Entertainment
ആടുജീവിതം പോലൊരു കഥ എന്നെ വെച്ച് ചെയ്യാന്‍ വെട്രിമാരന് പ്ലാനുണ്ടായിരുന്നു: സൂരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 20, 03:19 pm
Tuesday, 20th August 2024, 8:49 pm

കോമഡി നടനായി കരിയര്‍ ആരംഭിച്ച നടനാണ് സൂരി. വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം ഹാസ്യനടനായി തിളങ്ങി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് സൂരി തെളിയിച്ചു. ഈ വര്‍ഷം റിലീസായ ഗരുഡനിലൂടെ മാസ് ആക്ഷന്‍ ഹീറോയായി സൂരി പരിണമിച്ചു.

വടചെന്നൈ റിലീസായതിന് പിന്നാലെ തന്നെ നായകനാക്കി ഒരു സിനിമ ചെയ്യാമെന്ന് വെട്രിമാരന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് സൂരി പറഞ്ഞു. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങി ഹിറ്റായ ആടുജീവിതം പോലെ ഒരു സിനിമയായിരുന്നു അതെന്നും സൂരി കൂട്ടിച്ചേര്‍ത്തു. അസുരന്‍ എന്ന സിനിമക്ക് ശേഷം ആ പ്രൊജക്ട് ചെയ്യാമെന്ന് വെട്രിമാരന്‍ തന്നോട് പറഞ്ഞുവെന്നും സൂരി പറഞ്ഞു.

എന്നാല്‍ കൊവിഡ് കാരണം വിദേശത്തേക്ക് പോകാന്‍ പറ്റിയില്ലെന്നും ആ പ്രൊജക്ട് നടന്നില്ലെന്നും സൂരി പറഞ്ഞു. പിന്നീട് അസുരന് അവാര്‍ഡ് കിട്ടിയതിന് ശേഷം വെട്രിമാരന്‍ തന്നെ വിളിച്ചെന്നും പഴയ കഥക്ക് പുതിയൊരു കഥ ചെയ്യാമെന്നും അതില്‍ താനാണ് നായകനെന്ന് പറയുകയും ചെയ്‌തെന്ന് സൂരി കൂട്ടിച്ചേര്‍ത്തു. ആ സിനിമയാണ് വിടുതലൈയായതെന്നും തന്റെ കരിയര്‍ മാറ്റിമറിച്ചെന്നും സൂരി പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂരി ഇക്കാര്യം പറഞ്ഞത്.

‘ഈ വര്‍ഷം റിലീസായി വലിയ ഹിറ്റായ സിനിമയാണല്ലോ ആടുജീവിതം. കുറച്ചു വര്‍ഷം മുമ്പ് അതുപോലൊരു കഥ വെട്രിമാരന്‍ എന്നോട് പറഞ്ഞിരുന്നു. ഏറെക്കുറെ അത് ഉറപ്പായി നിന്നപ്പോഴാണ് കൊവിഡ് വന്നത്. വിദേശത്തേക്ക് ഒന്നും പോകാന്‍  പറ്റാത്ത അവ്സ്ഥയായി. ലോക്ക്ഡൗണ്‍ എല്ലാം കഴിഞ്ഞതിന് ശേഷം അസുരന് അവാര്‍ഡ് കിട്ടി. അന്നത്തെ കഥ ഇനി ചെയ്യില്ലെന്ന് എനിക്ക് ഏറെക്കുറെ മനസിലായി.

നാഷണല്‍ അവാര്‍ഡിന് ശേഷം ഞാന്‍ ഒരുദിവസം വെട്രിമാരനെ കാണാന്‍ വേണ്ടി പോയിരുന്നു. പുള്ളി എന്നോട്, ‘എടാ അന്ന് നമ്മള്‍ സംസാരിച്ച കഥ ഇനി ചെയ്യാന്‍ പറ്റില്ല. പകരം വേറെ ഒരു കഥ എന്റെ മനസിലുണ്ട്. വിടുതലൈ എന്നാണ് അതിന്റെ പേര്, നീയാണ് നായകന്‍,’ എന്ന് പറഞ്ഞു. ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു,’ സൂരി പറഞ്ഞു.

Content Highlight: Soori saying that Vetrimaaran planned a movie like Aadujeevitham with him