ആറ് വർഷങ്ങൾക്ക് ശേഷം...വീണ്ടും അത് സംഭവിച്ചു; കത്തിക്കയറി ഇന്ത്യൻ താരങ്ങൾ
Cricket
ആറ് വർഷങ്ങൾക്ക് ശേഷം...വീണ്ടും അത് സംഭവിച്ചു; കത്തിക്കയറി ഇന്ത്യൻ താരങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 5:18 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്രന്‍ ജഡേജയും യശ്വസി ജെയ്സ്വാളും സെഞ്ച്വറി നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വസ്തുതകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ സെഞ്ച്വറി നേടുന്നത്.

ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ സെഞ്ച്വറി നേടിയത് 2018ല്‍ ആയിരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലി, പ്രിത്വി ഷാ, ജഡേജ എന്നിവരാണ് ഇന്ത്യക്കായി സെഞ്ച്വറി നേടിയത്.

154 പന്തില്‍ 134 റണ്‍സ് നേടിയായിരുന്നു പ്രിത്വി ഷായുടെ മികച്ച പ്രകടനം. 19 ഫോറുകളാണ് ഇന്ത്യന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ആ മത്സരത്തില്‍ കോഹ്‌ലിയുടെതായിരുന്നു മറ്റൊരു സെഞ്ച്വറി. 230 പന്തില്‍ 139 റണ്‍സായിരുന്നു വിരാട് നേടിയത്. പത്ത് ഫോറുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്.

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു സെഞ്ച്വറി നേടിയ മറ്റൊരു താരം. 132 പന്തില്‍ പുറത്താവാതെ 100 റണ്‍സ് ആയിരുന്നു ജഡേജ നേടിയത്. അഞ്ച് ഫോറുകളും സിക്‌സുകളുമാണ് ജഡേജയുടെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

അതേസമയം മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, യശ്വസി ജെയ്സ്വാള്‍ എന്നിവരാണ് സെഞ്ച്വറി നേടിയത്.

196 പന്തില്‍ 131 റണ്‍സ് നേടി കൊണ്ടായിരുന്നു രോഹിത് ശര്‍മയുടെ മികച്ച പ്രകടനം. 14 ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

225 പന്തില്‍ 112 റണ്‍സ് നേടിയായിരുന്നു ജഡേജയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഒമ്പത് ഫോറുകളും രണ്ട് സിക്സും ആണ് ജഡേജ നേടിയത്.

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ യുവ താരം യശ്വസി ജെയ്സ്വാള്‍ 133 പന്തില്‍ 104 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും അഞ്ച് സിക്സും ആണ് ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: six years ago 3 Indians scored a hundred in a test match