ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യം; ഇസ്രഈലിലേക്കുള്ള ആയുധങ്ങളുമായി വന്ന കപ്പലിന് അനുമതി നിഷേധിച്ച് സ്‌പെയിന്‍
World News
ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യം; ഇസ്രഈലിലേക്കുള്ള ആയുധങ്ങളുമായി വന്ന കപ്പലിന് അനുമതി നിഷേധിച്ച് സ്‌പെയിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th May 2024, 12:07 pm

ബാഴ്‌സലോണ: ഇസ്രഈലിലേക്കുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസാണ് കപ്പലിന് അനുമതി നിഷേധിച്ച കാര്യം അറിയച്ചത്. എന്നാല്‍ കപ്പലിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

മെയ് 21ന് തുറമുഖത്തേക്ക് പ്രവേശിക്കാനുള്ള അനുമതിക്കാണ് ഡാനിഷ് കപ്പല്‍ കമ്പനി അനുമതി തേടിയിരുന്നത്. ഇസ്രഈലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടണ്‍ സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ട കപ്പലിനാണ് അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നാണ് ഡാനിഷ് പതാക സ്ഥാപിച്ച കപ്പല്‍ പുറപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗസയിലെ ഇസ്രഈല്‍ വംശഹത്യയെ രൂക്ഷമായി വിമര്‍ശിക്കുന്ന യൂറോപ്യന്‍ രാജ്യമാണ് സ്‌പെയിനെങ്കിലും ആദ്യമായാണ് അവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടിയുണ്ടാകുന്നത്. ആദ്യമായാണ് ആയുധങ്ങളുമായെത്തുന്ന ഒരു കപ്പല്‍ തീരമണയുന്നതിന് അനുമതി ആവശ്യപ്പെട്ടതും.

മിഡില്‍ ഈസ്റ്റിന് കൂടുതല്‍ ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യമെന്ന് പറഞ്ഞാണ് സ്‌പെയിന്‍ കപ്പലിന് അനുമതി നിഷേധിച്ചത്. ഭാവിയിലും ആയുധങ്ങളുമായെത്തുന്ന കപ്പലുകളോടുള്ള സമീപനം ഇതുതന്നെയായിരിക്കുമെന്നാണ് സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ പറഞ്ഞിരിക്കുന്നത്.

ഗസയിലെ വംശഹത്യയില്‍ രൂക്ഷമായി വിമര്‍ശിക്കുന്ന സ്‌പെയിന്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളെയും തങ്ങളുടെ നിലപാടിനൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് സ്‌പെയിനിന്റെ നിലപാട്. ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രഈലിനുള്ള ആയുധ വില്‍പന നേരത്തെ സ്‌പെയിന്‍ അവസാനിപ്പിച്ചിരുന്നു.

content highlights: Spain denied permission to a ship that came with weapons to Israel