മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും
Discourse
മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th July 2012, 3:53 pm

അത്രയും അഗാധമായി പ്രണയിക്കുന്നവര്‍ തമ്മില്‍ ഒരു വാക്കില്‍ അകന്നുപോകുമോ…? അകന്നു പോകുമെന്നാണു മാര്‍ക്കേസ് പറയുന്നത്. പ്രണയം അതി തീവ്രവും വൈകാരികവുമായിരിക്കുമ്പോള്‍ വാക്കുകള്‍ക്ക് തീക്കനലിന്റെ ചൂടുണ്ടെന്നാണു മാര്‍ക്കേസ് പറയുന്നത്.

ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


എവിടെവെച്ചാണ് നമ്മുടെ ആര്‍ദ്ര ഹൃദയം പടിയിറങ്ങിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? എപ്പോഴാണ് നമ്മുടെ നാവുകളില്‍ മൗന വാല്‍മീകങ്ങള്‍ ഉയര്‍ന്നു പൊങ്ങിയതെന്ന്? കണ്ണിലെ കണ്ണീര്‍ തീര്‍ന്നു പോയത് വറ്റിപ്പോയതുകൊണ്ടെല്ലെന്ന് തീര്‍ച്ച. അതെ ഇതൊരു പരിണാമ ഗുപ്തിയാണ്. സുഖസുഷുപ്തിയിലേയ്ക്കുള്ള പിന്മടക്കം. ഒന്നും നമ്മെ അലട്ടുന്നില്ല. ഒന്നും  നമ്മെ ഇന്ന് നൊമ്പരപ്പെടുത്തുന്നില്ല. കണ്ണിലെ കാഴ്ച്ചകള്‍ക്ക് എന്നും ഒരേ നിറമായിരിക്കുന്നു. ഗന്ധങ്ങള്‍ക്ക് ഒരേ അനുഭവവും. എന്നിട്ടും നമ്മള്‍ ജീവിക്കുന്നു. നിര്‍വ്വികാരത തളം കെട്ടിയ മനസ്സുമായി. സന്തോഷങ്ങള്‍ക്കുപോലും വ്യത്യസ്തതകള്‍  നമുക്കനുഭവപ്പെടുന്നില്ല എന്ന ദുരന്തം നമ്മേ എന്നാണ് കീഴടക്കിയത്?

പലതും മറന്നു പോയതുകൊണ്ടാവും നമുക്ക് ഈ ഗതി വന്നുപെട്ടത്. ഇന്‍സ്റ്റന്റ് ചേരുവകളുടെ രുചികള്‍ നമ്മുടെ നാവില്‍ അധിനിവേശം നടത്തിയത് നമ്മള്‍ മറന്നു. ചുവപ്പിന് സിഗ്നേച്ചറിന്റെ ആധിപത്യമല്ല പുനര്‍ സൃഷ്ടിയുടെ സര്‍ഗ്ഗാത്മകതയാണ് വേണ്ടതെന്നത് നമ്മള്‍ മറന്നു. നിഷേധത്തിലൂടെയാണ് സൗന്ദര്യം പൂത്തുലയുന്നതെന്ന കലാപത്തിന്റെ ഫോര്‍മുല നമ്മള്‍ മറന്നു. സ്വപ്‌നങ്ങളിലാണ് യാഥാര്‍ത്ഥ്യങ്ങളുടെ തുടക്കമെന്നത് നമ്മള്‍ മറന്നു. പ്രണയം ആധിപത്യത്തിനെതിരായ കലാപം തന്നെയാണെന്ന പ്രണയരാഷ്ട്രീയവും നമ്മള്‍ മറന്നു. മറവി ഒരു രോഗമല്ലെന്ന് പ്രഖ്യാപിച്ച മണ്‍മറഞ്ഞ പടുവൃദ്ധന് സ്തുതി.
[]
ഇനിയും അതിജീവിക്കണമെങ്കില്‍ നമുക്ക് പറഞ്ഞു തുടങ്ങേണ്ടതുണ്ട്…
മനുഷ്യന്റെ പ്രണയത്തെ കുറിച്ച്…
കാല്‍പനിക ഭാവങ്ങളെ കുറിച്ച്…
പെയ്തു തീരാത്ത മഴയെ കുറിച്ച്…
അലിഞ്ഞു തീരാത്ത ഹൃദയ നൊമ്പരങ്ങളെ കുറിച്ച്…
കണ്ണീര്‍ വറ്റിയ ദൈന്യതയെ കുറിച്ച്…
ഒറ്റപ്പെടലിന്റെ മണലാരണ്യങ്ങളെ കുറിച്ച്…
തുടര്‍ച്ചകളിലെ ഇടര്‍ച്ചകളെ കുറിച്ച്…
എല്ലാം എല്ലാം നമുക്ക് ഓര്‍ത്തെടുക്കേണ്ടതുണ്ട്. അപ്പോള്‍ ഓര്‍മകള്‍ കലാപമായി മാറും. പുതു ചേതനയുടെ മൂലധനമായി മാറും. ഇവിടെ പ്രിയ സൂര്യന്‍ എഴുതിത്തുടങ്ങുന്നു, Tonight I will sing the****


