മോസ്‌കോ: അമേരിക്കയുടെ വിവര മോഷണ പദ്ധതി പ്രിസത്തെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത് കാരണം റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന “വിസില്‍ ബ്ലോവര്‍” എഡ്വേര്‍ഡ് സ്‌നോഡന്‍ അമേരിക്കയിലേക്ക് തിരിച്ച് പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ന്യായമായ വിചാരണ അമേരിക്ക അദ്ദേഹത്തിന് അനുവദിക്കുകയാണെങ്കില്‍ അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങി പോവാന്‍ തയ്യാറാണെന്ന് റഷ്യയിലെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
സ്‌നോഡന്റെ തിരിച്ച് പോക്കുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തി വരികയാണെന്നും റഷ്യയില്‍ വളരെ ഏകാന്തമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നതെന്നും സ്‌നോഡന്റെ അഭിഭാഷക പറഞ്ഞു. സ്‌നോഡന് വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ് മാത്രമാണ് നിലവില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ റഷ്യയില്‍ മൂന്ന് വര്‍ഷത്തെ താമസ കാലാവധി ലഭിച്ചിട്ടുള്ള സ്‌നോഡന് വിദേശ രാജ്യങ്ങളിലടക്കം സഞ്ചരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ റഷ്യ വിടുന്ന പക്ഷം അദ്ദേഹത്തെ അമേരിക്ക അറസ്റ്റ് ചെയ്യുമെന്ന ഭയമാണ് അലട്ടുന്നത്.
നേരത്തെ 2013ലായിരുന്നു സ്‌നോഡന്‍ റഷ്യയില്‍ ആഭയം തേടിയിരുന്നത്. മോസ്‌കോവില്‍ വിമാന താവളത്തില്‍ കഴിഞ്ഞിരുന്ന സ്‌നോഡന് റഷ്യയില്‍ താമസിക്കുന്നതിനുള്ള രേഖകള്‍ ലഭിച്ചതോടെയാണ് റഷ്യയിലേക്ക് പ്രവേശിച്ചിരുന്നത്.
21 ഓളം രാജ്യങ്ങളോട് അദ്ദേഹം രാഷ്ട്രീയ അഭയം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്‌നോഡന്റെ ആവശ്യത്തെ പിന്തള്ളുകയായിരുന്നു.സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാമെന്ന് നിക്കാര്വഗയും വെനേസ്വലയുമടങ്ങുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു.