പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലെപിന്. ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം പൊരുതികയറിയാണ് ഹാലെപ് കിരീടം സ്വന്തമാക്കിയത്. യു.എസ് ഓപ്പണ്‍ ചാംപ്യനായ സ്ലോവന്‍ സ്റ്റീഫന്‍സിനെയാണ് ഹാലെപ് ഫൈനലില്‍ തോല്‍പ്പിച്ചത്.
ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും തന്റെ അവസാനത്തെ മൂന്ന് പ്രമുഖ ഫൈനല്‍ മത്സരങ്ങളും ഹാലെപ് തോറ്റിരുന്നു. ഇത്തവണയും ആദ്യ സെറ്റ് തോറ്റ ഹാലെപ് പരാജയം മണത്തെങ്കിലും കടുത്ത പോരാട്ടത്തിലൂടെ അവസാന രണ്ട് സെറ്റുകളും പിടിച്ചെടുക്കുകയായിരുന്നു. 3-6, 6-4, 6-1 എന്നീ സെറ്റുകള്‍ക്കാണ് ഹാലെപ് ജയിച്ചത്. അവസാന സെറ്റില്‍ താരം പൂര്‍ണ്ണമായ ആധിപത്യം പുലര്‍ത്തി.
ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടാന്‍ ഈ റൊമാനിയന്‍ താരത്തിന് സാധിച്ചിരുന്നില്ല. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും 2014ല്‍ ജെലേന ഒസ്റ്റപെങ്കോയോടും 2017 ല്‍ മരിയ ഷറപ്പോവയോടും താരം പരാജയപ്പെടുകയായിരുന്നു.
ഞാന്‍ കളി ആരംഭിച്ച അന്ന് മുതല്‍ കാത്തിരിക്കുന്ന നിമിഷം ഒടുവില്‍ വന്നെത്തി എന്നാണ് താരം മത്സരത്തിന് ശേഷം മാധ്യമങ്ങളോട്
പ്രതികരിച്ചു.