ലിറ്റററി ഡെസ്‌ക്

ഡൂള്‍ ന്യൂസ്.കോം


കോളറാക്കാലത്തെ പ്രണയത്തില്‍ വായനക്കാരനെ ഇപ്പോഴും വിടാതെ പിന്തുടരുന്ന സംശയങ്ങളുണ്ട്. കഴിയുന്നിടത്തോളം മാര്‍ക്കേസ് താനെഴുതുന്നതില്‍ പൂര്‍ണ്ണത വരുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. തെരുവിലൂടെ അലസമായി സ്വാതന്ത്ര്യത്തോടെ നടന്നിരുന്ന ഫെര്‍മിനാന്‍ഡാ ഡാസക്ക് പിന്നാലെ ഒരു കള്ളനെപ്പോലെ
പമ്മിപ്പതുങ്ങി നടന്ന ഫ്‌ലോറന്‍ഡാ അരാസയെന്ന കാമുകന്‍ ഒരു നിമിഷം അവളെ കാണുകയും കിരീടം വെച്ച വനദേവതയ്ക്കുള്ള സ്ഥലമല്ലിതെന്ന് പറയുകയും ചെയ്യുമ്പോള്‍, ഡാസ അയാളെ അതുവരെ കാണാത്ത ഭാവത്തില്‍ നോക്കുകയും അയാളുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോവുകയുമാണു ചെയ്യുന്നത്. ഇനി ഒരിക്കലും
തമ്മില്‍ കാണില്ലെന്ന ഒരു കൈ വീശലിലൂടെ അവള്‍ അവനെ ഒറ്റയ്ക്കാക്കുന്നു… പിന്നീട് അരാസ ഒറ്റയ്ക്ക് ദുഃഖം കുടിച്ച് ജീവിക്കുകയായിരുന്നു.

അത്രയും അഗാധമായി പ്രണയിക്കുന്നവര്‍ തമ്മില്‍ ഒരു വാക്കില്‍ അകന്നുപോകുമോ…? അകന്നു പോകുമെന്നാണു മാര്‍ക്കേസ് പറയുന്നത്. പ്രണയം അതി തീവ്രവും വൈകാരികവുമായിരിക്കുമ്പോള്‍ വാക്കുകള്‍ക്ക് തീക്കനലിന്റെ ചൂടുണ്ടെന്നാണു അദ്ദേഹം പറയുന്നത്. അതല്ലെങ്കില്‍ മനസ്സിനെ ഒരു മഞ്ഞുതാഴ്‌വാരത്തില്‍ അകപ്പെടുത്താന്‍ കഴിയുമെന്നാണു സൂചിപ്പിക്കുന്നത്. മാര്‍ക്കേസിലെ കമ്യൂണിസ്റ്റാണു ഇത്തരം നിര്‍വചനങ്ങള്‍ നടത്തുന്നത്. കമ്യൂണിസ്റ്റുകാര്‍ എന്തിനെയും നിര്‍വചിക്കാനും അതിന്റെ ആഴത്തിലേക്ക് ഇറങ്ങാനും ആഗ്രഹിക്കുന്നവരാണു. പ്രണയത്തെപ്പോലും വിശദീകരിക്കാനും വിശദമാക്കാനും മാര്‍ക്കേസ് അതാണു ശ്രമിക്കുന്നത്. വരാനിരിക്കുന്നൊരു സുന്ദരലോകത്തെക്കുറിച്ച് മാര്‍ക്‌സ് നല്‍കിയ സ്വപ്നത്തില്‍ ജീവിക്കുന്നൊരാള്‍ തീര്‍ച്ചയായും പ്രണയത്തെ തൊട്ടു തലോടുക മാത്രമായിരിക്കില്ല ചെയ്യുക… അയാള്‍ അത് ആഴത്തിലും വ്യാപ്തിയിലും പരിശോധിച്ചറിയാന്‍ ശ്രമിക്കും.

 

കോളറാക്കാലത്തെ പ്രണയം അവസാനിക്കുന്നത്, “ഇനിയും ഈ യാത്ര എത്രകാല?”മെന്ന ക്യാപ്റ്റന്റെ ചോദ്യത്തിനു “എന്നേയ്കും” എന്ന അരാസയുടെ മറുപടിയോടെയാണു. പ്രണയത്തിന്റെ സ്ഥലകാലരാഹിത്യം മാര്‍ക്കേസ് അടയാളപ്പെടുത്തുകയായിരുന്നു. ഏത് സമയത്തും എവിടെയും ഏതൊരാളിലും അത് സംഭവിക്കുമെന്നും അത് എന്നും നിലനില്‍ക്കുമെന്നും മാര്‍ക്കേസ് പറയുമ്പോള്‍ അത് ഒരു കമ്യൂണിസ്റ്റ് സ്വപ്നമായും മാറുന്നു. മറ്റുള്ളവരുടെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്നൊരു കാലം ഉണ്ടാവണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും പ്രണയം ഉണ്ടാവണം. പ്രണയത്തിന്റെ ആഴത്തില്‍ മാത്രമേ മനുഷ്യനിലെ പല ദുരന്ത സ്വഭാവങ്ങളും
അസ്തമിക്കുകയുള്ളൂ. മാര്‍ക്കേസ് മനുഷ്യനു അറിയാവുന്ന ഭാഷയില്‍ പ്രണയത്തിന്റെ അടിയില്‍ ഒപ്പുവെച്ചുകഴിഞ്ഞു.

ബേപ്പൂരെ മാങ്കോസ്റ്റില്‍ മരത്തിനു കീഴിലിരുന്നു മറ്റൊരു മഹാമാന്ത്രികന്‍ പ്രണയത്തെ മറ്റൊരു രീതിയിലാണു മനുഷ്യനോട് പറഞ്ഞത്…

എല്ലാ മനുഷ്യര്‍ക്കും പ്രണയം ഉണ്ടാവണം. പ്രണയത്തിന്റെ ആഴത്തില്‍ മാത്രമേ മനുഷ്യനിലെ പല ദുരന്തസ്വഭാവങ്ങളും അസ്തമിക്കുകയുള്ളൂ.

വീട് പുലര്‍ത്താന്‍ മജീദ് വീണ്ടും യാത്രയാവുകയാണു. “നിറഞ്ഞ നയനങ്ങളോടെ സുഹറ ജനാലയുടെ അടുത്ത് ഉല്‍കണ്ഠയോടെ നില്പുണ്ടായിരുന്നു.

“ഒന്ന് പറയട്ടെ!” അവള്‍ പറഞ്ഞു.

മജീദ് മന്ദഹസിച്ചു:

“പറയൂ രാജകുമാരീ, പറയൂ”

“പിന്നെ ”

അവള്‍ക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ബസ്സിന്റെ ഹോണ്‍ തുരുതുരെ കേട്ടു. ഉമ്മാ മുറി വാതില്‍ക്കല്‍ വന്നു:

എന്താണു സുഹ്‌റയ്ക്ക് പറയാന്‍ കഴിയാതെ പോയത്…? ഇന്നും വായനക്കാരനെ അലട്ടുന്ന ചോദ്യമാണത്. ബഷീറിലെ സൂഫി സന്ന്യാസി ഇങ്ങനെയാണു പ്രണയത്തെ പഠിപ്പിച്ചത്. പ്രണയം പറയാത്തൊരു വാക്കാണു. പറയുന്നതോടെ പ്രണയത്തിന്റെ നിറം കെട്ടുപോകുമെന്ന് ബഷീര്‍ ഭയന്നിരുന്നോ…?

