ന്യൂദല്‍ഹി: പള്ളികളിലെ ബാങ്കുവിളിക്കെതിരെ പരാമര്‍ശം നടത്തിയ ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ തല മുണ്ഡനം ചെയ്യുന്നവര്‍ക്ക് 10 ലക്ഷം വാഗ്ദാനം ചെയ്ത സെയ്ദ് ഷാ അതെഫ് അലി അല്‍ ഗ്വദേരി ഇമാമോ മതത്തിന്റെ ചുമതലയുള്ള ആളോ അല്ലെന്ന് മതപുരോഹിതര്‍.
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ബാഗ് നാനിലെ ഖന്‍കാ ശരീഫ് പുരോഹിതനായ ഗ്വദേരി മുസ്‌ലിം മത പുരോഹിതര്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്തയാളാണെന്നും അദ്ദേഹത്തിന് പ്രേത്യകിച്ച് ഒരു പദവിയുമില്ലെന്നും മുസ്‌ലിം മതപുരോഹിതര്‍ പറയുന്നു. മതപുരോഹിതനല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഫത്‌വയായി കാണേണ്ടതില്ലെന്നും പുരോഹിതന്മാര്‍ പറയുന്നു.
” മാധ്യമങ്ങള്‍ അദ്ദേഹത്തെ പുരോഹിതനായി തെറ്റായ പ്രചരണം നടത്തുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല.” മത പുരോഹിതര്‍ പറയുന്നു.
അതേസമയം, ബാങ്കുവിളിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ബോളിവുഡ് ഗായകന്‍ സോനു നിഗത്തെ
പിന്തുണച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ യുവാവിനെ കുത്തിപരുക്കേല്‍പ്പിച്ചു. മധ്യപ്രദേശിലെ ഗോപാല്‍പുരയിലാണ് സംഭവം.
പള്ളികളില്‍ ബാങ്കു വിളിക്കുമ്പോള്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സോനുവിന്റെ അഭിപ്രായത്തെ പിന്തുണച്ചതിനാണ് ശിവറാം റായ് എന്ന യുവാവിനെ മുഹമ്മദ് നഗോരി, ഫൈസാന്‍ ഖാന്‍ എന്നിവര്‍ ആക്രമിച്ചത്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.
ഫോണിലൂടെ പ്രദേശത്തെ ഫ്രീഗഞ്ച് മേഖലയില്‍ വച്ചു കാണാന്‍ പറഞ്ഞു. ശിവറാമും സുഹൃത്ത് ശ്രീവാസും അതു പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ശിവറാം പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ യുവാവിന്റെ പരാതിയിന്‍ മേല്‍ മാധവ്‌നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമികളെ ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല.