ഞാറനീലിയുടെ പ്രശ്‌നങ്ങള്‍ സാമൂഹികമായ മറ്റു കാരണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഞാറനീലിയുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് മനസിലാക്കാതെയാണ് എല്ലാവരും ഈ വിഷയത്തില്‍ സംസാരിച്ചതെന്ന് ഇവിടുത്തെ ആദിവാസികള്‍ പറയുന്നു.
“നേതാക്കളും മന്ത്രിമാരും ഒക്കെ വന്നു വെണ്ടയ്ക്ക പോലെ വര്‍ത്തമാനം പറഞ്ഞിട്ട് പോയി. പക്ഷേ അവര്‍ക്കൊന്നും ആദിവാസിയെ കുറിച്ച് അറിയില്ല. സര്‍ക്കാരും പൊതുജനങ്ങളും എല്ലാം കൂടി വലിയ കോലാഹലമൊക്കെ ഉണ്ടാക്കി, അവസാനം വന്നപ്പോ ഉള്ളി പൊളിച്ചത് പോലെ ആയി, ഇപ്പോള്‍ ഒരു ജാതിയെ അവഹേളിക്കുക മാത്രമാണ് ചെയ്തത് എന്ന തോന്നലാണ് ഞങ്ങള്‍ക്കുള്ളത്.”
അവസാനം ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കുറുപ്പന്‍കാല സെറ്റില്‍മെന്റിലെ ഊരു മൂപ്പന്‍ രവി പറയുന്നു.
“തിരുവനന്തപുരത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കോ മാധ്യമക്കാര്‍ക്കോ ആദിവാസിയെ കുറിച്ച് അറിയില്ല, അവര്‍ ഇവിടെ ഒരു ദിവസം വന്നു പ്രസംഗിച്ച് പ്രഖ്യാപനങ്ങളൊക്കെ നടത്തി പോകും, അതിന് ശേഷം ഇന്ന് വരെ ഇവിടെ ഒന്നും നടന്നിട്ടില്ല.” രവി പറയുന്നു.
2017 ജൂലായ് 31-ന് വൈകീട്ട് ഞാറനീലി കുറുപ്പന്‍കാല കോളനിയിലെ വീണ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയോടെയാണ് ഞാറനീലി വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. പെരിങ്ങമല ഇക്ബാല്‍ കോളേജില്‍ സുവോളജി വിദ്യാര്‍ത്ഥിനി ആയിരുന്നു വീണ.
സുഹൃത്ത് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ പിടിച്ച് വെച്ചതാണ് വീണയുടെ ആത്മഹത്യക്ക് കാരണമായി പറയുന്നത്. വീടിനടുത്തുള്ള നെല്ലിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു വീണ. വീണയെപ്പോലെ നിരവധി കൗമാരപ്രായക്കാരാണ് അടുത്ത കാലത്തായി ഞാറനീലിയില്‍ ആത്മഹത്യ ചെയ്തത്.
2012 ല്‍ ഏഴ്, 2013 ല്‍ നാല് ,2014 ല്‍ നാല് ,2015 ല്‍ ആറ്, 2016 ല്‍ ആറ് 2017 ല്‍ ആറ് ഇങ്ങനെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന 33 പേരാണ് ഞാറനീലി പെരിങ്ങമ്മല പ്രദേശത്ത് ആത്മഹത്യ ചെയ്തത്. ഇതില് 26 പേര്‍ പട്ടികവര്‍്ഗ വിഭാഗത്തിലും ഏഴുപേര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്.
വിഷയം നിയമസഭയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് പട്ടികജാതി-വര്‍ഗക്ഷേമമന്ത്രി എ.കെ ബാലന് ഇവിടം സന്ദര്‍ശിക്കുകയും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ സമഗ്രപരിശോധനകള്‍ക്കായി കലക്ടറുടെ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി വിഭാഗം ഡോക്ടര്‍, എക്‌സൈസ്, റവന്യൂ, പട്ടികജാതി- വര്ഗ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സമിതി ആരോഗ്യവും മാനസികവുമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു.
കുറുപ്പന്‍കാല സെറ്റില്‍മെന്റിലെ ഊരു മൂപ്പന്‍ രവി
പൊലീസ്, റവന്യൂ, എക്‌സൈസ്, ഫോറസ്റ്റ്, പട്ടികജാതി- വര്ഗ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സമിതി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ട് തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ആശ വര്‍ക്കറോ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോ പ്രൊമോട്ടര്‍മാരോ വീടുകളില്‍ എത്താറില്ലെന്നായിരുന്നു മന്ത്രിയോട് ആദിവാസികളുടെ പരാതി. ഐ.ടി.ഡി.പിയുടെ കീഴില്‍ ഊരുകളില്‍ ബോധവല്‍ക്കരണം നടത്തണം, പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം തടയണം, പി.എസ്.സി കോച്ചിങ് സെന്റര്‍ ആരംഭിക്കണം, പാലോട് കേന്ദ്രീകരിച്ച് എക്‌സൈസ് ഓഫീസ് ആരംഭിക്കണം, വനമേഖലയിലെ വാച്ചര്‍ ജോലികളില്‍ ആദിവാസികള്‍ക്ക് നിയമനം നല്‍കണം ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും ആദിവാസികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നത്തെ ആവേശം അടങ്ങിയതോടെ ഈ ആവശ്യങ്ങളെല്ലാം ജലരേഖയായി മാറിയെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഞങ്ങളുടെ ചെറുപ്പക്കാര്‍ ഇങ്ങനെ ആത്മഹത്യ പ്രവണതയിലേക്ക് പോകുന്നതിന് പല കാരണങ്ങളാണ് ഉള്ളത്. പ്രണയനൈരാശ്യം, കുടുംബപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, മദ്യപാനം ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ആദിവാസികള്‍ ഇങ്ങനെ പെട്ടെന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്ന വിഷയമാണ് അധികാരികള്‍ പരിശോധിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത്. അല്ലാതെ പെട്ടെന്ന് ഒരു ദിവസം വന്നു നടത്തിയിട്ട് പോകുന്ന പ്രഖ്യാപനങ്ങള്‍ പൊതുജനത്തിന് മുന്നില്‍ ഞങ്ങളെ മോശക്കാരാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇതുവരെ അങ്ങനെയൊരു നടപടിയും ഉണ്ടായിട്ടില്ല. ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ പറയാന്‍ വരണം എന്നൊക്കെ അന്ന് പറഞ്ഞിരുന്നു, പിന്നീട് ഇത് വരെ ഞങ്ങളെ വിളിച്ചിട്ടില്ല. ഇതെല്ലാം രാഷ്ട്രീയക്കളികള്‍ മാത്രമാണ് ” രവി പറയുന്നു.
ബോധവല്‍ക്കരണം നടത്തണമെന്ന് പറയുന്നു. “ഒരു ബോധവല്‍ക്കരണ പരിപാടി വെച്ചിട്ട് വിളിച്ചാല്‍ ഇവിടുത്തെ ഒറ്റ ചെറുപ്പക്കാരെയും കിട്ടില്ല, കാരണം അവരൊക്കെ മദ്യത്തിന്റെ പിറകെയാണ്. മദ്യപാനം ഇവിടുത്തെ ഒരു വലിയ പ്രശ്‌നമാണ്. ഇവിടുത്തെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരാണ്, 800 – 1000 രൂപ ദിവസവും ശമ്പളം കിട്ടും, അതില്‍ ഒരു രൂപ പോലും വീടുകളില്‍ എത്തില്ല.
ഇവിടെ സര്‍ക്കാര്‍ ജോലി ഉള്ളവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ്. സ്ഥിരജോലി ഉണ്ടായാല്‍ ചെറുപ്പക്കാര്‍ കുറച്ചുകൂടി പക്വതയുള്ളവരാകും എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇപ്പൊ മദ്യപിക്കാന്‍ പണം ഇല്ലാതെ വരുമ്പോള്‍ മാത്രം ജോലിക്ക് പോകുന്ന ശീലമാണ് പല ചെറുപ്പക്കാര്‍ക്കും ഉള്ളത്. ഞങ്ങളുടെ ഇടയില്‍ എല്ലാ ചെറുപ്പക്കാര്‍ക്കും മിനിമം പത്താംക്ലാസ് വിദ്യാഭ്യാസം ഉള്ളവരാണ്. അവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനോ, അല്ലെങ്കില്‍ ഒരു പത്ത് പേരെയൊക്കെ ഒന്നിച്ച് ചേര്‍ത്ത് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനോ ഒക്കെയുള്ള നടപടികളാണ് ആവശ്യം. ” ഇലിഞ്ചിയം സെറ്റില്‍മെന്റിലെ ഊരുമൂപ്പനായ ഭാസ്‌കരന്‍ കാണി പറയുന്നു.
കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ പൊതുസമൂഹവുമായി ഏറ്റവും കൂടുതല്‍ ഇഴുകി ചേര്‍ന്നിട്ടുള്ള സമൂഹമാണ് കാണിക്കാര്‍. എങ്കിലും ഇപ്പോഴും ആദിവാസികളും നാട്ടുകാരും തമ്മില്‍ അകലം നിലനില്‍ക്കുന്നു എന്നാണ് ഈ വിഷയത്തെ കുറിച്ചുള്ള പ്രദേശത്തെ മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.
“ആദിവാസികള്‍ക്ക് ഇഷ്ടം പോലെ ഫണ്ട് ലഭിക്കുന്നുണ്ട്. അരിയും, വീട്ടു സാധനങ്ങളും തുടങ്ങി ആവശ്യമുള്ളതെല്ലാം സര്‍ക്കാര്‍ നല്‍കുന്നു. പിന്നെ അവര്‍ക്ക് കിട്ടുന്ന കാശ് കുടിച്ച് കളഞ്ഞാലെന്താണ്? അഹങ്കാരം കൊണ്ടാണ് അവരൊക്കെ ആത്മഹത്യ ചെയ്യുന്നത്. ഏല്ലാവര്‍ക്കും നാലും അഞ്ചും ഏക്കര്‍ ഭൂമി വീതം ഉണ്ട്. അതില്‍ സര്‍ക്കാര്‍ തന്നെ റബ്ബര്‍ വെച്ച് കൊടുത്തിട്ടുണ്ട്. പിന്നെ ഇവര്‍ക്ക് എന്തിന്റെ കുറവാണ് ?” ഇതൊക്കെയാണ് ഞാറനീലിയിലെ ചായക്കടയില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങള്‍.
പുറത്തുള്ളവര്‍ അങ്ങനെ പറയുന്നതിന് കാരണമുണ്ട്. ഈ ആദിവാസിയെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് നോക്കി ഇരിക്കുന്നവരാണ് അവരൊക്കെ. ഇവിടെ ഉള്ളവര്‍ക്ക് കരുപ്പെട്ടി വാങ്ങി നല്‍കി ഇതിനകത്തുള്ളവരെക്കൊണ്ട് വാറ്റ് തുടങ്ങിച്ചതും, അതുവിറ്റു കാശാക്കിയതും പുറത്തുള്ളവരാണ്. ഇനിയും ആദിവാസിക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടിയാല്‍ അത് എങ്ങനെ കൈക്കലാക്കാം എന്നാണ് അവരൊക്കെ നോക്കി ഇരിക്കുന്നത്. പക്ഷേ പണ്ടത്തെ പോലെ ഞങ്ങള്‍ തലകുനിച്ച് നില്‍ക്കുന്ന കാലമൊക്കെ പോയി
ഇതാണ് ഊരുമൂപ്പനായ രവിയുടെ മറുപടി.
