മേലങ്കിക്കാരി കോലെക്കേറി എന്ന് പറഞ്ഞ് അര്‍ഹതപ്പെട്ടതുപോലും എനിക്ക് ലഭിച്ചില്ല: സ്മിനു സിജോ
Entertainment
മേലങ്കിക്കാരി കോലെക്കേറി എന്ന് പറഞ്ഞ് അര്‍ഹതപ്പെട്ടതുപോലും എനിക്ക് ലഭിച്ചില്ല: സ്മിനു സിജോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 1:36 pm

തന്റേതായ തനത് ശൈലികൊണ്ട് മലയാളസിനിമയില്‍ സ്വീകാര്യതനേടിയ നടിയാണ് സ്മിനു സിജോ. നാല്പതാം വയസ്സില്‍ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് സ്മിനു അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ വ്യത്യസ്ത വേഷങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു.

സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സ്മിനു സിജോ. താന്‍ പഠിച്ചത് കന്യാസ്ത്രീ മഠത്തിലാണെന്നും അവിടെ തനിക്ക് നേരിട്ട അവഗണനയെ കുറിച്ചുമാണ് നടി തുറന്ന് പറയുന്നത്. സ്‌പോര്‍ട്ട്‌സില്‍ താത്പര്യമുള്ള കുട്ടി ആയതുകൊണ്ടുതന്നെ അര്‍ഹതപ്പെട്ട മാര്‍ക്കുപോലും തനിക്ക് ലഭിക്കാറില്ലെന്നും പള്ളിയില്‍ പോകുന്നവര്‍ക്ക് അര്‍ഹത ഇല്ലാത്ത മാര്‍ക്ക് പോലും കൊടുക്കാറുണ്ടെന്നും സ്മിനു പറയുന്നു.

മേലങ്കിക്കാരി കോലെക്കേറി എന്ന് പറഞ്ഞ് മാര്‍ക്ക് തരാതിരുന്നിട്ടുണ്ടെന്നും അത് താന്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. നിനക്കൊക്കെ ഇത്രമതി പഠിക്കുന്നതില്‍ ശ്രദ്ധിക്കെന്നാണ് അവര്‍ അപ്പോള്‍ മറുപടി നല്‍കാറുള്ളതെന്നും സ്മിനു പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഞാന്‍ പഠിച്ചത് കന്യാസ്ത്രീ മഠത്തിലാണ്. സ്‌പോര്‍ട്ട്‌സുകാരി ആയതിന്റെ പേരില്‍ ഞാന്‍ പഠിച്ച് എഴുതിയതിന് പോലും മേലങ്കിക്കാരി കോലെക്കേറി എന്ന് പറഞ്ഞ് മാര്‍ക്ക് തരാതെ ഇരുന്നിട്ടുണ്ട്. പള്ളിയില്‍ പോകുന്നവര്‍ക്ക് ഒന്നും പഠിക്കാതെ ഇരുന്നാലും ഫുള്‍ മാര്‍ക്കും എനിക്ക് ഒന്നും തരാതെയും ഇരിക്കും.

രണ്ട് മാര്‍ക്കിന്റെ ഉത്തരം എഴുതിയാല്‍ എനിക്ക് ഇടക്ക് ഒന്നും തരാതെയും അല്ലെങ്കില്‍ അര മാര്‍ക്കൊക്കെ തരികയെ ഉള്ളു. മറ്റുള്ളവര്‍ക്ക് മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നത് കണ്ടിട്ടുമുണ്ട്. ഞാന്‍ ചോദ്യം ചോദിച്ചിട്ടുണ്ട്, ചോദ്യം ചെയ്തിട്ടുണ്ട്. ഞാന്‍ മുഴുവന്‍ എഴുതിയെട്ടെന്താ മാര്‍ക്ക് തരാത്തതെന്ന് ചോദിച്ചാല്‍ നിനക്ക് ഇതൊക്കെ മതി പഠിക്കാന്‍ കുറച്ച് കൂടെ ശ്രദ്ധിക്ക് എന്ന് പറയും. വല്ലാത്തൊരു അവസ്ഥയിലൂടെ ജീവിക്കേണ്ടി വന്ന കാലഘട്ടമായിരുന്നു അത്,’ സ്മിനു സിജോ പറയുന്നു.

Content Highlight: Sminu Sijo Talks About Inequality She Faced During School Days