| Wednesday, 16th May 2012, 6:28 pm

ഏകവിളത്തോട്ടങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂചിമുന /തുന്നല്‍ക്കാരന്‍

ഒന്ന്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൃസ്തുവിനെ നേതാവായി അംഗീകരിച്ചതോടെ പ്രവര്‍ത്തനങ്ങളും ആത്മീയവിശുദ്ധവല്‍ക്കരിക്കപ്പെട്ടു. അങ്ങനെ അല്ലായിരുന്നെങ്കില്‍ വിമോചന സമരകാലത്ത് പാതിരിമാര്‍ കുഞ്ഞാടുകളെക്കൊണ്ട് പാര്‍ട്ടിക്കെതിരെയും പാര്‍ട്ടിയുടെ പ്രിയങ്കരരായ നേതാക്കള്‍ക്കെതിരെയും വിളിച്ച ചീത്ത മുഴുവന്‍ ഒറ്റയടിക്ക് തിരിച്ചടിക്കാമായിരുന്നു. നഴ്‌സുമാര്‍ നടത്തിയ സമരത്തിനു അനുകൂലമായി നില്‍ക്കുകയും ശക്തമായ പ്രക്ഷോഭപരിപാടികളിലൂടെ നല്ല ഇടയന്മാരുടെ ബിസിനസ്സ് തന്ത്രങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്യാമായിരുന്നു.

“കത്തനാരെ കാപാലികരെ” എന്ന് മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുഞ്ഞാടുകളെ വേണ്ട വിധം പ്രോത്സാഹിപ്പിക്കാതിരുന്ന പാര്‍ട്ടിനേതൃത്വം അതിന്റെ മുന്‍ കാലനേതാക്കളെ വഞ്ചിക്കുകയാണ് ചെയ്തത്.

രണ്ട്..

കേരളത്തിലെ നല്ല ഇടയന്മാര്‍ തികച്ചും സമുദായദ്രോഹമാണ് ചെയ്യുന്നതെന്ന് സമൂഹം അറിയുന്നില്ല. ഒരു സമൂഹം സമ്പത്തില്‍ മാത്രമല്ല വളര്‍ച്ച പ്രാപിക്കേണ്ടത്. കേരളത്തില്‍ റബ്ബര്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് പോലെ തന്നെ നഴ്‌സുമാരെ വളര്‍ത്തുന്നതിലും പൗരോഹിത്യം ശ്രദ്ധിച്ചു. അവരുടെ ബിസിനസ്സ് സാമ്രാജ്യം വളര്‍ത്തിയിരിക്കുന്നത് വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലുമാണ്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി നഴ്‌സുമാര്‍ ഉണ്ടാവേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ അവര്‍ അതിനായി സ്വസമൂഹത്തിലെ വളരെ മിടുക്കികളായ കുട്ടികളെ ആ തൊഴിലിലേക്ക് ആകര്‍ഷിച്ചു.ലോകത്തില്‍ ഏറ്റവും മൂല്യമുള്ളത് ഡോളറുകളെന്ന് പറഞ്ഞു പഠിപ്പിച്ച് അവര്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു.അങ്ങനെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥകളിലേക്ക് പോകേണ്ടിയിരുന്ന മിടുക്കരായ കുട്ടികളെ അവര്‍ സായ്പിന്റെ നാട്ടിലേക്ക് കയറ്റി അയച്ച് സായിപ്പിന്റെ പരുവിലെ പഴുപ്പും ചലവും തുടക്കുന്നവരാക്കി മാറ്റി.

