താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് നല്‍കും: വി.എസ് ശിവകുമാര്‍
Daily News
താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് നല്‍കും: വി.എസ് ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th November 2014, 10:42 am

sivakumar
തിരുവനന്തപുരം: പക്ഷിപ്പനി ബാധിത മേഖലയിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ചത്തതാറാവുകള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ അതത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പക്ഷിപ്പനി നേരിടാന്‍ കേരളം കേന്ദ്ര സഹായം തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ പഠിക്കാനെയെത്തിയ മൂന്നംഗ സംഘം പ്രദേശം സന്ദര്‍ശിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചത്തതാറാവുകളെ നശിപ്പിക്കുന്നതിനായി പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. 5 അംഗങ്ങളുള്ള 44 ഓളം ടീമിനെയാണ് താറാവുകളെ നശിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

രോഗബാധിത താറാവുകളെ കണ്ടെത്തുന്നതിനും രോഗ വ്യാപനം തടയുന്നതിനുമായി പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ 50ഉം പത്തനംതിട്ടയില്‍ 10ഉം, കോട്ടയത്ത് 15ഉം പേരടങ്ങുന്ന ടീമിനെ ഇന്നയക്കും.  രോഗമുള്ള പക്ഷികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് പതിനായിരം കിറ്റുകള്‍ കൂടി ശേഖരിച്ചു. 20,000 പ്രതിരോധ കിറ്റുകളാണ് ഇപ്പോഴുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതിരോധ കിറ്റുകള്‍ എത്തിക്കും. മൂന്നുലക്ഷത്തോളം കരുതല്‍ ഗുളികകള്‍ സംഭരിച്ചിട്ടുണ്ട്‌. അവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യരില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആരോഗ്യരംഗത്തുള്ളവരും ആശാവര്‍ക്കര്‍മാരുമുള്‍പ്പെടെ 11000 ത്തിലേറെപ്പേരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല.

രോഗലക്ഷണങ്ങളുണ്ടെന്നു സംശയം തോന്നുന്നവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. മനുഷ്യരിലേക്ക് പടരാതിരിക്കാനുള്ള കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പക്ഷിപ്പനി ബാധിച്ച മേഖലയിലെ താറാവുകളെ കൊല്ലുന്നത് തുടരും. 11882 താറാവുകളെയാണ് ഇതുവരെ കൊന്നത്. അതേസമയം രോഗബാധയുണ്ടെന്ന് സംശയിച്ച കാലടിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ താറാവുകളില്‍ നടത്തിയ പരിശോധന നെഗറ്റീവാണെന്നും അദ്ദേഹം അറിയിച്ചു.

പക്ഷിപ്പനി നേരിടുന്നതിനായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.