കൊല്ലം ജില്ലയില്‍ ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസ്സുകാരി മരിച്ച സംഭവം ചികിത്സാപിഴവ് മൂലമാണെന്ന ആരോപണത്തെതുടര്‍ന്ന് ഡോ. അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടാണ് വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെ കാലിന്റെ വളവ് മാറ്റാന്‍ ഓര്‍ത്തോപീഡിയാട്രിക് ആയ ഡോക്ടര്‍ അനൂപ് ശസ്ത്രക്രിയ നടത്തുന്നിതിനിടയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുന്നത്. എന്നാല്‍ ഇത് ചികിത്സാ പിഴവ് കൊണ്ട് സംഭവിച്ചതാണെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചത്.
കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും ആശുപത്രിയിലെത്തും മുമ്പ് കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്നിന് ഡോ. അനൂപിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഡോ. അനൂപിനെതിരെയും അദ്ദേഹത്തിന്റെ ആശുപത്രിക്കെതിരെയും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേ സമയം അനൂപിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അപവാദ പ്രചരണങ്ങളിലും അധിക്ഷേപങ്ങളിലും അദ്ദേഹം വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഫോണിലൂടെ ചിലര്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി അനൂപ് പറഞ്ഞതായി സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നുണ്ട്.
ഡോ. അനൂപ്
പെണ്‍കുട്ടിയുടെ മരണകാരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനൂപിന്റെ ആത്മഹത്യ. പെണ്‍കുട്ടി മരണപ്പെട്ടത് ചികിത്സാ പിഴവ് മൂലമാണെന്ന് ‘പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിന് പിന്നാലെയാണ്’ അനൂപ് ആത്മഹത്യ ചെയ്തതെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ മലയാള ചാനലും ചില പ്രാദേശിക മലയാളം ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ അത്തരമൊരു വാര്‍ത്ത നല്‍കുന്നത് ധാര്‍മികതയല്ലെന്നും ഡോ. ജിനേഷ് പി.എസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എന്തിനാണ് നുണ പ്രചരിപ്പിക്കുന്നതെന്നും ഇതുവരെ പുറത്തിറങ്ങാത്ത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നും അദ്ദേഹം ചോദിക്കുന്നു. വാര്‍ത്തക്കുള്ളില്‍ പറഞ്ഞ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിടണമെന്നും ഇല്ലെങ്കില്‍ മാപ്പുപറഞ്ഞ് വാര്‍ത്ത പിന്‍വലിക്കണമെന്നും ഡോ. ജിനേഷ് പറഞ്ഞു.
പെണ്‍കുട്ടിക്ക് ആരോഗ്യപരമായി മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്ന കുട്ടിയെ നിരവധി ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോഴും അവരുടെ വിഷമം കണ്ടറിഞ്ഞ് ശസ്ത്രക്രിയയ്ക്ക് തയ്യാറായതായിരുന്നു ഡോ.അനൂപെന്ന് ചില മാധ്യമങ്ങളും ഡോക്ടര്‍മാരും വ്യക്തമാക്കുന്നു.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നെന്നും ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം വന്ന കുട്ടിയെ ആശുപത്രി അധികൃതര്‍ ഒന്നരമണിക്കൂര്‍ വരാന്തയില്‍ കിടത്തിയെന്നും ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അനൂപിനെ ഭീഷണിപ്പെടുത്തുകയും വ്യാജവാര്‍ത്ത നല്‍കുകയും ചെയ്ത മാധ്യമസ്ഥാപനങ്ങളിലെ ഉടമകളെ പൊലീസ് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാ പിഴാവണെന്ന ആരോപണവുമായി ആശുപത്രിയുടെ മുന്നില്‍ മൃതദേഹവുമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ആശുപത്രിക്കുമുന്നില്‍ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നിരുന്നു. ഇതിനിടെ ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കാണുകയും ചെയ്തിരുന്നു. ഡോക്ടറെ സന്ദര്‍ശിച്ച രാഷ്ട്രീയ നേതാവിനെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇതുപോലെ ഡോക്ടര്‍മാര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട് എന്നും ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളില്‍ പലതരം കോംപ്ലിക്കേഷന്‍സ് ഉണ്ടാകാമെന്നും പലപ്പോഴും അനസ്‌തേഷ്യപോലും മരണം സംഭവിക്കാനുതകുന്ന സങ്കീര്‍ണതയാണെന്നും ഡോ. ജിനേഷ് പി.എസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘നെഗ്ലിജെന്‍സ്, കോംപ്ലിക്കേഷന്‍സ് എന്നീ പദങ്ങള്‍ക്ക് രണ്ട് അര്‍ത്ഥമാണ്. കോംപ്ലിക്കേഷന്‍ എന്നാല്‍ സങ്കീര്‍ണത. ചികിത്സയില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാവില്ല. ഒരുവിധപ്പെട്ട എല്ലാ ശസ്ത്രക്രിയയിലും അനസ്‌തേഷ്യയിലും സങ്കീര്‍ണതകള്‍ ഉണ്ട്. അത് അത് ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കാന്‍ മാത്രമേ സാധിക്കൂ. ഉണ്ടായാല്‍ കൃത്യമായ ചികിത്സ നല്‍കാന്‍ മാത്രമേ സാധിക്കൂ. സങ്കീര്‍ണതകള്‍ മൂലം മരണം പോലും സംഭവിക്കാം. ഇതൊക്കെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യങ്ങളാണ്. അല്ലാതെയുള്ള നുണപ്രചരണങ്ങളും വ്യക്തിഹത്യകളും അംഗീകരിക്കാനാവില്ല,’ ഡോ. ജിനേഷ് പി.എസ് പറഞ്ഞു.
