തൃശ്ശൂര്‍: കല്ല്യാണ്‍ സാരീസിന്റെ തൊഴിലാളി വിരുദ്ധമായ നടപടികള്‍ക്കെതിരെ വനിതാ ജീവനക്കാര്‍ നടത്തുന്ന ഇരിക്കല്‍ സമരം വിജയിക്കേണ്ടതുണ്ടെന്ന് മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ. ഇതൊരു ധര്‍മ്മസമരമാണ്. ധര്‍മ്മസമരങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. വളരെ പരിമിതമാണ് തൊഴിലാളികളുടെ ആവശ്യങ്ങളെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് തൃശൂരിലെ സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സമരത്തെ കുറിച്ച് പലര്‍ക്കും ആശങ്കകളുണ്ടാകാം. ഇത്രയും വലിയ മുതലാളിയോട് തളരാത്ത മനസ്സും ശരീരവും മാത്രമുള്ള ഏതാനും സ്ത്രീകള്‍ക്ക് എത്രകാലം സമരം ചെയ്യാനാകുമെന്ന ചോദ്യം സ്വാഭാവികം തന്നെ. സമരം ആരും ആഗ്രഹ പ്രകാരം സൃഷ്ടിക്കുന്നതല്ല. അത് ഉണ്ടാകുന്നതാണ്. ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നവരാണ് സമരം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മര്‍ക്കടമുഷ്ടി അവസാനിപ്പിക്കുകയാണ് കല്ല്യാണ്‍ സ്വാമി ചെയ്യേണ്ടത്. ഏതാനും സഹോദരിമാരുടെ മാത്രം പ്രശ്‌നമല്ല ഈ സമരം ഉന്നയിക്കുന്നതെന്നും കേരളത്തില്‍ വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ മുന്നോടിയാണിത്, അതിനാല്‍ തന്നെ ഈ സമരം ഒരര്‍ത്ഥത്തില്‍ വിജയിച്ചു കഴിഞ്ഞുവെന്നും സൈമണ്‍ ബ്രിട്ടോ പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക് ഒപ്പം കഴിഞ്ഞ ദിവസമായിരുന്നു സൈമണ്‍ ബ്രിട്ടോ തൃശൂര്‍ കല്ല്യാണ്‍ സാരീസിന് മുന്നിലുള്ള സമര വേദിയില്‍ എത്തിയിരുന്നത്. അതേ സമയം സൈമണ്‍ ബ്രിട്ടോയുടെ വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് കല്ല്യാണ്‍ ജീവനക്കാര്‍ നേരിയ തോതില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിയമസഭാ സാമാജികരായ വി.ടി ബല്‍റാം, വി.എസ് സുനില്‍ കുമാര്‍, ഗീത ഗോപി എന്നിവരും വിവിധ സമയങ്ങളിലായി സമരപന്തലില്‍ എത്തിയിരുന്നു.
നിലവില്‍ കല്ല്യാണ്‍ സാരീസിനെതിരെ പിരിച്ച് വിട്ട തൊഴിലാളികളുടെ സമരം സൃഷ്ടിച്ച സമ്മര്‍ദ്ദം കാരണം സ്ഥാപനത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കാനും, മിനിമം വേതനം നല്‍കാനും, ഇരിക്കാന്‍ സീറ്റ് നല്‍കാനും കല്ല്യാണ്‍ ഉടമകള്‍ തയ്യാറായിട്ടുണ്ട്. 50 പേരിലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അംഗീകൃത സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പോലുമില്ലെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 84 ദിവസമായി തുടരുന്ന സമരം ഇപ്പോളും വളരെ ശക്തമായാണ് മുന്നോട്ട് പോകുന്നത്. സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ആരംഭിച്ചിരുന്ന ഉപവാസ സമരം ഇന്നേക്ക് പതിനഞ്ച് ദിവസങ്ങള്‍ പിന്നിടുകയാണ്.
.