ഇതെഴുതുമ്പോള്‍ തുന്നല്‍ക്കാരന്‍ ആതുരശുശ്രുഷയെ നിന്ദിക്കുന്നു എന്ന് അര്‍ത്ഥമില്ല .എന്നാല്‍ മറ്റു മേഖലകളില്‍ മിടുക്കികളാകേണ്ട കുട്ടികളെ അതിനനുവദിക്കാതെ ഇതിലേക്ക് കൂട്ടികൊണ്ടുവന്നു എന്നാണര്‍ത്ഥതമാക്കുന്നത്. ബൈബിളിലെ വാക്യമുദ്ധരിച്ചാല്‍” ഒരാള്‍ ഈ ലോകം മുഴുവനും നേടിയാലും ആത്മാവില്‍ ദരിദ്രനായാല്‍ എന്തു കാര്യം. ഈ ലോകത്തിലെ അമേരിക്കന്‍ ഡോളറുകള്‍
എല്ലാം കൂട്ടിവെച്ചാലും പെണ്മക്കളെ നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം!!.

മൂന്ന്…

തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ അടിച്ചിറക്കിയ പൗരോഹിത്യം അവര്‍ക്കു വേണ്ടുന്ന രീതിയിലുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തെയാണ് സൃഷ്ടിച്ചെടുത്തത്. ചിന്താശേഷി നഷ്ടപ്പെട്ടവര്‍!! കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഈ അപചയത്തെ മുന്‍ കൂട്ടി കണ്ടറിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ആ അപകടത്തില്‍ നിന്നും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏറ്റവും മൂര്‍ത്തമായ സാഹചര്യമാണ് ഒരുങ്ങിയിരുന്നത്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പീഡിതരായ നഴ്‌സുമാര്‍ക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി പോരാടുവാനുള്ള ആര്‍ജ്ജവം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നഷ്ടപ്പെടുത്തി. ഇത്തരം നഷ്ടപ്പെടലുകള്‍ പാര്‍ട്ടിയുടെ രീതിയും ശൈലിയുമായി മാറിയിരിക്കുന്നു.

മുറിക്കഷണം

സമൂഹത്തില്‍ എല്ലാ തുറയിലും ജോലി ചെയ്യുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ടാകുമ്പോഴാണ് അത് സൗരഭ്യം പൊഴിക്കുന്ന ഒന്നായിത്തീരുന്നത്. ഏകവിളത്തോട്ടം പോലെ ഒരു ജോലിക്കു പിറകെ തന്നെ പായുന്ന സമൂഹത്തില്‍ നിന്ന് ജീവസ്സുറ്റ, പ്രയോജനപരമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.കേരളത്തില്‍ നിന്ന് ഇത്രമാത്രം പെണ്‍കുട്ടികളെ വിദേശങ്ങളിലേക്ക് കയറ്റി അയച്ചാല്‍ അനതിവിദൂരഭാവിയില്‍ ഒരു സമൂഹത്തിന്റെ ശോഷിപ്പായിരിക്കും സംഭവിക്കുക.നല്ല ഭരണകര്‍ത്താക്കളില്ലാതെ ,നല്ല അദ്ധ്യാപകരില്ലാതെ,നല്ല പത്രപ്രവര്‍ത്തകരില്ലാതെ, ആ സമൂഹം മുരടിച്ചു പോകും. എല്ലാ പൗരോഹിത്യവും ആത്യന്തികമായി മനുഷ്യനെ ചതിക്കുകയായിരുന്നു. മനു മുതല്‍ ഇങ്ങേയറ്റം ഇടയലേഖനങ്ങള്‍ എഴുതുന്നവര്‍ വരെ.

സൂചിമുന

ജനിപ്പിച്ച തങ്ങളേക്കാള്‍ അവകാശം മക്കളില്‍ പൗരോഹിത്യത്തിനു തീറെഴുതിക്കൊടുക്കുന്ന മാതാപിതാക്കളുടെ സ്വര്‍ഗ്ഗപ്രവേശം ഒട്ടകം സൂചിക്കുഴയിലൂടെയെന്നതിനെ പോലെ പ്രയാസകരമായിരിക്കും.”ആമേന്‍”

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല!!

ഫൈവ് സ്റ്റാര്‍ ഭ്രാന്താലയം

ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍…

കോണ്‍ഗ്രസുകാരാ കരുണാകരനെ ആശ്വസിപ്പിക്കൂ..

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…

Latest Stories

We use cookies to give you the best possible experience. Learn more