നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?
News of the day
നിതാകത് കാരണം നാട്ടില്‍ മടങ്ങിവന്ന എനിക്ക് ചെറുകിട സ്ഥാപനം തുടങ്ങുന്നതിന് നോര്‍ക്കയുടെ സാമ്പത്തിക സഹായം കിട്ടുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th November 2014, 10:45 am

ഭാഗം: 4


ചോദ്യം: 1

 

കണ്ണൂര്‍ സ്വദേശിയായ ഞാന്‍ ഇപ്പോള്‍ ദല്‍ഹിയിലാണ് താമസം. 1999 മുതല്‍ 12 വര്‍ഷത്തോളം സൗദിയില്‍ വിവിധ കമ്പനികളിലായി ഞാന്‍ ജോലി നോക്കിയിരുന്നു. നിതാകത് കാരണം 2011ല്‍ നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നു. 2013 ഫെബ്രുവരിയില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. നിതാകത് മൂലം സൗദിയില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് വേണ്ടിയുള്ള  പുനരധിവാസ പദ്ധതി പ്രകാരം എന്തെങ്കിലും ചെറുകിട സ്ഥാപനം തുടങ്ങുന്നതിനു നോര്‍ക്കയുടെ (അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ) സാമ്പത്തിക സഹായം എനിക്ക് കിട്ടുമോ?

മനോജ്
ദല്‍ഹി


ഉത്തരം


നിതാകത് (സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുന്നതിനുള്ള സൗദി സര്‍ക്കാരിന്റെ ഒരു പദ്ധതി) പ്രശ്‌നത്തെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നും മടങ്ങി വന്നവര്‍ക്ക് മാത്രമായി ഒരു പദ്ധതി കേരള സര്‍ക്കാറോ കേന്ദ്ര സര്‍ക്കാറോ ആവിഷ്‌കരിച്ചിട്ടില്ല. മടങ്ങി വരുന്നവരുടെ പുനരധിവാസം നടപ്പാക്കേണ്ട ബാധ്യത അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ട് വിദേശങ്ങളില്‍ നിന്നും (സൗദിയില്‍ നിന്നും മാത്രമല്ല) മടങ്ങി വരുന്നവരുടെ പുനരധിവാസത്തിന്റെ ഭാഗമായി (ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്തിട്ടുള്ളവര്‍ക്ക്) “നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്  (NDPREM)  എന്ന ഒരു പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവിടെ നിതാകത് മൂലം സൗദിയില്‍ നിന്നും മടങ്ങി വന്നവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട് (ഫോണ്‍ +914712770534).

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലിന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ  ഉത്തരവ് പ്രകാരം കേരളത്തില്‍ കാര്‍ഷിക വ്യവസായങ്ങള്‍ (കോഴിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യകൃഷി, പച്ചക്കറി കൃഷി, തുടങ്ങിയവ), കച്ചവടം (പൊതുവ്യാപാരം വാങ്ങുകയും വില്‍ക്കുകയും തുടങ്ങിയവ), സേവനം (റസ്‌ടോറന്റ്, ടാക്‌സി സര്‍വീസ്, ഹോം സ്റ്റേ തുടങ്ങിയവ), ഉല്‍പ്പാദനം (പൊടിമില്ലുകള്‍, ബേക്കറി, ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, സലൂണുകള്‍ തുടങ്ങിയവ) തുടങ്ങിയ  മേഖലകളില്‍ പരമാവധി 20 ലക്ഷം രൂപവരെ മുടക്കുമുതലുള്ള ചെറുകിട വ്യവസായസംരംഭങ്ങള്‍  തുടങ്ങുന്നതിനു സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലോണ്‍ എടുക്കുന്നവര്‍ക്ക് പരമാവധി  3 ലക്ഷം രൂപ (മുടക്കു മുതലിന്റെ 15 ശതമാനം) വരെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സബ്‌സിഡി ഗുണഭോക്താവിന് നേരിട്ടല്ല നല്‍കുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന സബ്‌സിഡി  ലോണ്‍ തുക പൂര്‍ണ്ണമായും അടച്ചു തീര്‍ന്നതിനു ശേഷം ബാങ്കുകളാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. സബ്‌സിഡി തുകയ്ക്ക് പലിശ ഈടാക്കുന്നതല്ല.

മാത്രമല്ല, ബാങ്കുമായുള്ള വ്യവസ്ഥ പ്രകാരം ആദ്യ നാലു വര്‍ഷം തിരിച്ചടക്കേണ്ട  മുതലിനുള്ള പലിശയുടെ 3 ശതമാനം കിഴിവും സര്‍ക്കാര്‍ നല്‍കും.

ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും തുടര്‍ച്ചയായി സ്ഥാപനം പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ സബ്‌സിഡിയും പലിശ കിഴിവും ലഭിക്കുകയുള്ളൂ.

മടങ്ങിയെത്തിയ പ്രവാസികള്‍ മാത്രമായി രൂപീകരിക്കുന്ന കമ്പനികള്‍, സൊസൈറ്റികള്‍,  തുടങ്ങിയ സംയുക്ത സംരംഭങ്ങള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയോഗിക്കുന്ന ഒരു പരിശോധക സമിതി ആയിരിക്കും സബ്‌സിഡിക്ക് അര്‍ഹതയുള്ള സംരംഭങ്ങളെ തെരഞ്ഞെടുക്കുക.

