കോഴിക്കോട്: തൃശ്ശൂര്‍ പൂരം നടത്തുന്നതുമായി സംബന്ധിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍. പൂരം സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ കൊവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പൂരം നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്നാണ് മറുഭാഗത്തിന്റെ വാദം.
എന്നാല്‍, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിട്ടും സര്‍ക്കാരും പ്രതിപക്ഷവും എന്താണ് നിലപാട് എടുക്കാത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നിലപാട് പോലെ എന്താണ് തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തങ്ങളുടെ സ്റ്റാന്‍ഡ് വ്യക്തമാക്കാത്തതെന്നതാണ് ഒരു വിഭാഗം ചോദിക്കുന്നത്.
അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് നിലപാടില്ലേ, അതോ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ട് മറിച്ച് അഭിപ്രായം പറയാന്‍ ഒരുങ്ങുകയാണോ എന്ന ചോദ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ഉയരുന്നുണ്ട്.
സര്‍ക്കാര്‍ പൂരം നടത്താന്‍ പാടില്ലായെന്നു തീരുമാനിച്ചാല്‍ ആചാര സംരക്ഷര്‍ റോഡില്‍ ഇറങ്ങുമെന്നും നടത്താനാണ് തീരുമാനമെങ്കില്‍ പൂരം നടത്തി സര്‍ക്കാര്‍ കൊവിഡ് പരത്തിയെന്ന് പറയുമെന്നുമൊക്കെയാണ് പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍.
സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍, സംവിധായകന്‍ ഡോ. ബിജു, എഴുത്തുകാരി ശാരദക്കുട്ടി തുടങ്ങി നിരവധി പേര്‍ പൂരം നടത്താനുള്ള നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അവിടെ കുംഭമേള, ഇവിടെ തൃശൂര്‍ പൂരം ഇതൊക്കെ നടത്താന്‍ നില്‍ക്കുന്ന വൈറസുകള്‍ക്ക് മുന്നില്‍ കൊറോണ തല കുനിക്കും എന്നായിരുന്നു
ഡോ.ബിജുവിന്റെ വിമര്‍ശനം. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും തൃശൂര്‍ പൂരം നടത്തരുതെന്നായിരുന്നു ശാരദക്കുട്ടി ആവശ്യപ്പെട്ടിരുന്നത്.
ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നുമായിരുന്നു എന്‍.എസ് മാധവന്റെ ആവശ്യം.
സംസ്ഥാനത്ത് ഇന്നലെ മാത്രം 18,217 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 1780 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക