അങ്ങനെയുള്ള എത്ര ആളുകളുണ്ടാകും; പുതിയ സംവിധായകരില്‍ രാജുവിനോട് വൗ തോന്നാന്‍ കാരണമുണ്ട്: സോന നായര്‍
Entertainment
അങ്ങനെയുള്ള എത്ര ആളുകളുണ്ടാകും; പുതിയ സംവിധായകരില്‍ രാജുവിനോട് വൗ തോന്നാന്‍ കാരണമുണ്ട്: സോന നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st December 2024, 3:21 pm

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സോന നായര്‍. 1986ല്‍ റിലീസായ ടി.പി. ബാലഗോപാലന്‍ എം.എ. എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സോന പിന്നീട് ടെലി സീരിയലുകളിലൂടെയാണ് സജീവമായത്.

പത്ത് വര്‍ഷത്തിന് ശേഷം 1996ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ കൊട്ടാരത്തിലൂടെ വീണ്ടും സിനിമയില്‍ എത്തി. തുടര്‍ന്ന് കഥാനായകന്‍, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ എന്നിവയുള്‍പ്പെടെ ഏകദേശം 80ലധികം സിനിമകളില്‍ ഇതുവരെ വേഷമിട്ടിട്ടുണ്ട്.

ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് തന്റെ വലിയ സ്വപ്‌നമാണെന്നും പക്ഷെ അത് പെട്ടെന്ന് കൈ വെക്കാന്‍ പറ്റുന്ന ഏരിയയല്ലെന്നും പറയുകയാണ് സോന നായര്‍. ഡയറക്ടര്‍ എഡിറ്റിങ് സെന്‍സുള്ള ആളും സിനിമാറ്റോഗ്രഫിയെ കുറിച്ച് അറിയുന്ന ആളുമാകണമെന്നും നടി പറയുന്നു.

സ്‌ക്രിപ്റ്റ് കിട്ടിയാല്‍ അസോസിയേറ്റും കോ-ഡയറക്ടറും സഹായിക്കാന്‍ ഉണ്ടെങ്കില്‍ സിനിമ ചെയ്യാമെന്ന ലെവലില്‍ ആകരുതെന്നും സോന പറഞ്ഞു. പുതിയ സംവിധായകരില്‍ തനിക്ക് അത്തരത്തില്‍ വൗ തോന്നിയിട്ടുള്ളത് പൃഥ്വിരാജ് സുകുമാരനോടാണെന്നും സോന നായര്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു നടി.

‘ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വലിയ സ്വപ്‌നമാണ്. പക്ഷെ അത് പെട്ടെന്ന് കൈ വെക്കാന്‍ പറ്റുന്ന ഒരു ഏരിയയല്ല. അതിനകത്ത് ഒരുപാട് കാര്യങ്ങളുണ്ട്. ഡയറക്ടര്‍ ഒരു നല്ല എഡിറ്ററാകണം, എഡിറ്റിങ് സെന്‍സുള്ള വ്യക്തിയാകണം.

സിനിമാറ്റോഗ്രഫിയെ കുറിച്ചൊക്കെ അറിവ് വേണം. ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ പിന്നെയൊരു അസോസിയേറ്റും കോ-ഡയറക്ടറും സഹായിക്കാന്‍ ഉണ്ടെങ്കില്‍ സിനിമ ചെയ്യാം എന്ന ലെവലില്‍ ആകരുത്. എല്ലാ ഏരിയയെ കുറിച്ചും അറിഞ്ഞിരിക്കണം. പുതിയ കുട്ടികളില്‍ എനിക്ക് അത്തരത്തില്‍ വൗ തോന്നിയിട്ടുള്ളത് പൃഥ്വിരാജാണ്.

വളരെ വെയിറ്റ് ചെയ്ത് ഒരു പ്രൊജക്ട് ചെയ്യുന്ന ആളാണ് രാജു. പിന്നെ എല്ലാത്തിനെ കുറിച്ചും അവന് അറിയാം. ഒരു സംവിധായകനോട് സൂര്യന് താഴെയുള്ള എന്തിനെ കുറിച്ച് ചോദിച്ചാലും മറുപടി പറയാന്‍ സാധിക്കണം. അങ്ങനെയുള്ള എത്ര ഡയറക്ടര്‍മാര്‍ നമുക്കുണ്ട്. പുതിയ ഡയറക്ടര്‍മാരില്‍ എത്രയാളുകള്‍ അങ്ങനെയുണ്ടാകും. തീരെ ഇല്ലെന്ന് ഞാന്‍ പറയില്ല,’ സോന നായര്‍ പറഞ്ഞു.


Content Highlight: Sona Nair Talks About Prithviraj Sukumaran