ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു സംഭവത്തില്‍ ബലിയാടാവുകയായിരുന്നെന്നും തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിങിന് ആക്രമണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട ബോളിവുഡ് നടി സോണി റസ്ദാന്‍.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദവീന്ദര്‍ സിങ് തന്നെ മനപ്പൂര്‍വം കുടുക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അഫ്‌സല്‍ ഗുരു 2004ല്‍ എഴുതിയ കത്ത് ദവീന്ദര്‍ സിങിന്റെ അറസ്റ്റോടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കത്തിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ചിത്രവും കൂടി ചേര്‍ത്താണ് മുതിര്‍ന്ന ബോളിവുഡ് നടി സോണി റസ്ദാന്‍ അഫ്‌സല്‍ ഗുരു ബലിയാടാക്കപ്പെടുകയാണെന്ന് ട്വീറ്റ് ചെയ്തത്.
‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആര്‍ക്കാണ് മരിച്ച അയാളെ തിരിച്ചുകൊണ്ടുവരാനാകുക. ഇതുകൊണ്ടാണ് വധശിക്ഷയെ നിസ്സാരമായി കൈകാര്യം ചെയ്യരുതെന്ന് പറയുന്നത്. സംഭവത്തില്‍ അഫ്‌സല്‍ ഗുരു എങ്ങിനെ ബലിയാടാക്കപ്പെട്ടു എന്ന വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കണം.’ സോണി റസ്ദാന്‍ പറഞ്ഞു.
നിരപരാധിയാണെന്നല്ല താന്‍ പറയുന്നതെന്നും അഫ്‌സല്‍ ഗുരു പറഞ്ഞ കാര്യങ്ങളടക്കം ചേര്‍ത്തുവെച്ചുകൊണ്ട് സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും നടി മറ്റൊരു ട്വീറ്റില്‍ പറയുന്നു.
‘അഫ്‌സല്‍ ഗുരു നിരപരാധിയാണെന്ന് ആരും പറയുന്നില്ല. പക്ഷെ അയാള്‍ പീഡനത്തിനിരയാക്കപ്പെടുകയും അയാള്‍ ചെയ്‌തെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയുമായിരുന്നെങ്കിലോ? അത് അന്വേഷിക്കപ്പെടേണ്ടതല്ലേ? എന്തുകൊണ്ടാണ് ആരും ദവീന്ദര്‍ സിങിനെതിരെ അഫ്‌സല്‍ ഗുരു ഉന്നയിച്ച ആരോപണങ്ങള്‍ മുഖവിലക്കെടുക്കാതിരുന്നത്? അതാണ് അസംബന്ധം.’ സോണി റസ്ദാന്‍ ട്വീറ്റില്‍ പറയുന്നു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തീവ്രവാദികള്‍ക്കൊപ്പം ഡി.എസ്.പി ദവീന്ദര്‍ സിങ് അറസ്റ്റിലായത് പാര്‍ലമെന്റ് ആക്രമണവും അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് ഉയര്‍ത്തിയ ആരോപണങ്ങളും ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിയായ മുഹമ്മദ് എന്നയാള്‍ക്ക് യാത്ര താമസ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ദവീന്ദര്‍ സിങ് തന്നെ നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് അഫ്‌സല്‍ ഗുരു ആരോപിച്ചിരുന്നത്. ക്രൂരമര്‍ദ്ദനത്തിനും ഭീഷണികള്‍ക്കും ഇരയാക്കപ്പെട്ട് മറ്റു മാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് ദവീന്ദര്‍ സിങ് പറഞ്ഞത് ചെയ്യേണ്ടി വന്നതെന്ന് അഫ്‌സല്‍ ഗുരു പറഞ്ഞിരുന്നു.