1992 ല്‍ റബ്ബര്‍ ബോര്‍ഡ് ആദിവാസികളുടെ ഭൂമിയില്‍ റബ്ബര്‍ വെച്ച് നല്‍കുകയും ടാപ്പിംഗ് പരിശീലനം നല്‍കുകയും ചെയ്തു. ഈ റബ്ബറിന്റെയും ആദായം കൊണ്ടുപോയത് പുറത്തുള്ളവരാണെന്ന് ഇവര്‍ പറയുന്നു. “ഞങ്ങള്‍ക്ക് പൈസക്ക് ആവശ്യമൊന്നും ഉണ്ടാകില്ല, എങ്കിലും ഈ കൂട്ടത്തില്‍ നിന്ന് ആരെയെങ്കിലും പിടിച്ച് അവന് കുറച്ച് പൈസയൊക്കെ കൊടുത്തിട്ട്, അയാളെ ഉപയോഗിച്ച് മറ്റുള്ളവരെയും സ്വാധീനിക്കും. എനിക്ക് ഒരു ലക്ഷം കിട്ടി, നിന്റെ കൊച്ചിന് ജലദോഷമല്ലേ ആശുപത്രിയില്‍ കൊണ്ട് പോകണ്ടേ, അയാള്‍ക്ക് കൊടുത്തിട്ട് ഒരു ലക്ഷം വാങ്ങിക്കോ എന്ന് പറയും. ഇങ്ങനെ ഇവിടുത്തെ ഭൂരിഭാഗം റബ്ബറിന്റെയും ആദായം എടുത്തതും അത് മുറിച്ച് കൊണ്ട് പോയതും മറ്റുള്ളവരാണ്. ഇത് മുറിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടെ വേറെ റബ്ബര്‍ വെക്കാന്‍ ഇവരുടെ കയ്യില്‍ പൈസയും ഉണ്ടാകില്ല. ഇങ്ങനെ എക്കാലവും ഞങ്ങളെ ചൂഷണം ചെയ്യുന്നവരാണ് ഇപ്പോള്‍ ആദിവാസികളെ കുറ്റം പറയുന്നത്.” രവി ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ ഇതര ആദിവാസി വിഭാഗങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമൂഹിക സാമ്പത്തിക അവസ്ഥയില്‍ കഴിയുന്നവരാണ് കൊല്ലം , തിരുവനന്തപുരം ജില്ലകളില്‍ താമസിക്കുന്ന കാണിക്കാര്‍. പലര്‍ക്കും ഏക്കറുകളോളം ഭൂമി സ്വന്തം. നഗരവുമായി അടുത്തിടപഴകാന്‍ സൗകര്യങ്ങളുള്ളതിനാല്‍ പലരും ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും നേടിയിട്ടുണ്ട്.
ജീവിത സാഹചര്യങ്ങള്‍ പുരോഗമിച്ചെങ്കിലും മാറിയ ജീവിത സാഹചര്യങ്ങളെയും അതുയര്‍ത്തുന്ന വ്യക്തി/ സമൂഹ സംഘര്‍ഷത്തെയും നേരിടാന്‍ കഴിയാതെ കഴിയാതെ പോകുന്നു എന്നാണ് ഇവരില്‍ നിന്ന് ലഭിക്കുന്ന സൂചന. ഭൗതിക സാഹചര്യങ്ങള്‍ മാറുമ്പോഴും ഭൗതികേതര മൂല്യങ്ങളില്‍ മാറ്റം വരാതിരിക്കുകയും അതിലൂടെ ഉണ്ടാകുന്ന കള്‍ച്ചറല്‍ ലാഗും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
“പണ്ട് കാലത്ത് ഞങ്ങള്‍ കാടുമായി അടുത്ത് ജീവിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ ഹൃദയത്തില്‍ ഒരു നന്മയുണ്ടായിരുന്നു. ആ നന്മയായിരുന്നു ആദിവാസിയുടെ ദൈവം. ഇപ്പൊ തമിഴ്‌നാട്ടില്‍ നിന്ന് കിട്ടുന്ന ബിംബങ്ങളാണ് ആദിവാസിയുടെ ദൈവം. കല്ലിനെയോ മരത്തിനെയോ ഒക്കെ ആരാധിച്ചിരുന്നവരാണ് ഞങ്ങള്‍. ഈ സിമന്റിട്ട അമ്പലം ഞങ്ങള്‍ക്ക് പരിചയമില്ല. പക്ഷെ ഇപ്പൊ സിമന്റിട്ട അമ്പലത്തിലെ തമിഴ്‌നാട് ബിംബവും ബൈബിളും ഒക്കെയാണ് ആദിവാസിയുടെ ജീവിതം, ഇത് ആദിവാസിയുടെ തലയിലേക്ക് വിഷം കുത്തിവെക്കുന്ന പോലെയാണ്. ആദിവാസിയുടെ അമ്പലത്തില്‍ ആദിവാസിയുടെ കയ്യില്‍ നിന്ന് തന്നെ പിരിക്കണം, പക്ഷേ ഈ പിരിവ് കൊണ്ട് പോകുന്നത് പുറത്തുള്ളവരും. പണ്ട് ഞങ്ങടെ കരണവന്മാര്‍ക്ക് ഉണ്ടായിരുന്ന ആ ഹൃദയത്തിന്റെ കരുത്ത് ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു. നല്ല വിദ്യാഭ്യാസം ഉള്ള കുട്ടികളാണ് ഈ മോശം പ്രവണതയിലേക്ക് പോകുന്നത്.” ആദിവാസി മേഖലയില്‍ നടക്കുന്ന സംസ്‌കൃതവല്‍ക്കരണത്തെ രവി ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്.
ഇവിടെ 99 ശതമാനം ചെറുപ്പക്കാരും മദ്യത്തിന് അടിമയാണ്. ഇപ്പൊ ഉള്ള തലമുറയെയും നമുക്ക് വിട്ടു കളയാം, ഇനിയുള്ള തലമുറയെ എങ്കിലും, അതായത് ഇപ്പൊ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ എങ്കിലും രക്ഷിക്കാന്‍ കഴിയണം. അതിന് ഇപ്പോഴേ അവരെ ബോധവല്‍ക്കരിക്കുകയും ആ രീതിയില്‍ വളര്‍ത്തിക്കൊണ്ട് വരികയും വേണം. അത് മാത്രമാണ് ഇതിന് ഒരു പരിഹാരം.
ഭാസ്‌കരന്‍ കാണി പറയുന്നു.
മുന്‍പ് ഞങ്ങള്‍ക്ക് ഊരു കൂട്ടങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഞങ്ങളുടെ ആളുകള്‍ മാത്രം കൂടിയിരുന്ന് കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. ഇപ്പോ അങ്ങനെയൊന്നുമില്ല. ഇപ്പോഴുള്ള ഊരുകൂട്ടം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള ഒന്നായി മാറിക്കഴിഞ്ഞു.
എസ്.ടി ഡിപ്പാര്‍ട്ടമെന്റില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണ് അതില്‍ പങ്കെടുക്കുന്നത്. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് അയാള്‍ക്ക് ഈ ആദിവാസികളോട് ആത്മാര്‍ത്ഥത ഉണ്ടായിക്കൊള്ളണം എന്നില്ല, അയാള്‍ പുറത്തുള്ള ആളാണ്, ശമ്പളത്തിന് വേണ്ടി ജോലി ചെയ്യുന്നവരാണ്. ഈ ഉദ്യോഗസ്ഥനെ ഞങ്ങളുടെ ആളുകള്‍ക്കും സ്വന്തം ആളായി കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അlgകൊണ്ട് തന്നെ ഇങ്ങനെയുള്ള ഞങ്ങളുടെ പ്രശ്‌നങ്ങളൊന്നും അവിടെ ചര്‍ച്ച ചെയ്യപ്പെടില്ല.
അതിര്‍ത്തി തര്‍ക്കങ്ങളോ, കുടുംബ പ്രശ്‌നങ്ങളോ, മദ്യപാനമോ എന്തായാലും തുറന്ന് സംസാരിക്കാനുള്ള ഒരു വേദി ഞങ്ങള്‍ക്ക് ഉണ്ടാകണം. അങ്ങനെ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാകൂ എന്നാണ് ഞാന്‍ കരുതുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കളമെഴുതുന്ന പന്തലില്‍ നിന്ന് ഗുരുസ്വാമി കൂടിയായ ഊരുമൂപ്പന്‍ രവി പറഞ്ഞു നിര്‍ത്തി.
കേരളത്തില്‍ പൊതുവില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളല്ല ഞാറനീലിയിലെ കാണിക്കാര്‍ നേരിടുന്നത് എന്ന് വ്യക്തമാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ ആദിവാസി എന്ന് കേള്‍ക്കുന്ന മാത്രയില്‍ തോന്നുന്ന ദാരിദ്ര്യം, പട്ടിണി, ഭൂമി ഇല്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ മനസ്സില്‍ വെച്ച് കൊണ്ട് ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകില്ല. പൊള്ളയായ പ്രഖ്യാപനങ്ങള്‍ക്കപ്പുറം സാമൂഹികമായി മുന്‍നിരയിലേക്ക് വരുന്ന ഈ ജനവിഭാഗം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ സവിശേഷമായി പരിഗണിക്കുകയും പഠനങ്ങള്‍ നടത്തി ശാസ്ത്രീയമായ പരിഹാരങ്ങള്‍ നടപ്പിലാക്കുകയും വേണമെന്നാണ് ഞാറനീലി പറയുന്നത്.