ഇതിനു അപേക്ഷ കൊടുക്കേണ്ട അവസാന തീയതി 2013 ജൂലൈ 15 ആയിരുന്നു. എന്നാല്‍, 2015 ജനുവരി മാസത്തില്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഈ പദ്ധതിയില്‍ നേരത്തെ തന്നെ രജിസ്‌റര്‍ ചെയ്തിട്ടുള്ളതിനാല്‍ താങ്കള്‍ക്കു ഈ പദ്ധതിയുടെ ഗുണഭോക്താവാകാന്‍ അര്‍ഹതയുണ്ട്. സംരംഭം കേരളത്തില്‍ തുടങ്ങിയാല്‍ മാത്രമേ സബ്‌സിഡിയും പലിശ കിഴിവും ലഭിക്കുകയുള്ളൂ.

ഈ പദ്ധതി പ്രകാരം ഏകദേശം 20,000 പേരാണ് ഇതുവരെ നോര്‍ക്കയില്‍ രജിസ്‌റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ലോണ്‍ സബ്‌സിഡി അനുവദിച്ചിട്ടുള്ളൂവെന്നാണ് അറിയുന്നത് . ഗുണഭോക്താകള്‍ക്ക് കൊടുക്കാന്‍ വേണ്ട സബ്‌സിഡി ബാങ്കുകളില്‍ മുന്‍കൂറായി സര്‍ക്കാര്‍ നല്‍കാത്തതുതന്നെ കാരണം. ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുക സര്‍ക്കാര്‍ മുന്‍കൂട്ടി അടച്ചാല്‍ മാത്രമേ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും  ലോണ്‍ അനുവദിക്കുകയുള്ളു.

ചോദ്യം: 2

റിയാദിലെ ഒരു കമ്പനിയില്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ ജോലിക്ക് ചേര്‍ന്നത്. എനിക്കിതുവരെ ഇക്കാമ കിട്ടിയിട്ടില്ല. ചില കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എനിക്ക് അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ടതുണ്ട്. എനിക്ക് എക്‌സിറ്റ് അല്ലെങ്കില്‍ എക്‌സിറ്റ്‌റീഎന്‍ട്രി വിസ കിട്ടുമോ? എന്റെ കഫീലിന് അനുകൂല നിലപാടല്ല ഉള്ളത്. ചില ജനറല്‍ സര്‍വീസ് ഓഫീസുകള്‍ എക്‌സിറ്റ് സംഘടിപ്പിച്ച് തരുമെന്ന് പറയുന്നു. കഫീല്‍ അറിയാതെ അവരെ സമീപിക്കുന്നത് സുരക്ഷിതമാണോ?

അഹമ്മദ്
കൊല്ലം


ഉത്തരം


കഫീലിന്റെ അറിവില്ലാതെ എക്‌സിറ്റൊ എക്‌സിറ്റ്‌റിഎന്ട്രിയോ സാധ്യമല്ല. ആദ്യം കഫീലില്‍ നിന്നും ഇക്കാമ കിട്ടുന്നതിനുവേണ്ടി ശ്രമിക്കുക. എന്നിട്ട് സൗഹാര്‍ദപരമായി  കഫീലിനോട് വിഷയത്തിന്റെ ഗൗരവം അറിയിച്ച്  എക്‌സിറ്റ്‌റിഎന്ട്രിക്കുവേണ്ടി ശ്രമിക്കുക. നിങ്ങള്‍ പുതിയ ആള്‍ ആയതിനാല്‍ കഫീല്‍  ചിലപ്പോള്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടേക്കാം. കഫീലിന്റെ അനുവാദമില്ലാതെ ജനറല്‍ സര്‍വീസ് ഓഫീസുകളെ സമീപിച്ച് എക്‌സിറ്റി നോ എക്‌സിറ്റ് റിഎന്ട്രിക്കോവേണ്ടി ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.


സംശയങ്ങള്‍ വസ്തുതകള്‍ ആമുഖം

സൗദി അറേബ്യയില്‍ ജീവിക്കുന്ന 28 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 11 ലക്ഷവും (40 ശതമാനം) മലയാളികളാണെന്നാണ് ഒരേകദേശ കണക്ക്. സാധാരണ തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമായ ഭൂരിപക്ഷവും ഇടത്തരക്കാരും സമ്പന്നരായ ന്യൂനപക്ഷവുമാണ് സൗദി മലയാളിയുടെ ക്രോസ് സെക്ഷന്‍.

ഇന്ത്യയുടെതില്‍ നിന്നും വളരെ വ്യത്യസ്തമായ തൊഴില്‍ ബന്ധങ്ങളും സാമൂഹ്യചുറ്റുപാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതി ന്യായ വ്യവസ്ഥകളും നില നില്‍ക്കുന്ന ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സാധാരണ മലയാളി തന്റെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവയുടെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

സൗദിയിലേക്ക് വരുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട നടപടിക്രമങ്ങളും ഏതെല്ലാമാണ്?

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയിട്ടുള്ള ക്ഷേമ പരിപാടികള്‍ എന്തൊക്കെ? അവ എങ്ങനെ പ്രയോജനപ്പെടുത്താം? മടങ്ങിപ്പോകുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ ഏതൊക്കെ? സൗദി ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ എല്ലാ സംശയങ്ങളും ഞങ്ങളെ എഴുതി അറിയിക്കുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ നിയമ വിദഗ്ദ്ധന്‍ ആര്‍. മുരളീധരന്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് എല്ലാ ചെവ്വാഴ്ച്ചകളിലും മറുപടി പറയുന്നു. (പേരും വിലാസവും പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ അത് പ്രത്യേകം സൂചിപ്പിക്കുമല്ലോ.) സംശയങ്ങള്‍ അയക്കേണ്ട ഇമെയില്‍ ഐ.ഡി saudipost@doolnews.com. പോസ്റ്റലില്‍ അയക്കുന്നവര്‍ ഈ വിലാസത്തില്‍ അയക്കുക:

Saudi Post
Doolnews.com
UKS Road, Calicut 1