മലയാളത്തിൽ ഇപ്പോഴും ഏറ്റവും പേടിയുള്ള സിനിമയാണത്: സൗബിൻ ഷാഹിർ
Entertainment
മലയാളത്തിൽ ഇപ്പോഴും ഏറ്റവും പേടിയുള്ള സിനിമയാണത്: സൗബിൻ ഷാഹിർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th April 2024, 12:41 pm

ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്.

എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു കൂട്ടം യുവാക്കളുടെയും അവർ നേരിടുന്ന പ്രശ്നത്തിന്റെയും കഥ പറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങി യുവതാരനിര അണിനിരന്ന ചിത്രം കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും തെലുങ്കിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു.

കമൽഹാസൻ, ഉദയ നിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ് തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിന് അഭിനന്ദനവുമായി മുന്നോട്ട് വന്നത്.

മലയാളത്തിലെ മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നായി മഞ്ഞുമ്മൽ ബോയ്സിന് മാറാൻ കഴിഞ്ഞു. എന്നാൽ തന്നെ ഏറ്റവും ഭയപ്പെടുത്തിയ മറ്റൊരു സർവൈവൽ ചിത്രത്തെ കുറിച്ച് പറയുകയാണ് നടൻ സൗബിൻ ഷാഹിർ.

മലയാളത്തിൽ തന്നെ ഏറെ സ്വാധീനിച്ച സർവൈവൽ ചിത്രവും തനിക്കിപ്പോഴും പേടിയുള്ള ഒരു ചിത്രവും മാളൂട്ടിയാണെന്ന് സൗബിൻ പറയുന്നു. ഇപ്പോൾ കുട്ടി ഉണ്ടായതിനുശേഷം ആ പേടി കൂടിയിട്ടുണ്ടെന്നും സൗബിൻ ഫിലിം കംമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘മാളൂട്ടി ആ സമയത്ത് വലിയ ഹിറ്റായ സിനിമയായിരുന്നു. എനിക്കിപ്പോഴും നല്ല പേടിയുള്ള സിനിമയാണത്. അത് കാണുമ്പോൾ വല്ലാതെ ടെൻഷനാവും. കുട്ടി ഉണ്ടായ ശേഷം ഇപ്പോൾ കുറച്ചു കൂടെ ടെൻഷൻ കൂടി,’ സൗബിൻ പറയുന്നു.

Content  Highlight: Soubin Shahir Talk About Malootty Movie