'തലപ്പാവ് ഒരു ചോയ്‌സാണെങ്കില്‍ എന്തുകൊണ്ട് ഹിജാബ്'? സോനം കപൂര്‍
national news
'തലപ്പാവ് ഒരു ചോയ്‌സാണെങ്കില്‍ എന്തുകൊണ്ട് ഹിജാബ്'? സോനം കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 5:05 pm

മുംബൈ: കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ദേശീയ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടതും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ, ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി സോനം കപൂര്‍. തലപ്പാവ് അണിയാമെങ്കില്‍ ഹിജാബും ധരിക്കാമെന്ന് സോനം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.

‘തലപ്പാവ് ഒരു ചോയ്‌സാണെങ്കില്‍ എന്തുകൊണ്ട് ഹിജാബും അങ്ങനെയല്ല,’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ കുറിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ഫ്രാന്‍സ് ദേശീയ ടീമിലെ സ്ഥിരസാന്നിധ്യവുമായ പോള്‍ പോഗ്ബയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വീഡിയോയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരുന്നത്.

ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പോള്‍ പോഗ്ബ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.

സമരത്തെ പിന്തുണച്ച് നേരത്തെ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയും രംഗത്തെത്തിയിരുന്നു. യോഗിക്കും പ്രഗ്യസിങ് ഠാക്കൂറിനും ഇഷ്ടവസ്ത്രം ധരിക്കാമെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് അതായിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം.

അതേസമയം, ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇപ്പോള്‍ ഇക്കാര്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ടെന്നും ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഒരു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹരജിയിന്മേലാണ് ജസ്റ്റിസ് എന്‍.വി. രമണ ഇക്കാര്യമറിയിച്ചത്. മതപരമായ ഒരു വസ്ത്രവും കോളേജുകളില്‍ അനുവദിക്കേണ്ടതില്ല എന്ന വിശാല ബെഞ്ചിന്റെ ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയെ സമീപിച്ചത്.