ഡോ. ജിനേഷ് പി. എസ്
ചികിത്സക്കിടയില്‍ രോഗി മരിക്കുന്നത് അപൂര്‍വ്വമായി സംഭവിക്കാവുന്ന ഒന്നാണെന്നും എന്നാല്‍ അത്തരത്തില്‍ സംഭവിക്കുന്ന മരണങ്ങളുടെ പേരില്‍ ഡോക്ടറെയും ആശുപത്രിയെയും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോക്ടര്‍ ജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
”ചികിത്സക്കിടയില്‍ രോഗി മരിക്കുന്നത് പലപ്പോഴും ഡോക്ടറുടെയോ ചികിത്സയുടേയോ പിഴവുകൊണ്ടായിരിക്കണമെന്നില്ല. ചികിത്സ എന്നത് ഒരു സാധ്യതയാണ്. അധികവും വിജയിക്കാമെങ്കിലും ചിലപ്പോഴൊക്കെ പരാജയപ്പെടാം. പരാജയപ്പെടുമ്പോള്‍ എപ്പോഴുമതിനെ ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. മനസിലാക്കിയിടത്തോളം കാലിന്റെ എല്ലിന്റെ വളവിന് സര്‍ജറി നടത്തിയ പെണ്‍കുട്ടിക്ക് ഉണ്ടായ മരണ കാരണം ജനറല്‍ അനസ്തേഷ്യ നല്‍കുമ്പോള്‍ ഉണ്ടാകുന്ന, വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്ന ഒരു സങ്കീര്‍ണതയാണ് കാര്‍ഡിയാക്ക് അറസ്റ്റും അതിനെ തുടര്‍ന്നു ഉണ്ടാരുന്ന മരണവും.
ഇത്തരം സങ്കീര്‍ണതകളുള്ളതിനാല്‍ സാധാരണ ഗതിയില്‍ ജനറല്‍ അനസ്തേഷ്യ നല്‍കുന്നതിന് മുമ്പ് തന്നെ രോഗിയോടും ബന്ധുക്കളോടും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാറുണ്ട്. ഇതിന്റെ സമ്മത പത്രം വാങ്ങിയ ശേഷമാണ് സര്‍ജറി ചെയ്യുന്നത്. അത് ഇവിടെയും പറഞ്ഞ് കൊടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് മനഃപൂര്‍വ്വമല്ലാത്തതും , അശ്രദ്ധ കുറവ് കൊണ്ടും അല്ലാത്ത വിരളമായ പാര്‍ശ്വഫലത്തിനെ തുടര്‍ന്ന ഉണ്ടായ മരണത്തിന്റെ പേരില്‍ ഡോക്ടര്‍മാരെയും ആശുപത്രികളെയും പൊതു ജനം ആക്രമിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും ഇവിടെ ഇപ്പോള്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന നല്ല ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അവരുടെ മനോബലം തകര്‍ക്കുന്നതിന് കാരണമായേക്കാം. റിസ്‌കുള്ള കേസുകള്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകത്ത ‘ഡിഫന്‍സീഫ് മെഡിസിന്‍ ‘ പ്രാക്ടീസ് സാഹചര്യത്തിലേക്ക് ഇത് വഴിവെക്കും. ചികിത്സ ഒരു സാധ്യതയാണെന്ന് പറഞ്ഞല്ലോ. ചികിത്സ വിജയിച്ചാല്‍ നന്ദി ദൈവത്തിനും പരാജയപ്പെട്ടാല്‍ പഴി ഡോക്ടര്‍ക്കും എന്നതുപോലെയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്,” ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.
ജനറല്‍ അനസ്തേഷ്യ നല്‍കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലം എന്ന രീതിയില്‍ മരണം സംഭവിക്കാം. അങ്ങനെയായിരിക്കാം ഇത് സംഭവിച്ചിരിക്കുക. ഇവിടെ സംഭവിച്ചിരിക്കുന്ന രണ്ട് മരണങ്ങളും നമുക്ക് നികത്താനാവാത്തതും ദുഃഖകരവുമാണെന്നും ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന തരത്തില്‍ ഒരു റെഗുലേഷന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ കൊണ്ടു വരേണ്ടതുണ്ടെന്നും ഡോ. ജിനേഷ് പറയുന്നു.
ചികിത്സയില്‍ പാളിച്ചകള്‍ ഉണ്ടെന്ന് ആക്ഷേപമുണ്ടെങ്കില്‍ നിയമപരമായ, ശാസ്ത്രീയമായ അന്വേഷണമാണ് വേണ്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ആളുകളെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും അല്ല വേണ്ടത്. അതിനെ അംഗീകരിക്കാനാവില്ല. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടു പിടിക്കാന്‍ ഇവിടെ നിയമസംവിധാനങ്ങളുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും പുറത്ത് വരാത്ത സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തി എന്നൊക്കെ എഴുതുന്നത് അധാര്‍മികമായ നടപടിയാണെന്നും ജിനേഷ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക