ഇന്ത്യന്‍ സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. വിരാട് കോഹ്‌ലി കഠിനാധ്വാനം ചെയ്യുന്നവനാണെന്നും ഒരിക്കലും കുറുക്കുവഴികള്‍ അന്വേഷിക്കാറില്ലെന്നും റെയ്‌ന പറയുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് റെയ്‌ന മുന്‍ ഇന്ത്യന്‍ നായകനെ പ്രശംസിച്ചത്.
‘കോഹ്‌ലി ഒരിക്കലും കുറിക്കുവഴികളില്‍ വിശ്വസിക്കാറില്ല. അവന്‍ കഠിനാധ്വാനത്തില്‍ മാത്രമാണ് ഉറച്ചുവിശ്വസിക്കുന്നത്. അവന്‍ ഏതൊരു വെല്ലുവിളികളും സ്വീകരിക്കാന്‍ സജ്ജനാണ്.
സമ്മര്‍ദം നിറഞ്ഞ ഏതൊരു ഘട്ടത്തിലും കൈകളുയര്‍ത്തി ഞാനതിനെ നേരിടാന്‍ പോകുന്നുവെന്നാണ് അവന്റെ മനോഭാവം. ഇക്കാരണംകൊണ്ടാണ് നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്ന താരമെന്ന് ഞാന്‍ വിരാടിനെ വിളിക്കുന്നത്,’ സുരേഷ് റെയ്‌ന പറഞ്ഞു.
കരിയറിലെ 51ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വിരാട് കോഹ്‌ലി തിളങ്ങുന്നത്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ നൂറ് റണ്‍സാണ് താരം നേടിയത്.
ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നുമായി പല റെക്കോഡ് നേട്ടങ്ങളും വിരാട് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ 14,000 റണ്‍സ് നേടുന്ന മൂന്നാമത് താരം, ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരം, ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ ഇന്ത്യന്‍ താരം തുടങ്ങിയ നേട്ടങ്ങളാണ് വിരാട് തന്റെ പേരില്‍ കുറിച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് വിരാടും ഇന്ത്യയും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്.
ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നത് തന്നെയാണ് ഈ മാച്ചിനെ ഏറെ സ്പെഷ്യലാക്കുന്നത്.
സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചു എന്നതുകൊണ്ട് മാത്രം ഇരു ടീമുകളും ഉഴപ്പാന്‍ സാധ്യതയില്ല. വിജയത്തോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതെത്തുക എന്നത് തന്നെയായിരിക്കും ഇരു ടീമിന്റെയും ലക്ഷ്യം.
ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലും വിരാടിനെ പല റെക്കോഡ് നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്.
ഏകദിനത്തില്‍ 300 മത്സരം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കോഹ്‌ലി നടന്നുകയറാനൊരുങ്ങുന്നത്. ഇതുവരെ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഈ റെക്കോഡില്‍ ഇടം നേടാനായത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
നേരത്തെ പാകിസ്ഥാനെതിരായ മത്സരത്തില്‍ വിരാട് ഈ നേട്ടത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ പരിക്ക് മൂലം കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാനെതിരെ ഈ നേട്ടത്തിലെത്താന്‍ താരത്തിന് സാധിക്കാതെ പോയത്.
ബംഗ്ലാദേശിനെതിരെ 298ാം ഏകദിനവും പാകിസ്ഥാനെതിരെ കരിയറിലെ 299ഏകദിനവും കളിച്ച വിരാട് കിവികള്‍ക്കെതിരെ കളത്തിലിറങ്ങി കരിയറിലെ മറ്റൊരു നേട്ടമാണ് ലക്ഷ്യമിടുന്നത്.
Content Highlight: Suresh Raina praises Virat Kohli