ദീപാവലിക്ക് രജിനികാന്തിനെ നേരിടാന്‍ ബോളിവുഡിന്റെ ട്വന്റി 20യുമായി രോഹിത് ഷെട്ടി
Film News
ദീപാവലിക്ക് രജിനികാന്തിനെ നേരിടാന്‍ ബോളിവുഡിന്റെ ട്വന്റി 20യുമായി രോഹിത് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th June 2024, 11:37 am

ബോളിവുഡ് സിനിമാപ്രമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിങ്കം എഗൈന്‍. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സില്‍ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് സിങ്കം എഗൈന്‍. സൂര്യയുടെ ഹിറ്റ് ചിത്രമായ സിങ്കത്തിന്റെ റീമേക്കായി 2011ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു സിങ്കം. അജയ് ദേവ്ഗണിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായി മാറി.

പിന്നീട് 2014ല്‍ സിങ്കം റിട്ടേണ്‍സ്, 2018ല്‍ സിംബ എന്നീ സിനിമകളിലൂടെയാണ് കോപ് യൂണിവേഴ്‌സ് ഉടലെടുത്തത്. രണ്‍വീര്‍ സിങ്ങായിരുന്നു സിംബയിലെ നായകന്‍. അജയ് ദേവ്ഗണും, അക്ഷയ് കുമാറും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2021ല്‍ പുറത്തിറങ്ങിയ സൂര്യവംശിയാണ് കോപ് യൂണിവേഴ്‌സിലെ അവസാന ചിത്രം.

അജയ് ദേവ്ഗണിന്റെ ഭാജിറാവു സിങ്കവും, രണ്‍വീര്‍ സിങ്ങിന്റെ സിംബയും, അക്ഷയ് കുമാറിന്റെ സൂര്യവംശിയും സിങ്കം എഗൈനില്‍ ഉണ്ടാകുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. എന്നാല്‍ ഈ യൂണിവേഴ്‌സിലെ പുതിയ കഥാപാത്രങ്ങളെയും സിങ്കം എഗൈനിലൂടെ പരിചയപ്പെടുത്തുമെന്നാണ് ഇപ്പോള്‍ ലഭിച്ച വിവരം. ദീപിക പദുകാണ്‍, കരീന കപൂര്‍, ജാക്കി ഷ്‌റോഫ്, ടൈഗര്‍ ഷ്‌റോഫ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

അര്‍ജുന്‍ കപൂറാണ് ചിത്രത്തിലെ വില്ലന്‍. നേരത്തെ ഓഗസ്റ്റ് 15ന് ചിത്രം റിലീസാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 അതേ ദിവസം റിലീസാകുന്നതിനാല്‍ സിങ്കം റിലീസ് ഡേറ്റ് മാറ്റുകയുണ്ടായി. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

രജിനികാന്തും ജയ് ഭീമിന്റെ സംവിധയകന്‍ ടി.ജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടയ്യനും ദീപാവലിക്ക് റിലീസാകുന്നുണ്ട്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് വേട്ടയ്യനിലുള്ളത്. രണ്ട് ഇന്‍ഡസ്ട്രികളിലെ മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ തമ്മിലുള്ള ക്ലാഷിനാണ് ഈ ദീപാവലിക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Content Highlight: Singham Again release date announced