സുഹ്‌റയെപ്പോലെ നിര്‍മ്മലയായൊരു സ്ത്രീയുടെ മനസ്സ് ഒരിക്കലും ലോകം അറിയരുതെന്ന് ബഷീറിലെ സൂഫി സന്ന്യാസി നിശ്ചയിച്ചിരിക്കാം. അതല്ലെങ്കില്‍ സുഹറയുടെ വാക്കുകള്‍ ലോകത്തിലെ ഓരോരുത്തര്‍ക്കും വ്യാഖ്യാനിക്കാന്‍ ബഷീര്‍ നല്‍കുകയായിരുന്നു. സൂഫിസത്തിലെ ഒരു പ്രണയഗണിതം ബഷീര്‍ അവതരിപ്പിച്ചതാവാനും വഴിയുണ്ട്. കാരണം രണ്ട് നദികള്‍ ചേര്‍ന്ന് ഒന്നായ് വലിയൊരു പുഴയാകുന്നതില്‍ നിന്നും “ഒന്നും ഒന്നും ഇമ്മിണി ബല്യൊരു ഒന്ന്” എന്ന് മജീദിനെക്കൊണ്ട് ചിന്തിപ്പിച്ചയാളാണ്.

ബഷീറിനെയും മാര്‍ക്കേസിനെയും തുലനം ചെയ്യാനേ ആവില്ല. എന്നാലും എനിക്ക് ഈ കാര്യത്തില്‍ ബഷിറിനെയാണു പ്രിയം. കാരണം പ്രണയം ഉച്ചരിക്കപ്പെടാത്തൊരു വാക്കെന്നും നിര്‍വ്വചിക്കാനാവാത്തൊരു വികാരമെന്നും ചിന്തിക്കുന്നതിനാലാവാം…!

ഇനി മാര്‍ക്കേസായിരുന്നു ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍…….. ആ സമയത്ത് അവിടേക്ക് ആ ഹോണ്‍ വിളി ഉണ്ടാകുമായിരുന്നില്ല….

സുഹറ മജീദിന്റെ കണ്ണുകളിലേക്ക് നോക്കി ” ഇനിയും ഒറ്റക്കാവല്ലേ..” എന്ന് പറയിക്കുമായിരുന്നു. സുഹറ അത് പറയുമ്പോള്‍ അവള്‍ നട്ടു നനച്ച് വളര്‍ന്ന ചെമ്പരത്തിയിലേക്ക് മഞ്ഞത്തുമ്പികള്‍ പറന്നുവന്നെന്നും തേന്‍ കുടിച്ചെന്നും
ആ മാര്‍ക്കേസ് എഴുതിപ്പിടിപ്പിക്കുമായിരുന്നു…..! അരികിലിരുന്ന് മെര്‍സിഡിസ് മനോഹരമായി പുഞ്ചിരിക്കുമ്പൊള്‍…

ബഷീര്‍ ഒരു സുലൈമാനി കുടിച്ച് ഒരു സൂഫിയുറക്കത്തിലേക്ക് മന്ദം മന്ദം അലിയുകയും ചെയ്യുമായിരുന്നു…!

അപ്പോഴാണു അവള്‍ എന്നോട് കലഹിച്ചത്… പ്രണയം “എക്കാലത്തേയ്ക്കും” എന്ന് പറയിച്ച മാര്‍ക്കേസല്ലേ മിടുക്കന്‍…

ഞാന്‍ പറഞ്ഞു… അല്ല…! ഒരിക്കല്‍ ഒരു വാക്ക് കേട്ട് അരാസയുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവളാണു ഡാസ. ഇനിയും കപ്പലില്‍ നിന്ന് ഇറങ്ങിയാല്‍ അവള്‍ അവളുടെ വഴിക്ക് പോകുമോയെന്ന് ഭയന്നാണു ഫ്‌ലോറന്റാ അരാസ അങ്ങനെ പറഞ്ഞത്…!

ങേ..!!!