പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ ജി. സുധാകരന് സഖാവ് ഓമനക്കുട്ടനെ മനസിലായില്ലേ!!; സി.പി.ഐ.എമ്മിനും സുധാകരനും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ചേര്‍ത്തല: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനെക്കുട്ടനെതിരെ നടപടിയെടുത്ത പാര്‍ട്ടിക്കെതിരെ വിമര്‍ശനമുയരുന്നു. ഓമനക്കുട്ടന്‍ അനധികൃതമായി പിരിവ് നടത്തിയിട്ടില്ലെന്നും ക്യാമ്പിലെ കാര്യങ്ങള്‍ നടത്തുന്നതിനായി പണം പിരിച്ചതെന്നും ക്യാമ്പിലുണ്ടായിരുന്നവര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്ത പാര്‍ട്ടി നടപടിയ്‌ക്കെതിരെ വിമര്‍ശനമുയരുന്നത്.
‘ഓമനക്കുട്ടന്‍ കണ്ണികാട് അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ കഴിയുന്ന അഭയാര്‍ത്ഥിയാണ്, ഓട്ടോക്കൂലി കൊടുക്കാന്‍ എഴുപത്തഞ്ചുരൂപ പിരിച്ചു എന്നതും നേരാണ്, നിയമത്തിനുമുന്നില്‍ വഞ്ചകനാണ്. പക്ഷേ എത്രയോ ഗുരുതരമായ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്ത ഓമനക്കുട്ടന്റെ പാര്‍ട്ടിക്ക് ഓമനക്കുട്ടനെ മനസ്സിലായില്ലേ!.’ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ ചോദിക്കുന്നത്.
‘സ്വിസ് ബാങ്കില്‍ നിക്ഷേപിക്കാനോ ബിനാമിപേരില്‍ ഭൂമി വാങ്ങാനോ ഒന്നുമല്ല, മൂന്നും അഞ്ചും വെച്ച് അയാളാ എഴുപതുരൂപ പിരിച്ചത്. ക്യാമ്പിലെ ആളുകളുടെ കണ്ണീരൊപ്പാന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്നെയാണ്, അതേ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഈ മനുഷ്യനെ കള്ളനാക്കാന്‍ തുനിഞ്ഞിറങ്ങുന്നതും. ഓമനക്കുട്ടന്മാരുടെ പാര്‍ട്ടിയാണെന്ന് അഭിമാനത്തോടെ പറയേണ്ടിയിരുന്നവര്‍ പോലും അയാളെ തള്ളിപ്പറഞ്ഞു. വീട്ടില്‍ നിന്നിറങ്ങി ക്യാമ്പില്‍ കഴിയുന്ന ആ മനുഷ്യന് ഈ തള്ളിപ്പറച്ചില്‍ എത്ര വലിയ ആഘാതമാകും നല്‍കിയിട്ടുണ്ടാകുക? ‘ എന്നാണ് ഓമനക്കുട്ടനെതിരെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ അഭിജിത്ത് പറയുന്നത്.
ഓമനക്കുട്ടന് പറയാനുള്ളത് കേള്‍ക്കാതെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ മന്ത്രി ജി. സുധാകരനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
‘സഖാവ് ഓമനക്കുട്ടനു പറയാനുള്ളതു കേള്‍ക്കും മുമ്പ് സസ്‌പെന്‍ഡു ചെയ്യാന്‍ വ്യഗ്രത കാണിച്ച ജി. സുധാകരന്റെയും ആലപ്പുഴ ജില്ലാ കമ്മറ്റിയുടെയും നടപടി സി.പി.ഐ.എമ്മിന്റെ ഏതു സംഘടനാ രീതിയാണ്? പി.കെ ശശിക്കെതിരേ പരാതി വന്നപ്പോള്‍ കളഞ്ഞുപോയ സുധാകരന്റെ ധാര്‍മ്മിക രോഷം ഇപ്പോള്‍ എവിടുന്നു കിട്ടി? അതിന് എന്താണു പ്രയോജനം?’ അരുണ്‍ ശ്രീകുമാര്‍ ചോദിക്കുന്നു.
ലാവ്‌ലിന്‍ കേസില്‍ കുറ്റക്കാരനാണെന്ന് മാധ്യമങ്ങള്‍ വിധിയെഴുതിയിട്ടും പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ ഓമനക്കുട്ടനെതിരെ ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം നടപടിയെടുത്തതെന്ന തരത്തിലും വിമര്‍ശനമുയരുന്നുണ്ട്.
‘മാധ്യമ പ്രവര്‍ത്തനം ഒരു ദിവസം കൊണ്ട് ഒരു സാധാരണ പ്രവര്‍ത്തകനെ കള്ളനാക്കിയപ്പോള്‍ ഒറ്റ ദിവസം കൊണ്ട് നടപടിയും കേസും വന്നു. എല്ലാ മാധ്യമങ്ങളും സര്‍വ്വ ശക്തിയോടെ അഴിമതിക്കാരന്‍ എന്നു വിധിയെഴുതി പത്ത് പതിനഞ്ച് കൊല്ലം വേട്ടയാടിയപ്പോഴും അയാള്‍ നിരപരാധിയാണെന്ന ഉത്തമ വിശ്വാസത്തിന്റെ പുറത്ത് അയാളെ സെക്രട്ടറി സ്ഥാനത്ത് നിര്‍ത്തി പ്രതിരോധിച്ച പാര്‍ട്ടിയാണിതെന്നു കൂടി ഓര്‍ക്കണമായിരുന്നു.’ മിനേഷ് രാമനുണ്ണി ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പിലേക്ക് ആഹാരസാധനമെത്തിക്കാന്‍ ഓട്ടോക്കൂലിക്കായി പണം പിരിച്ചതിന്റെ പേരില്‍ ഓമനക്കുട്ടനെ കള്ളനായി ചിത്രീകരിച്ച മാധ്യമത്തിനെതിരേയും വിമര്‍ശനമുയരുന്നുണ്ട്.
‘ഒരു പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ ദിവസവും കൈകാര്യം ചെയ്യുന്ന ജീവല്‍പ്രശ്‌നങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അയാളുടെ ജീവിതകാലത്തു കൈകാര്യം ചെയ്യുന്നുണ്ടാവില്ല. ഒട്ടൊരു ആത്മനിന്ദയോടെ അല്ലാതെ ഇന്നുറങ്ങാന്‍ കിടക്കാന്‍ പറ്റില്ല.’ മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് പറയുന്നു.
അതിനിടെ, ഓമനക്കുട്ടനെതിരായ നടപടിയെടുത്ത സംഭവത്തില്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരായ കേസ് പിന്‍വലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. വേണു ഖേദം പ്രകടിപ്പിച്ചത്.
ഇതിനു പിന്നാലെ ഓമനക്കുട്ടനെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെട്ടെന്നും ഇതിനാലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്നുമാണ് സി.പി.ഐ.എം വിശദീകരണം.