കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ രൂപമായ എന്‍.ഡി.എഫിന്റെ അപകടം യു.ഡി.എഫിനെ ബോധ്യപ്പെടുത്തിയത് എസ്.കെ.എസ്.എസ്.എഫ്. ആയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാര വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പല സ്ഥലങ്ങളിലും എന്‍.ഡി.എഫ്. ഇരുട്ടില്‍ യോഗം ചേര്‍ന്നിരുന്ന കാര്യം സംഘടനയിലെ ചിലര്‍ക്ക് വിവരം ലഭിച്ചു. അവരത് തിരിച്ചറിഞ്ഞ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് ക്യാമ്പയിന്‍ പ്രഖ്യാപിക്കുകയും സമുദായ നേതൃത്വത്തെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇ.കെ. ഉസ്താദടക്കമുള്ള സമസ്ത നേതാക്കളോടും അന്ന് അധികാരത്തിലുണ്ടായിരുന്ന ലീഗ് നേതൃത്വത്തോടും ഞങ്ങള്‍ കാര്യം ശ്രദ്ധയില്‍പ്പെടുത്തി,’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കൊരമ്പയില്‍ അഹമ്മദാജിയായിരുന്നു അന്ന് ലീഗ് ജനറല്‍ സെക്രട്ടറി. കോണ്‍ഗ്രസ് നേതാക്കളായ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവരോടും തങ്ങള്‍ ഇക്കാര്യം ഉണര്‍ത്തി. അവരെല്ലാം അതിന്റെ ഭവിഷത്ത് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കൊരമ്പയില്‍ അഹമ്മദാജി ഇക്കാര്യത്തിലെടുത്ത നിലപാട് ഏറെ നിര്‍ണായകമായിരുന്നു. യു.ഡി.എഫ്. നേതാക്കളെല്ലാം എസ്.കെ.എസ്.എസ്.എഫ്. നടത്തിയ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. ഇതിലൂടെ സമുദായത്തിനും സമൂഹത്തിനും മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കൊരമ്പയില്‍ അഹമ്മദാജി കാര്യം യൂത്ത് ലീഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് തീവ്രവാദത്തിനെതിരെ ക്യാമ്പയിന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പില്‍ക്കാലത്ത് താനും കെ.എം. ഷാജിയും യൂത്ത് ലീഗിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇതിന് തുടര്‍ച്ചയായി പല കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.