Entertainment news
ഐറ്റം സോങ്ങ് പാടിയതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചിട്ടില്ല, മോഹമുന്തിരി പാടിയതിനെ കുറിച്ച് സിത്താര കൃഷ്ണകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 28, 06:14 am
Saturday, 28th May 2022, 11:44 am

സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയുന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താര ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഗായിക എന്ന നിലയിൽ ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് സിത്താര. വ്യത്യസ്ത രീതിയിലുള്ള ഗാനങ്ങൾ അവതരിപ്പിക്കാൻ സിത്താരക്ക് പ്രത്യേക കഴിവുണ്ട്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഐറ്റം സോങ്ങ് പാടിയതിനെ കുറിച്ച് സംസാരിക്കുകയാണ് സിത്താര.

‘സിത്താര പാടിയ മധുര രാജ സിനിമയിലെ മോഹമുന്തിരി എന്ന ഗാനം ഏറെ ആഘോഷിക്കപെട്ടിരുന്നു. എന്നാൽ അതൊരു ഐറ്റം സോങ്ങ് ആയിരുന്നു. ഐറ്റം സോങ്ങ്, ഐറ്റം ഡാൻസ് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. പൊളിറ്റിക്കലായി സംസാരിക്കുന്ന സിത്താര അങ്ങനെയൊരു ഗാനം പാടാനുള്ള സാഹചര്യം എന്തായിരുന്നു’ എന്നാണ് അവതാരിക ചോദിച്ച ചോദ്യം.

‘സിനിമ എന്നൊരു ആർട് ഫോം എടുക്കുന്ന സമയത്ത് എന്റേതായിട്ടുള്ള അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്റെ വർക്കിലാണ്. എന്റെ വർക്കിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം എനിക്കുണ്ട്. ഇത്തരം പാട്ടുകൾ പാടാതിരിക്കാനും തിരഞ്ഞെടുക്കാതിരിക്കാനുമുള്ള തീരുമാനമെടുക്കാം എന്നുള്ളത് ശരിയാണ്. അത്ര ഗൗരവത്തോടെ ഞാൻ ഇതിനെ കുറിച്ച് ആലോചിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. ഒരു സിനിമയുടെ കഥാഗതിയെ സ്വാധീനിക്കുന്ന, ആ സിനിമക്ക് ആ പാട്ട് ആവശ്യമാണെന്ന് സിനിമയുണ്ടാക്കിയ ആളുകൾ തീരുമാനിച്ച ഒരു സാഹചര്യമാണത്. അതിനകത്തു എനിക്ക് പാട്ടുപാടാൻ കിട്ടിയ ഒരു അവസരമായാണ് ഞാൻ അതിനെ കാണുന്നത്. ഒരു വോക്കൽ ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് പരീക്ഷണം നടത്താൻ കിട്ടിയ അവസരം മാത്രമായേ ഞാൻ അതിനെ കണ്ടിട്ടുളളൂ. ഇപ്പോൾ ഈ ചോദ്യം കേൾക്കുമ്പോൾ മാത്രമാണ് ഇതിനു പുറകിൽ ഇത്രക്കും ഗൗരവമായ ലയേഴ്‌സ് ഉണ്ടോ എന്ന് ഞാൻ ആലോചിക്കുന്നത്. ആ പാട്ട് പാടിയത് കൊണ്ടോ അങ്ങനെ ഒരു പാട്ട് ചിത്രീകരിച്ചതുകൊണ്ടോ എന്തെങ്കിലും പ്രശ്നമുള്ളതായിട്ട് എന്റെ അറിവിൽ സംഭവിച്ചിട്ടില്ല. ചിലപ്പോൾ സംഭവിച്ചിട്ടുണ്ടാകും. സിനിമ എന്ന് പറയുന്നത് ഒരുപാട് പേരെ ഒരേ സമയം സ്വാധീനിക്കാൻ കഴിയുന്ന മീഡിയമാണ്. സിനിമയിലൂടെ കൊടുക്കുന്ന നെഗറ്റീവായ സന്ദേശങ്ങൾ ചിലപ്പോൾ പ്രേക്ഷകരെ സ്വാധീനിക്കുണ്ടാകും. ഈ പാട്ട് പാടിയതിനു ശേഷം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ല.’ എന്നാണു സിത്താര ചോദ്യത്തിനു നൽകിയ മറുപടി.

ഈ വർഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചത് സിത്താരക്കാണ്. മനു അശോകന്‍ സംവിധാനം ചെയ്ത കാണെ കാണെ എന്ന സിനിമയിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന പാട്ടിനാണ് പുരസ്കാരം. മൂന്നാമത്തെ സ്റ്റേറ്റ് അവാർഡ് ആണ് ഗായികയ്ക്ക് ലഭിക്കുന്നത്.

Content Highlight: Singer Sithara Krishnakumar talking about item song in madhuraraja