ലോകകപ്പില്‍ ജസ്പ്രീത് ബുംറ കളിക്കുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ബുംറക്കേറ്റ പരിക്കാണ് ഇപ്പോഴുള്ള ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും കാരണമായിരിക്കുന്നത്.
പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുമായുള്ള സീരിസിലെ മത്സരങ്ങളില്‍ നിന്നും ബുംറയെ മാറ്റിയിരുന്നു. പുറം വേദനയെ തുടര്‍ന്നാണ് ബുംറക്ക് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. ആദ്യ മത്സരത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ജസ്പ്രീത് ബുംറ ലോകകപ്പ് കളിക്കുമോയെന്ന ചോദ്യത്തോട് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.
‘ബുംറയെ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നമ്മളെല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ ഇപ്പോഴേ ലോകകപ്പിന് പുറത്തേക്ക് എഴുതിത്തള്ളാറായിട്ടില്ല. രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ തീരുമാനമുണ്ടാകും,’ ഗാംഗുലി പറഞ്ഞു.
നേരത്തെ, ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ നിലവില്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് നഷ്ടമാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
ഓപ്പണിങ് സ്‌പെല്ലിലും ഡെത്ത് സ്‌പെല്ലിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ബുംറക്ക് പകരം ആളെ കണ്ടെത്തുക എന്നുള്ളത് ഇന്ത്യന്‍ ടീമിന് ചെറിയ കാര്യമല്ല. സമ്മര്‍ദമേറിയ മത്സരങ്ങളെ ഒറ്റ ഓവറില്‍ തിരിച്ചുവിടാന്‍ സാധിക്കുന്ന താരമാണ് ബുംറ.