ഒറ്റ ദിവസംകൊണ്ട് 70000 ത്തിനടുത്ത് കൊവിഡ് രോഗികള്‍; ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം
India
ഒറ്റ ദിവസംകൊണ്ട് 70000 ത്തിനടുത്ത് കൊവിഡ് രോഗികള്‍; ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th August 2020, 10:21 am

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 977 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു. 28,36,925 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 53,866 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 13165 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയാണ് ഇത്. ഏഴ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായ ദിവസം കൂടിയാണ് ഇന്നലെ. ആഗസ്റ്റ് എട്ടിന് 12,822 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. അതാണ് ഇന്നലെ മറികടന്നത്.

6,86,395 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്.20,96,664. പേര്‍ രോഗമുക്തരായി. 73.8 ശതമാനമാണ് രോഗമുക്തി നിരക്ക്.
കൊവിഡ് വ്യാപനം രാജ്യത്ത് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാന മഹാരാഷ്ട്രയാണ്.

ആഗസ്റ്റ് മാസത്തില്‍ മാത്രം 2.07 ലക്ഷം ആളുകള്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 19331 കേസുകളും മുംബെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

മരണനിരക്കിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ കര്‍ണാടകയാണ് ഉള്ളത്. ഇന്നലെ മാത്രം 126 പേരാണ് കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെ കേരളത്തിലും ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2233 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം 2000 കടക്കുന്നത്.

യു.പിയില്‍ 5156 പേര്‍ക്കും ജാര്‍ഖണ്ഡില്‍ 1266 പേര്‍ക്കും പഞ്ചാബില്‍ 1693 പേര്‍ക്കും ഹരിയാനയില്‍ 994 പേര്‍ക്കും ചത്തീസ്ഗഡില്‍ 759 പേര്‍ക്കും ജമ്മുകശ്മീരില്‍ 708 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight; Record 70k+ new cases in a day, 13k just in Maharashtra