സാഗര്‍ ഏലിയാസ് ജാക്കി പോലെ തല്ലിക്കൂട്ടിയെടുത്ത മമ്മൂട്ടി ചിത്രം; അവര്‍ക്ക് വേണ്ടി ഞാന്‍ സഹകരിച്ചു: എസ്.എന്‍. സ്വാമി
Entertainment
സാഗര്‍ ഏലിയാസ് ജാക്കി പോലെ തല്ലിക്കൂട്ടിയെടുത്ത മമ്മൂട്ടി ചിത്രം; അവര്‍ക്ക് വേണ്ടി ഞാന്‍ സഹകരിച്ചു: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th July 2024, 9:41 pm

മമ്മൂട്ടി നായകനായ മികച്ച സിനിമകളാണ് 1991ല്‍ പുറത്തിറങ്ങിയ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും 1984ല്‍ എത്തിയ അതിരാത്രവും. ഈ ചിത്രങ്ങളുടെ ക്രോസ് ഓവറായി 2006ല്‍ എത്തിയ സിനിമയാണ് ബല്‍റാം വേഴ്‌സസ് താരാദാസ്. പോലീസ് ഓഫീസറായ ബല്‍റാമായും അധോലോക നായകന്‍ താരാദാസായും ഇരട്ട വേഷത്തിലാണ് ഈ സിനിമയില്‍ മമ്മൂട്ടി എത്തിയത്.

ടി. ദാമോദരനും എസ്.എന്‍. സ്വാമിയും ചേര്‍ന്ന് തിരക്കഥയെഴുതി ഐ.വി. ശശിയായിരുന്നു ബല്‍റാം വേഴ്‌സസ് താരാദാസ് സംവിധാനം ചെയ്തത്. മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, മുകേഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ ഒന്നിച്ചിരുന്നു. ബോളിവുഡ് നടി കത്രീന കൈഫിന്റെ ഒരേയൊരു മലയാള ചിത്രമാണിത്.

ഇപ്പോള്‍ ബല്‍റാം വേഴ്‌സസ് താരാദാസിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമി. മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി പോലെ തല്ലിക്കൂട്ടിയ ഒരു സിനിമയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. ടി. ദാമോദരനും മമ്മൂട്ടിയും പറഞ്ഞിട്ടാണ് ഇതിന് സഹകരിച്ചതെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാഗര്‍ ഏലിയാസ് ജാക്കി പോലെ തല്ലിക്കൂട്ടിയ ഒരു സിനിമയാണ് ഇത്. അന്ന് മാഷും മമ്മൂട്ടിയും പറഞ്ഞിട്ടാണ് ഞാന്‍ അതിന് സഹകരിച്ചത്. അതില്‍ അഭിനയിക്കുന്നത് ഒരാളാണല്ലോ, അതുകൊണ്ട് കുഴപ്പം ഉണ്ടായിരുന്നില്ല. ഞാനും മാഷുമായി നല്ല ബന്ധമാണ്. അതുകാരണം വളരെ ഫ്രങ്കായിട്ട് കഥയെ പറ്റി ഡിസ്‌ക്കസ് ചെയ്യാന്‍ പറ്റിയിരുന്നു.

ആ സിനിമയുടെ കഥ എഴുതുമ്പോള്‍ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. കാരണം ഞാനും മാഷുമായി ഈഗോയുടെ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എന്ത് പറഞ്ഞാലും അദ്ദേഹം മനസിലാക്കും, അദ്ദേഹം പറഞ്ഞാല്‍ ഞാനും മനസിലാക്കുമായിരുന്നു. അതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Balram vs Tharadas Movie