ഫിഫ ലോകകപ്പ് 2022 ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ രൂക്ഷ പരാമർശവുമായി ഫുട്‌ബോൾ പണ്ഡിറ്റും മുൻ ക്രിസ്റ്റൽ പാലസ് ചെയർമാനുമായ സൈമൺ ജോർദാൻ. അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് കളിയിൽ വഞ്ചന നടത്തിയാണ് ജയം നേടിയതെന്നാണ് ജോർദാന്റെ ആരോപണം.
ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിൽ എമിലിയാനോ മാർട്ടിനെസ് ആയിരുന്നു തിളങ്ങിയത്. കിങ്സ്ലി കോമാന്റെ ഷോട്ട് തടുത്തിട്ടതോടെ അർജന്റീന ഷൂട്ടൗട്ടിൽ ആധിപത്യം നേടുകയായിരുന്നു.
Still thinking about 𝑻𝑯𝑨𝑻 120+3′ save from Emiliano Martinez 🧤
എന്നാൽ ചൗമേനിയുടെ സ്‌പോട്ട് കിക്കിന് മുമ്പ്, താരത്തിന്റെ ഏകാഗ്രതയെ തടസപ്പെടുത്താനുള്ള ശ്രമം മാർട്ടിനെസിന്റെ ഭാഗത്തുനിന്നുണ്ടായെന്നും മാർട്ടിനെസ് പന്ത് ദൂരേക്കെറിഞ്ഞത് വഞ്ചനയാണെന്നുമാണ് ജോർദാന്റെ ആരോപണം.
പന്ത് പിടിച്ച് മറ്റൊരു വഴിക്ക് എറിയുന്നത് ഗെയിംസ്മാൻഷിപ്പാണെന്ന് താൻ കരുതുന്നില്ലെന്നും ഇത് ഗെയിമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കിയ മാർട്ടിനെസ്, പുരസ്കാര വേദിയിൽ അശ്ലീല ആംഗ്യം കാണിച്ചതിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. താരത്തെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നത്.
താൻ മനഃപൂർവം ചെയ്തതാണെന്നും ഫ്രഞ്ചുകാർ തന്നെ കളിയാക്കിയതിന് അവർക്കുള്ള മറുപടിയായിരുന്നെന്നുമാണ് വിഷയത്തിൽ മാർട്ടിനെസ് പ്രതികരിച്ചത്.