പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ രക്തദാനത്തിനെത്തിയ ബി.ജെ.പി മേയറെ ട്രോളി സോഷ്യല്‍ മീഡിയ
national news
പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ രക്തദാനത്തിനെത്തിയ ബി.ജെ.പി മേയറെ ട്രോളി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 8:35 pm

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രക്തദാനത്തിനെത്തിയ
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മേയര്‍ വിനോദ് അഗര്‍വാളിനെ ട്രോളി സോഷ്യല്‍ മീഡിയ. ബി.ജെ.പി നേതാവ് കൂടിയായ മേയര്‍ രക്തദാനം നടത്തിയത് വ്യജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയിലെ പൊങ്കാല.

രക്തദാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. ദേശീയ രക്തദാന ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ആഘോഷമാക്കിയിരുന്നു.

പ്രചരിക്കുന്ന വീഡിയോയിൽ രക്തദാന ക്യാമ്പിലെത്തിയ മേയര്‍ കട്ടിലില്‍ കിടന്നുകൊണ്ട് ചിരിക്കുന്നതും ബി.പി പരിശോധിക്കാന്‍ തയ്യാറെടുക്കുന്നതായും കാണാം. ബി.പി പരിശോധിച്ചതിന് ശേഷം അദ്ദേഹം കട്ടിലില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതായാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. പ്രദേശിക ബി.ജെ.പി ഓഫീസായിരുന്നു രക്തദാന ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്നത്.

വീഡിയോ ചര്‍ച്ചയായതോടെ നിരവധി ആളുകളാണ് മേയറെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കമാണ് മേയര്‍ നടത്തുന്നതെന്നും രക്തദാനത്തിന്റെ ഗൗരവത്തെ അദ്ദേഹം അപമാനിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു.

ഇതൊരു ഫണ്‍ ഫോട്ടോഷൂട്ടാണെന്നും ആളുകള്‍ വിമര്‍ശിക്കുകയുണ്ടായി. സംസ്ഥാനത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ഗിമ്മിക്കുകളിലാണ് മേയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടി.

വീഡിയോ വിവാദമായതോടെ ബി.ജെ.പി മേയര്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ രക്തം ദാനം ചെയ്യാന്‍ വേണ്ടിയാണ് ക്യാമ്പിലെത്തിയതെന്നും എന്നാല്‍ ഷുഗര്‍ കൂടുതലായതിനാല്‍ രക്തം കൊടുക്കാനാകില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചതായും വിനോദ് അഗര്‍വാള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Social media trolled the BJP mayor who came to donate blood on the Prime Minister’s birthday