ഇങ്ങനെയാണ് മോദി സ്വന്തം മണ്ഡലത്തില്‍ ബേട്ടി പഠാവോ നടപ്പാക്കുന്നത്; ബി.എച്ച്.യുവില്‍ വിദ്യാര്‍ത്ഥിനികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയ
India
ഇങ്ങനെയാണ് മോദി സ്വന്തം മണ്ഡലത്തില്‍ ബേട്ടി പഠാവോ നടപ്പാക്കുന്നത്; ബി.എച്ച്.യുവില്‍ വിദ്യാര്‍ത്ഥിനികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th September 2017, 2:36 pm

വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികളെ കാമ്പസിലെത്തി അര്‍ധരാത്രിയില്‍ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ.

പൊലീസുകാര്‍ വിദ്യാര്‍ത്ഥിനികളെ കൂട്ടംകൂടി നിന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള ഹോസ്റ്റലില്‍ വരെ കയറിച്ചെന്ന് അഴിഞ്ഞാടിയ പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.


Dont Miss മോദീ, താങ്കള്‍ ‘അംഗീകരിച്ചത് ‘സുഷ്മസ്വരാജിനെയല്ല കോണ്‍ഗ്രസിനെയാണ്; സുഷ്മയുടെ യു.എന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി


സ്ത്രീശാക്തീകരണത്തെ കുറിച്ച് വാചാലനാവുന്ന മോദിയുടെ സ്വന്തം മണ്ഡലത്തിലാണ് നീതിവേണ്ടിപോരാടിയ വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ക്രൂരമായി തല്ലിച്ചതച്ചത്. ബി.എച്ച്.യു മൊളസ്‌റ്റേഷന്‍, ബി.എച്ച്.യു പ്രൊട്ടസ്റ്റ് എന്നീ ഷാഷ്ടാഗുകള്‍ നിര്‍മിച്ചാണ് കോളേജിനകത്ത് കയറിയുള്ള പൊലീസ് ഭീകരതക്കെതിരെ പലരും രംഗത്തെത്തുന്നത്.

ഇതാണ് സ്ത്രീവിരുദ്ധ വിദ്യാര്‍ത്ഥി വിരുദ്ധ ബി.ജെ.പിയെന്നാണ് വിദ്യാര്‍്ത്ഥികളെ മര്‍ദ്ദിക്കുന്ന ചിത്രം ഷെയര്‍ചെയ്തുകൊണ്ട് ചിലര്‍ പ്രതികരിക്കുന്നത്.

ഇത് ജെ.എന്‍.യു അല്ല ഇത് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയല്ല, ഇത് എ.എം.യു അല്ല ഇത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുമല്ല.. എന്നാണ് മറ്റൊരാളുടെ പ്രതികരണം. യോഗി ആദിത്യനാഥ് ഇതിനെ എന്ത് പേരിട്ട് വിളിക്കും? ആന്റി ജൂലിയറ്റ് സ്‌ക്വാഡെന്നോ? എന്നായിരുന്നു വേറൊരു പ്രതികരണം.

ഇങ്ങനെയാണ് മോദി സ്വന്തം മണ്ഡലത്തില്‍ ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കുന്നതെന്നും സുരക്ഷിതമായ കാമ്പസ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം ലാത്തിയടി നല്‍കുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

യാതൊരു കരുണയുമായില്ലാതെ വിദ്യാര്‍ത്ഥിനികളെ തല്ലിച്ചതച്ചിരിക്കുന്ന ഈ അവസരത്തില്‍ നവരാത്രി ആഘോഷങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണ് വേണ്ടതെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

ഗോപൂജയും ദേവി പൂജയും നടത്തുകയും വനിതാ മന്ത്രിയെ നിയമിക്കുകയും ചെയ്യുന്നവര്‍ അര്‍ധരാത്രി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ആക്രമിക്കുന്നത് കണ്ണുതുറന്ന് കാണൂ എന്നായിരുന്നു മറ്റൊരു പ്രതികരണം.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നത് വെറും തള്ള് മാത്രം. ബി.എച്ച്.യു സംഭവം മന്‍കിബാത്തില്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജ്. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് ലാത്തിച്ചാര്‍ജ്ജെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് വരാനിരുന്ന റോഡ് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് വലിയൊരു പൊലീസ് സംഘം കോളേജിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ശനിയാഴ്ച വൈകീട്ടോടെ വീണ്ടും കോളേജിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. വനിതാ പ്രൊഫസര്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം ഫൈന്‍ ആര്‍ട്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ ബിഎച്ച്യു ക്യാംമ്പസിനകത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. കാമ്പസിലെ കലാഭവന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ചത്.