വേണുവിനെ വിമര്‍ശിക്കുന്നവര്‍ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?
Daily News
വേണുവിനെ വിമര്‍ശിക്കുന്നവര്‍ സത്യാവസ്ഥ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st September 2016, 7:57 pm

മാതൃഭൂമി ന്യൂസില്‍ സെപ്തംബര്‍ 19 ന് സംപ്രേഷണം ചെയ്ത പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിയില്‍ ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് വേണു ബാലകൃഷ്ണന്‍ പറഞ്ഞന്ന് ആരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരണങ്ങള്‍ അരങ്ങേറിയത്.


കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

മാതൃഭൂമി ന്യൂസില്‍ സെപ്തംബര്‍ 19 ന് സംപ്രേഷണം ചെയ്ത പ്രൈം ടൈം എന്ന ചര്‍ച്ചാപരിപാടിയില്‍ ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് വേണു ബാലകൃഷ്ണന്‍ പറഞ്ഞന്ന് ആരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരണങ്ങള്‍ അരങ്ങേറിയത്. ട്രോളന്‍മാരുടെ ആക്രമണത്തിനും വേണു വിധേയനായി.

ഇതിന്റെ പേരില്‍ വേണു ബാലകൃഷ്ണനെ രാജ്യദ്രോഹിയാക്കി വരെ ചിലര്‍ ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ  എന്താണെന്ന് അന്വേഷിക്കാതെയും അറിയാതെയുമാണ് പലരും വേണു ബാലകൃഷ്ണനെതിരെ  രംഗത്തെത്തിയിരിക്കുന്നത്.  പ്രത്യേകിച്ചും ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ അനുകൂലികളാണ് ഇത്തരത്തില്‍ വേണുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.


Don”t Miss: വിരലിലെണ്ണാവുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് കുറഞ്ഞ സമയംകൊണ്ട് തുടച്ചുമാറ്റാവുന്ന ഒന്നുമാത്രമാണ് ഇന്ത്യന്‍ സൈനികശക്തി: കഠ്ജു


 

ഉറി ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ചാണ് വേണു ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവരോട് ചോദിച്ചത്. പാക്ക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ അവര്‍ പറയുന്ന ന്യായവാദങ്ങള്‍ വേണു ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. അത് അവതാകരന്റെ ജോലിയാണ്. ചില ചോദ്യങ്ങള്‍ അദ്ദേഹം സ്വയം ഉന്നയിക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 17 ന് റഷ്യയിലേക്ക് പോകാനിരുന്ന രാജ്‌നാഥ് സിങ് എന്തിനാണ് യാത്ര ഒരു ദിവസം നീട്ടിവച്ചത് എന്ന ചോദ്യമാണ് പാക്ക് മാധ്യമങ്ങള്‍ ചോദിച്ചിരുന്നത്. തൊട്ടടുത്ത ദിവസം ഐക്യ രാഷ്ട്രസഭയില്‍ സംസാരിക്കുന്ന നവാസ് ഷെരീഫിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇന്ത്യ മനപ്പൂര്‍വ്വം നടത്തിയ പദ്ധതിയാണ് ഉറി ഭീകരാക്രമണം എന്നും അവര്‍ വാദിച്ചിരുന്നു.

ഇത്തരത്തില്‍ പാക്ക് മാധ്യമങ്ങളില്‍ വന്ന ചില കാര്യങ്ങള്‍, അവരെ ഉദ്ധരിച്ച് കൊണ്ട് തന്നെ ചോദിച്ചതിനെ വേണുവിന്റെ വായില്‍ തിരുകിയാണ് പ്രചാരണം അഴിച്ചുവിടുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരത്തില്‍ വേണുവിനെതിരെ രംഗത്തുവന്നിരുന്നു.