Entertainment
എട്ടാം തവണയും അനിരുദ്ധിനോടൊപ്പം ശിവകാര്‍ത്തികേയന്‍, പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 15, 09:52 am
Thursday, 15th February 2024, 3:22 pm

തമിഴിലെ മുന്‍നിര താരങ്ങളുടെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തയാളാണ് എ.ആര്‍. മുരുഗദോസ്. 2001ല്‍ അജിത്കുമാര്‍ നായകനായ ദീന എന്ന സിനിമയിലൂടെയാണ് മുരുഗദോസ് സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് ചെയ്ത സിനിമകളെല്ലാം ഹിറ്റാവുകയും ഇന്ന് തമിഴിലെ മുന്‍നിരയില്‍ നില്‍ക്കുന്ന നടന്മാരുടെ കരിയറിലെ മികച്ച സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

തമിഴില്‍ ഇപ്പോഴത്തെ യുവനടന്മാരില്‍ മുന്നിട്ടു നില്‍ക്കുന്ന ശിവകാര്‍ത്തികേയനോടൊപ്പമാണ് മുരുഗദോസിന്റെ അടുത്ത ചിത്രം. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ദര്‍ബാര്‍ എന്ന രജിനി ചിത്രത്തിന് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിയാണിത്. ശിവകാര്‍ത്തികേയന്റെ 23ാമത് ചിത്രം കൂടിയാണിത്. ശിവകാര്‍ത്തികേയന്‍ ഇതുവരെ ചെയ്യാത്ത ആക്ഷന്‍ ഴോണറിലുള്ള സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സപ്ത സാഗരാദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ പ്രശസ്തയായ രുക്മിണി വസന്താണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ഇത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ അനിരുദ്ധാണ് സിനിമയുടെ സംഗീതം. എട്ടാം തവണയാണ് ശിവയുടെ സിനിമയില്‍ അനിരുദ്ധ് സംഗീതം ചെയ്യുന്നത്. ഇരുവരും ഇതിനു മുമ്പ് ഒന്നിച്ച സിനിമകളിലെ ഗാനങ്ങളെല്ലാം ചാര്‍ട്ട്ബസ്റ്റേഴ്‌സ് ആയിരുന്നു. എതിര്‍ നീച്ചല്‍, മാന്‍ കരാട്ടെ, കാക്കി സട്ടൈ, വേലൈക്കാരന്‍, ഡോക്ടര്‍, ഡോണ്‍, റെമോ എന്നീ സിനിമകളിലാണ് ഈ കോമ്പോ ഇതിനുമുമ്പ് ഒന്നിച്ചത്.

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി താരം നടത്തിയ വര്‍ക്കൗട്ടിന്റെ വീഡിയോ വൈറലായിരുന്നു. രണ്ട് സിനിമകളുടെയും കൂടുതല്‍ അപ്‌ഡേറ്റ് താരത്തിന്റെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 17ന് റിലീസാകും.

Content Highlight: Sivakarthikeyan 23rd movie with A R Murugadoss