Kerala Politics
ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, മാധ്യമങ്ങളെ കാണും; ശ്രീധരന്‍പിള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശോഭാ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 11, 11:07 am
Wednesday, 11th November 2020, 4:37 pm

കോഴിക്കോട്: ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ഭിന്നത സംബന്ധിച്ച് പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും വരുംദിവസങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ശോഭ പറഞ്ഞു.

മിസോറാം ഗവര്‍ണറും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കോഴിക്കോട്ട് നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു.

അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന് അഭിപ്രായഭിന്നതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസും സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു.

കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.

തര്‍ക്കം ഈ രീതിയില്‍ പോകുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍.എസ്.എസ് ഓര്‍മ്മിപ്പിച്ചു.

ശോഭാ സുരേന്ദ്രനെയും ആര്‍.എസ്.എസ് നേതൃത്വം വിളിപ്പിച്ചിരുന്നു. പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും മറ്റ് ചില നേതാക്കളുമായി ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചകളും സംബന്ധിച്ചുള്ള വിശദീകരണവും ശോഭയോട് ആര്‍.എസ്.എസ് ആരാഞ്ഞിരുന്നു.

എന്നാല്‍ തന്റെത് പതിവ് സന്ദര്‍ശനമാണെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കേണ്ട സ്ഥലമല്ല ആര്‍.എസ്.എസ് കാര്യാലയമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എം വേലായുധന്‍ രംഗത്തെത്തിയിരുന്നു. സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sobha Surendran BJP PS Sreedharan Pillai